ADVERTISEMENT

കോഴിക്കോട് ∙ റിയൽ എസ്റ്റേറ്റ് ഇടനിലക്കാരൻ മുഹമ്മദ് ആട്ടൂരിന്റെ (മാമി) തിരോധാന കേസ് സിബിഐയ്ക്കു കൈമാറാമെന്നു അന്വേഷണ സംഘം.  പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്ഐടി) തലവൻ മലപ്പുറം എസ്പി എസ്.ശശിധരൻ കഴിഞ്ഞ ദിവസം സിബിഐ അന്വേഷണത്തിനു അനുകൂലമായ അഭിപ്രായം സംസ്ഥാന പൊലീസ് മേധാവിയെ  അറിയിച്ചു.  ഇതെ തുടർന്നു ആഭ്യന്തര വകുപ്പ് കേസ് സിബിഐക്കു കൈമാറാനുള്ള സാധ്യത തേടുകയാണ്. 

സിബിഐ അന്വേഷണം ആവശ്യപ്പെട്ടു മാമിയുടെ ഭാര്യമാരിൽ ഒരാളായ റുക്സാന ഹൈക്കോടതിയിൽ ഹർജി നൽകിയ സാഹചര്യത്തിലും, മാമി കൊല്ലപ്പെട്ടിട്ടുണ്ടെന്നു സംശയിക്കുന്നതായി എംഎൽഎ പി.വി.അൻവർ കഴിഞ്ഞ ദിവസം പരസ്യ പ്രസ്താവന നടത്തിയ സാഹചര്യത്തിലുമാണ് സിബിഐ അന്വേഷണത്തിനുള്ള സാധ്യത പരിശോധിക്കുന്നത്. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള കുടുംബത്തിന്റെ ഹർജി നിലവിൽ ഹൈക്കോടതിയുടെ പരിഗണനയിലാണ്. വിശദമായി വാദം കേൾക്കാൻ ഹർജി ഒക്ടോബർ ഒന്നിലേക്കു മാറ്റി. ‌

2023 ഓഗസ്റ്റ് 22 ന് മാമിയുടെ ഭാര്യമാരിൽ ഒരാളായ റംലത്ത് പുളിയകുന്നിന്റെ പരാതിയിലാണ് നടക്കാവ് പൊലീസ് കേസെടുത്തത്. അന്നു മുതൽക്കുള്ള അന്വേഷണത്തിന്റെ വിശദ റിപ്പോർട്ടും തെളിവുകളും മറ്റു രേഖകളും കേസ് അന്വേഷിക്കുന്ന ഇൻസ്പെക്ടർ പി.കെ.ജിജീഷ് കഴിഞ്ഞ ദിവസം ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ മുഖേന കോടതിയിൽ സമർപ്പിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ടു ചോദ്യം ചെയ്തവരിൽ നിന്നു കസ്റ്റഡിയിലെടുത്ത മൊബൈൽ ഫോൺ, അനുബന്ധ വസ്തുക്കൾ എന്നിവ കോഴിക്കോട് കോടതിയിൽ ഹാജരാക്കി ഫൊറൻസിക് പരിശോധനയ്ക്കായി നൽകിയിട്ടുണ്ട്. ഈ വിവരങ്ങളും അന്വേഷണ സംഘം ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്.

കേസ് അന്വേഷണം അന്തിമഘട്ടത്തിൽ എത്തിനിൽക്കുന്ന സാഹചര്യത്തിലാണ് എഡിജിപി (ക്രമസമാധാന ചുമതല) എം.ആർ.അജിത്കുമാർ അന്വേഷണ ഉദ്യോഗസ്ഥൻ പി.കെ.ജിജീഷിനെ നിലനിർത്തി മേൽനോട്ടത്തിനായി മലപ്പുറം എസ്പിയേയും കോഴിക്കോട് സിറ്റി ക്രൈം ബ്രാഞ്ച് അസിസ്റ്റന്റ് കമ്മിഷണർ വി.സുരേഷിനേയും ഉൾപ്പെടുത്തി അന്വേഷണ സംഘം വിപുലപ്പെടുത്തിയത്. എന്നാൽ അന്വേഷണ ഉദ്യോഗസ്ഥരിൽ തൃപ്തരല്ലെന്നു കാണിച്ചാണ് ഭാര്യമാരിൽ ഒരാൾ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു ഹൈക്കോടതിയെ സമീപിച്ചത്.

English Summary:

The mysterious disappearance of Kozhikode real estate broker Muhammed Atthoori (Mami) takes a significant turn as the Special Investigation Team recommends a CBI probe.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com