ADVERTISEMENT

കൂരാച്ചുണ്ട് ∙ കഴിഞ്ഞ മാസം 27ന് ഉരുൾപൊട്ടി കൂറ്റൻ പാറ ഉരുണ്ടെത്തിയ ഇല്ലിപ്പിലായി മണിച്ചേരിമല മേഖല ദേശീയ ദുരന്ത നിവാരണ സേനാംഗങ്ങൾ സന്ദർശിച്ചു. അറക്കോണം എൻഡിആർഎഫ് 4ാം ബറ്റാലിയൻ ടീം കമാൻഡർ എസ്.സി.കുമാവത്തിന്റെ നേതൃത്വത്തിൽ 8 അംഗ സംഘമാണ് വില്ലേജ് അധികൃതർക്കൊപ്പം മേഖലയിൽ എത്തിയത്. പ്രദേശവാസികൾക്ക് അപകട ഭീഷണി ഉയർത്തുന്ന ഭീമൻ പാറ പൊട്ടിച്ചു മാറ്റണമെന്നു ഡപ്യൂട്ടി കലക്ടർക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ട്. കനത്ത മഴയത്ത് പാറ താഴേക്കു വീഴുമെന്നുള്ള ആശങ്കയിലാണ് ഒട്ടേറെ കുടുംബങ്ങൾ.

കുടുംബങ്ങളെ മാറ്റി താമസിപ്പിക്കാൻ അധികൃതർക്ക് നിർദേശം നൽകിയിരുന്നു.സംഭവത്തെ സംബന്ധിച്ച് ജിയോളജിസ്റ്റിന്റെ റിപ്പോർട്ട് ലഭിച്ച ശേഷം നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ മാസം ഉരുൾപൊട്ടിയ 28ാം മൈൽ പേര്യമല മേഖലയും ദുരന്ത നിവാരണ സേനാംഗങ്ങൾ സന്ദർശനം നടത്തി. എൻഡിആർഎഫ് ലെയ്സൺ ഓഫിസർ വൈശാഖ് കെ.ദാസ്, കൂരാച്ചുണ്ട് വില്ലേജ് ഉദ്യോഗസ്ഥരായ ജോബി ജോസഫ്, എം.നൗഫൽ എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.

കുന്ന്യോറ മലയിൽ ഐഐടി സംഘം പരിശോധന നടത്തി
കൊയിലാണ്ടി ∙ നന്തി–ചെങ്ങോട്ടുകാവ് ബൈപാസ് റോഡ് കടന്നു പോകുന്ന കുന്ന്യോറമലയിൽ മണ്ണിടിച്ചിൽ ആവർത്തിക്കുന്നതിനെ തുടർന്നുണ്ടായ ആശങ്ക പരിഹരിക്കാൻ ഐഐടി വിദഗ്ധ സംഘം പരിശോധന നടത്തി. സ്ഥലത്തു കോൺക്രീറ്റ് ഭിത്തി നിർമിക്കണം, വെള്ളം ഒഴുകിപ്പോകാൻ പൈപ്പ് ലൈൻ സ്ഥാപിക്കണം, മണ്ണിടിഞ്ഞതിന്റെ മുകളിലും കോൺക്രീറ്റ് ചെയ്യണം,  അപകട ഭീഷണിയുള്ള വീട്ടുകാരുടെ ആശങ്ക പരിഹരിക്കണം എന്നീ നിർദേശങ്ങൾ നൽകി. ബിജെപി കൊയിലാണ്ടി മണ്ഡലം പ്രസിഡന്റ് എസ്.ആർ. ജയ്കിഷന്റെ നേതൃത്വത്തിൽ കേന്ദ്രമന്ത്രി ജോർജ് കുര്യനു നിവേദനം നൽകിയതിനെ തുടർന്നാണു സംഘം എത്തിയത്. പ്രഫ. കെ.എസ്.റാവുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സന്ദർശിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com