ADVERTISEMENT

കോഴിക്കോട്∙ കോർപറേഷൻ സ്റ്റേഡിയത്തിലെ പുൽമൈതാനത്തൂടെ ഇഷ മെഹറിൻ വേച്ചുവേച്ച് ഓടിയെത്തിയപ്പോൾ ഉമ്മ മുബീന സന്തോഷത്തോടെ കയ്യടിച്ചു. ശാരീരികവെല്ലുവിളി നേരിടുന്ന ഇഷയ്ക്ക് നടക്കാൻപോലും മറ്റൊരാളുടെ കൈപിടിക്കണം.  മറ്റാരുടെയും കൈപിടിക്കാതെ ഓടിയത് ഇന്നലെയാണ്. ഫിനിഷിങ് ലൈനിന് അടുത്ത് വീണുപോയെങ്കിലും ഇഷയുടെ മുഖത്ത് സന്തോഷപ്പുഞ്ചിരിയായിരുന്നു. ചുറ്റുംനിന്നവരെല്ലാം കയ്യടിച്ചു പ്രോത്സാഹിപ്പിക്കുകയും ചെയ്തു.

സെറിബ്രൽ പാൾസി സ്പോർട്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ, സെറിബ്രൽ പാൾസി സ്പോർട്സ് അസോസിയേഷൻ ഓഫ് കേരള എന്നിവർ ചേർന്ന്, സെറിബ്രൽപാൾസി അടക്കമുള്ള വെല്ലുവിളി നേരിടുന്ന കുഞ്ഞുങ്ങൾക്കായി നടത്തുന്ന സംസ്ഥാന സ്പോർട്സ് മേളയിലേക്കുള്ള ജില്ലാ ടീമിന്റെ തിരഞ്ഞെടുപ്പിന് എത്തിയതായിരുന്നു ഇഷ മെഹ്റിൻ. സമഗ്ര ശിക്ഷ കേരളയുമായി ചേർന്നാണ് ജില്ലാ തിരഞ്ഞെടുപ്പ് നടത്തിയത്.  പ്രോവിഡൻസ് ഗേൾസ് എച്ച്എസ്എസിലെ അഞ്ചാംക്ലാസ് വിദ്യാർഥിയാണ് ഇഷ മെഹ്റിൻ. കുഞ്ഞുന്നാളിൽ പേശികൾക്കു ബലക്കുറവ് അനുഭവപ്പെടുന്നതാണ് ഇഷയുടെ രോഗം. നന്നായി പഠിക്കുന്ന ഇഷയ്ക്ക് ചിത്രരചനയിലും ഏറെ താൽപര്യമുണ്ട്. പണിക്കർറോഡ് തൗഫീഖ് മൻസിലിൽ ജബ്ബാറിന്റെയും മുബീനയുടെയും മകളാണ്.

സെറിബ്രൽ പാൾസി അടക്കമുള്ള രോഗാവസ്ഥകൾ കാരണം ശാരീരിക, മാനസിക വെല്ലുവിളി നേരിടുന്ന മുപ്പതോളം കുട്ടികളാണ് ഇന്നലെ സ്റ്റേഡിയത്തിലെത്തിയത്. ഇവരിൽ പലർക്കും ജീവിതത്തിൽ ആദ്യമായാണ് ഒരു മൈതാനത്ത് ഓടിക്കളിക്കാനും കായികമത്സരങ്ങളിൽ പങ്കെടുക്കാനും അവസരം ലഭിച്ചത്. മുൻവർഷങ്ങളിൽ കായികപരിപാടികളിൽ പങ്കെടുക്കാൻ താൽപര്യം പ്രകടിപ്പിച്ച കുഞ്ഞുങ്ങൾക്ക് മികച്ച പുരോഗതിയാണ് ഉണ്ടായതെന്ന് എസ്എസ്കെ ജില്ലാ കോഓഡിനേറ്റർ ഡോ.എ.കെ.അബ്ദുൽ ഹക്കീം പറഞ്ഞു. 

നാഷനൽ സെറിബ്രൽ പാഴ്സി അത്‌ലറ്റിക് മീറ്റിൽ പങ്കെടുക്കുന്നതിനു മുന്നോടിയായിട്ടുള്ള സംസ്ഥാനതല അത്‌ലറ്റിക് മീറ്റിലേക്ക് ഈ കുട്ടികൾ തിരഞ്ഞെടുക്കപ്പെട്ടു. 100, 200, 400, 800 മീറ്റർ ഓട്ടം, ഷോട്ട്പുട്ട് ,ജാവലിൻ ത്രോ , ഡിസ്കസ് ത്രോ , ലോങ് ജംപ് എന്നീ ഇനങ്ങളിൽ ഈ കുട്ടികൾക്ക് മത്സരത്തിൽ പങ്കെടുക്കാം.  വീൽചെയറിൽ ഉള്ള കുട്ടികൾക്ക് ക്ലബ് ത്രോ, ഷോട്ട്പുട്ട്, ജാവലിൻ ത്രോ എന്നീ ഇനങ്ങളിലും  മത്സരിക്കാം.ഡോ. എ.കെ. അബ്ദുൽ ഹക്കീം, ഫിഫ മുൻ റഫറി മൈക്കിൾ ആൻഡ്രൂസ് എന്നിവർ നേതൃത്വം നൽകി. സിപിഎസ്എകെ സെക്രട്ടറി ആർ. ഗിരിജാ കുമാരി, കേരള ഫുട്ബോൾ അസോസിയേഷൻ അംഗം കെ.പി.അഷ്റഫ്, എസ്എസ്കെ പ്രോഗ്രാം ഓഫിസർ വി.ടി.ഷീബ  എന്നിവരുടെ നേതൃത്വത്തിലാണ് സിലക്‌ഷൻ നടന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com