ADVERTISEMENT

കോഴിക്കോട്∙ തദ്ദേശ തിരഞ്ഞെടുപ്പിൽ ഒറ്റക്കെട്ടായ പോരാട്ടത്തിന് രംഗത്തിറങ്ങണമെന്ന ആഹ്വാനത്തോടൊപ്പം വീഴ്ചകൾ തിരിച്ചറിഞ്ഞു പരിഹരിക്കണമെന്ന നിർദേശവും മുന്നോട്ടുവച്ച് കെ.മുരളീധരൻ. ഉമ്മൻ ചാണ്ടിയെ പോലുള്ള മൺമറഞ്ഞ ദേശീയ നേതാക്കളെ അനുസ്മരിക്കുന്ന അവസരത്തിൽ എടുക്കേണ്ട പ്രതിജ്ഞ ഈ പർട്ടിയെ ശക്തിപ്പെടുത്താൻ ഒറ്റക്കെട്ടായി നിലകൊള്ളുമെന്നാണെന്ന ഓർമപ്പെടുത്തലാണെന്ന് കെ.മുരളീധരൻ പറ‍ഞ്ഞു. ഡിസിസി സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി അനുസ്മരണമായിരുന്നു വേദി.   തിരുവനന്തപുരത്ത് ഓടയിൽ തൊഴിലാളി വീണപ്പോൾ കോൺഗ്രസുകാർ സ്ഥലത്തുണ്ടായിരുന്നില്ലെന്ന കാര്യം ചൂണ്ടിക്കാട്ടി എവിടെ പ്രശ്നങ്ങളുണ്ടായാലും ‍ഓടിയെത്തണമെന്ന് അദ്ദേഹം ഓർമിപ്പിച്ചു. ആരാണോ ജനങ്ങളെ സഹായിക്കുന്നത്, അവർക്കാണ് ഇപ്പോൾ വോട്ട്. 

പിണറായി, മോദി വിരുദ്ധ പ്രസംഗങ്ങൾ കൊണ്ടൊന്നും വോട്ടു കിട്ടില്ല. അതിനു പകരം കുടുംബയോഗങ്ങളാണ് ആവശ്യം. തദ്ദേശ തിരഞ്ഞെടുപ്പു പ്രചാരണ പരിപാടിയിലേക്ക് ഇന്നുതന്നെ കടക്കണം. വോട്ടർപ്പട്ടിക പരിശോധന കാര്യക്ഷമമാക്കണം. ഫ്ലാറ്റുകളിലേക്ക് കടന്നുചെല്ലണം. തൃശൂരിൽ ഫ്ലാറ്റുകളിലാണ് 56,000 കള്ളവോട്ടുകളുണ്ടായിരുന്നത്. സിപിഎം സഹയാത്രികരായ ഉദ്യോഗസ്ഥരാണ് ഈ രീതിയിൽ വോട്ടു ചേർക്കാൻ ബിജെപിക്കു കൂട്ടുനിന്നത്. വോട്ടർപ്പട്ടികയിൽ പേരു ചേർക്കുന്നതു മുതൽ ഈ വോട്ടുകൾ ‍രേഖപ്പെടുത്തിയെന്ന് ഉറപ്പാക്കുംവരെ വിശ്രമമില്ലാതെ പ്രവർത്തിക്കണം. താഴെത്തട്ടിൽനിന്നു വരുന്ന പട്ടിക അടിസ്ഥാനമാക്കി സ്ഥാനാർഥികളെ നിശ്ചയിക്കണം. ഡിസിസി പ്രസിഡന്റ് കെ.പ്രവീൺകുമാർ അധ്യക്ഷത വഹിച്ചു. കെ.ജയന്ത്, എൻ.സുബ്രഹ്മണ്യൻ, കെ.സി.അബു, ഐ.മൂസ, പി.എം.അബ്ദുറഹ്മാൻ, കെ.പി.ബാബു, കെ.രാമചന്ദ്രൻ, ആദം മുൽസി, യു.വി.ദിനേശ്മണി, ദിനേശ് പെരുമണ്ണ, എം.രാജൻ തുടങ്ങിയവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com