ADVERTISEMENT

കോഴിക്കോട് ∙ വീണ്ടും നിപ്പ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച് (ഐസിഎംആർ) സംഘം ഗവ. മെഡിക്കൽ കോളജിലെത്തി അധികൃതരുമായി ചർച്ച നടത്തി. ഇന്നലെ രാവിലെ മെഡിക്കൽ കോളജ് മൈക്രോബയോളജി വിഭാഗത്തിലെത്തി റീജനൽ വൈറസ് റിസർച് ആൻഡ് ഡയഗ്‌നോസ്റ്റിക് ലബോറട്ടറിയുടെ പ്രവർത്തനം വിലയിരുത്തി. ഡോ. റീമ സഹായിയുടെ നേതൃത്വത്തിലാണ് 3 പേരെത്തിയത്. തുടർന്ന് പ്രിൻസിപ്പൽ ഡോ. കെ.ജി.സജീത്ത്കുമാറിന്റെ ചേംബറിൽ ചേർന്ന യോഗത്തിൽ വൈസ് പ്രിൻസിപ്പൽ ഡോ.എ.അരുൺ കുമാർ, സൂപ്രണ്ടുമാരായ ഡോ.എം.പി.ശ്രീജയൻ, ഡോ.അരുൺ പ്രീത്, മൈക്രോബയോളജി വിഭാഗം മേധാവി ഡോ.പി.എം.അനിത, മെഡിസിൻ വിഭാഗം മേധാവി ഡോ. പി.ജയേഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.  ചർച്ചകൾക്കു ശേഷം സംഘം മലപ്പുറത്തേക്കു പോയി.

പിപിഇ കിറ്റ് ധരിച്ച് യൂത്ത് ലീഗ്  കലക്ടറെ ഉപരോധിച്ചു
കോഴിക്കോട്∙ നിപ്പ അടക്കമുള്ള മാരക രോഗങ്ങൾ തുടർച്ചയായി റിപ്പോർട്ട് ചെയ്യുമ്പോഴും മതിയായ സൗകര്യങ്ങൾ ഒരുക്കാത്ത കേന്ദ്ര–സംസ്ഥാന സർക്കാരുകളുടെ അവഗണനയിൽ പ്രതിഷേധിച്ചു യൂത്ത് ലീഗ് പ്രവർത്തകർ പിപിഇ കിറ്റ് ധരിച്ച് കലക്ടറെ ഉപരോധിച്ചു. കോഴിക്കോട് മെഡിക്കൽ കോളജിൽ 2019ൽ പ്രഖ്യാപിച്ച വൈറോളജി ലാബ് ഇതുവരെ യാഥാർഥ്യമായിട്ടില്ല. കൃത്യ സമയത്ത് രോഗനിർണയം നടത്താൻ കഴിയാതെ ഒട്ടേറെ ജീവനുകളാണ് നഷ്ടപ്പെട്ടതെന്നു ചൂണ്ടിക്കാട്ടിയായിരുന്നു ഉപരോധം. സമരത്തിന് യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് മിസ്ഹബ് കീഴരിയൂർ, ജനറൽ സെക്രട്ടറി ടി.മൊയ്തീൻ കോയ, സീനിയർ വൈസ് പ്രസിഡന്റ് സി.ജാഫർ സാദിക്, വൈസ് പ്രസിഡന്റ് ഷഫീക്ക് അരക്കിണരൻ, എംഎസ്എഫ് സംസ്ഥാന സമിതി അംഗം സാബിത്ത് മായനാട് എന്നിവർ നേതൃത്വം നൽകി. നേതാക്കളെ നടക്കാവ് പൊലീസ് അറസ്റ്റ ചെയ്തു നീക്കി.

ഐസിഎംആറിന്റെ ബയോ സേഫ്ടി ലെവൽ 3 ലബോറട്ടറി മെഡിക്കൽ കോളജ് ആശുപത്രിയിലെ സൂപ്പർ സ്‌പെഷ്യാലിറ്റിൽ ഒരുക്കിയ ഷെഡിൽ
ഐസിഎംആറിന്റെ ബയോ സേഫ്ടി ലെവൽ 3 ലബോറട്ടറി മെഡിക്കൽ കോളജ് ആശുപത്രിയിലെ സൂപ്പർ സ്‌പെഷ്യാലിറ്റിൽ ഒരുക്കിയ ഷെഡിൽ

മൊബൈൽ ബിഎസ്എൽ–3ലബോറട്ടറി എത്തി 
ചേവായൂർ∙ നിപ്പ വൈറസ് പരിശോധനഫലം വേഗത്തിൽ ലഭ്യമാക്കാൻ പുണെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുടെ മൊബൈൽ ലാബ് കോഴിക്കോട് മെഡിക്കൽ കോളജിലെത്തി. ഇന്നലെ രാത്രി 8.30ന് ആണ് ബയോ സേഫ്ടി ലെവൽ–3 ലബോറട്ടറി എത്തിയത്.  2022 ലാണ് ഐസിഎംആർ രൂപകൽപന ചെയ്ത മൊബൈൽ ലാബ് പുറത്തിറക്കിയത്. നിപ്പ, സിക്ക, ഏവിയൻ ഫ്ലു, കോവിഡ് രോഗങ്ങളുടെ സ്രവപരിശോധനാഫലം വേഗത്തിലാക്കി പകർച്ചവ്യാധി നിയന്ത്രിക്കാനും ഉദ്ദേശിച്ചാണ് ഐസിഎംആർ 25 കോടി ചെലവിൽ ബിഎസ്എൽ–3 മൊബൈൽ ലാബ് ഒരുക്കിയത്.

മരുതോങ്കരയിലും സമീപപ്രദേശങ്ങളിലും  ജാഗ്രത പുലർത്തി ആരോഗ്യ വകുപ്പ്
കുറ്റ്യാടി∙ സംസ്ഥാനത്ത് വീണ്ടും  നിപ്പ ബാധിച്ചു 14 വയസ്സുകാരൻ മരിച്ച സംഭവത്തോടെ കഴിഞ്ഞ വർഷം നിപ്പ ബാധിച്ച് ഒരാൾ മരിച്ച മരുതോങ്കര പഞ്ചായത്തിലും അടുത്ത പ്രദേശങ്ങളിലും ആരോഗ്യവകുപ്പ് ജാഗ്രതയിൽ. കള്ളാട് സ്വദേശിയായ യുവാവാണ് കഴിഞ്ഞ വർഷം നിപ്പ ബാധിച്ച് മരിച്ചത്. ഇയാളുടെ 9 വയസ്സുള്ള മകൻ രോഗമുക്തനാവുകയും ചെയ്തിരുന്നു. മരുതോങ്കര പഞ്ചായത്തിൽ മഴക്കാലം ആരംഭിക്കും  മുൻപ് ആരോഗ്യവകുപ്പിന്റെയും കൃഷിവകുപ്പിന്റെയും  നേതൃത്വത്തിൽ യോഗം ചേർന്നു നിർദേശങ്ങൾ ഗ്രാമസഭകൾ മുഖേന നൽകിയതായി പ്രസിഡന്റ് കെ.സജിത്ത് അറിയിച്ചു. പഞ്ചായത്തിൽ പുഴയോരങ്ങളിലുള്ള മരങ്ങളിൽ വവ്വാലുകളുടെ സാന്നിധ്യമുണ്ട്. കഴിഞ്ഞ വർഷം വവ്വാലുകളെ പിടികൂടി സ്രവ പരിശോധന നടത്തിയിരുന്നു.  ഈ മേഖലയിൽ ഡെങ്കിപ്പനി ഉൾപ്പെടെ പടരുന്ന സാഹചര്യത്തിൽ ആരോഗ്യവകുപ്പ് വരും ദിവസങ്ങളിൽ ജാഗ്രതാ പ്രവർത്തനങ്ങൾ ഊർജിതമാക്കാനുള്ള നടപടികൾ സ്വീകരിച്ചു വരികയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com