ADVERTISEMENT

കോടഞ്ചേരി∙ കൈതപ്പൊയിൽ നോളജ് സിറ്റിക്ക് സമീപം അടച്ചിട്ട വീട്ടിൽ വൻ കവർച്ച. വെഞ്ചേരി തോട്ടായികുന്നുമ്മൽ ടി.കെ.അബ്ദുല്ലയുടെ വീട്ടിലാണ് കവർച്ച നടന്നത്. മുന്നിലെ വാതിൽ പൊളിച്ച് അകത്ത് കടന്ന മോഷ്ടാവ് താഴെ നിലയിലുള്ള മുറികളിലെ അലമാരയിലും കട്ടിലിനുള്ളിലുമായി സൂക്ഷിച്ച ഒരു ലക്ഷം രൂപ, 7000 രൂപയുടെ സൗദി റിയാൽ, 2500 രൂപയുടെ ഈജിപ്ഷ്യൻ പൗണ്ട്, 200 യുഎസ് ഡോളർ, 3 പവൻ സ്വർണം എന്നിവ അടക്കം4,29,300 രൂപയുടെ സാധനങ്ങൾ കവർന്നു. ‌ജനൽ ചില്ലും തകർത്തു. വീട്ടുകാർ എത്തിയാലേ നഷ്ടത്തിന്റെ പൂർണ വിവരം ലഭിക്കുകയുള്ളൂ.

ദമാമിലുള്ള അബൂബക്കറിന്റെ അടുത്തേക്ക് ഉംറയ്ക്കായി ഭാര്യയും മക്കളും കഴിഞ്ഞ 14 ന് പോയതാണ്. വിദേശത്ത് വച്ച് ബുധനാഴ്ച ഫോണിലൂടെ സിസി ടിവി പരിശോധിച്ചപ്പോഴാണ് ക്യാമറ പ്രവർത്തിക്കുന്നില്ലെന്ന് കണ്ടത്.ഉടനെ വീടിനടുത്തുള്ള ബന്ധുക്കളെ അറിയിച്ചു. ഇവർ പോയി നോക്കിയപ്പോഴാണ്  മോഷണം നടന്നതായി കാണുന്നത്. തുടർന്ന് ബന്ധുക്കൾ പൊലീസിൽ പരാതി നൽകി. ചൊവ്വാഴ്ച  രാത്രി 12.40ന് കവർച്ച നടന്നതായാണ് സിസിടിവി ദൃശ്യം വ്യക്തമാക്കുന്നത്. വീട്ടിൽ മുൻ ഭാഗത്ത് സ്ഥാപിച്ച ഒരു സിസി ടിവി ക്യാമറ തകർത്തു.  ഒന്ന് തിരിച്ചു വച്ചുമാണ് കവർച്ച നടത്തിയത്.  പൊലീസ് കേസ് എടുത്ത് അന്വേഷണം ഊർജിതമാക്കി. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും ക്രൈം സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. 

താമരശ്ശേരി ഡിവൈഎസ്പി പി.പ്രമോദ്, കോടഞ്ചേരി സ്റ്റേഷൻ ഇൻസ്പെക്ടർ കെ.പി.പ്രവീൺകുമാർ എന്നിവരുടെ നേതൃത്വത്തിൽ എസ്ഐ വി.പത്മനാഭനാണ് കേസ് അന്വേഷണ ചുമതല. മോഷ്ടാവ് വീടും പരിസരവും അടുത്ത് അറിയുന്ന ആൾ തന്നെയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സിസി ടിവിയിൽ നിന്ന് ഒരാളുടെ അവ്യക്ത ചിത്രമാണ് ലഭിച്ചത്. ഇതോടെ പരിസരത്തുള്ള സിസി ടിവികൾ അന്വേഷണ സംഘം വിശദമായി പരിശോധിച്ച് വരികയാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com