ADVERTISEMENT

കൊയിലാണ്ടി ∙ കൊല്ലം കുന്ന്യോറ മലയിൽ വീടുകളിൽ വിളളൽ. നന്തി–ചെങ്ങോട്ടുകാവ് ബൈപാസ് റോഡ് കടന്നു പോകുന്ന ഇവിടെ മണ്ണിടിച്ചിൽ തടയാൻ സോയിൽ നെയ്‌ലിങ് നടത്തിയതിനു സമീപത്തുള്ള വീടുകളിലും വീട്ടുപറമ്പിലുമാണ് വിള്ളൽ. 3 വീടുകൾക്കാണ് വിള്ളൽ കണ്ടത്. കുന്ന്യോറമല പ്രമീള, ഗോപാലൻ, ഗോപീഷ് എന്നിവരുടെ വീടുകളിലും ഭൂമിയിലുമാണു വിള്ളലുണ്ടായത്. ബൈപാസ് പ്രവൃത്തി തുടങ്ങിയതിന് പിന്നാലെ കുന്ന്യോറ മലയിൽ മണ്ണിടിച്ചിലുണ്ടായതിനെ തുടർന്ന് ഇവിടെ താമസിക്കുന്നത് അപകടകരമാണെന്ന അധികൃതരുടെ നിർദേശപ്രകാരം വാടക വീട്ടിലേക്കു മാറിയവരാണ് ഇതിൽ 2 കുടുംബങ്ങൾ. പ്രമീള നിലവിൽ വിളളലുണ്ടായ വീട്ടിലാണു താമസിക്കുന്നത്. പ്രമീളയുടെ വീടിന്റെ മുൻ ഭാഗത്തെ ഭൂമിയിലാണ് വിള്ളൽ കണ്ടത്. വീടിന്റെ മുൻ ഭാഗത്തും വിള്ളലുണ്ട്. 

ഗോപാലന്റെ വീടിന്റെ പിൻവശത്ത് ശുചിമുറിയോടു ചേർന്ന ഭാഗത്താണ് വിള്ളലുണ്ടായത്. ഗോപീഷിന്റെ വീടിന്റെ ഹാളിൽ ഉൾഭാഗത്തും പുറത്തുമായി വിള്ളൽ വീണു. പറമ്പിലെ മഴവെള്ളമിറങ്ങിയാൽ ഈ ഭാഗംവരെ മണ്ണിടിച്ചിലുണ്ടാകാനുള്ള സാധ്യതയുണ്ട്.മണ്ണിടിഞ്ഞ ഭാഗത്ത് 11 മീറ്ററോളം ഉള്ളിലേക്ക് ഇരുമ്പ് പൈപ്പുകൾ താഴ്ത്തി ഇതിനുള്ളിലേക്ക് കോൺക്രീറ്റ് മിക്‌സ് കടത്തുകയാണ് കുന്ന്യോറ മലയിൽ നിലവിൽ ചെയ്തത്. ഈ ബലപ്പെടുത്തൽകൊണ്ട് കുന്ന്യോറമലയെ സുരക്ഷിതമാക്കാൻ കഴിയില്ലെന്ന് പ്രദേശവാസികൾ മുൻപു പറഞ്ഞതാണ്. മണ്ണിനുള്ളിലേക്ക് കടത്തിവിട്ട കോൺക്രീറ്റ് മിക്‌സ് ഇവരുടെ കുഴൽ കിണറുകളെ മലിനമാക്കുകയും ചെയ്തു.

ഗോപീഷിന്റെ വീട്ടിലെ കുഴൽ കിണർ മലിനമായി. പിന്നീട് കരാർ കമ്പനി ഇവർക്ക് കുഴൽ കിണർ നിർമിച്ചു നൽകിയെങ്കിലും ഇതിൽ വെള്ളം കിട്ടിയില്ല.ബലപ്പെടുത്തൽ പ്രവൃത്തി നടന്ന ഭാഗത്തിന് എതിർ വശത്തെ മണ്ണ് കഴിഞ്ഞദിവസം വലിയ തോതിൽ ഇടിഞ്ഞിരുന്നു. ഇതും കുന്ന്യോറമല നിവാസികളിൽ ആശങ്ക വർധിപ്പിച്ചിട്ടുണ്ട്.അശാസ്ത്രീയമായ മണ്ണെടുപ്പാണ് കുന്ന്യോറമലയെ മണ്ണിടിച്ചിൽ ഭീഷണിയിലാക്കിയിരിക്കുന്നത്. നിലവിൽ അപകടാവസ്ഥയിലായ വീടുകളുൾപ്പെടുന്ന ഭൂമി കൂടി ഏറ്റെടുത്ത് സ്ഥലത്തെ തട്ടുകളായി തിരിച്ചാൽ മാത്രമേ മണ്ണിടിച്ചിൽ തടയാനാവൂവെന്നാണ് പ്രദേശവാസികൾ പറയുന്നത്.അർഹമായ നഷ്ടപരിഹാരം നൽകി ഭൂമിയേറ്റെടുക്കണമെന്നാണ് ഇവിടുത്തുകാരുടെ ആവശ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com