ADVERTISEMENT

കല്ലാച്ചി∙ ഒരാഴ്ച മുൻപ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്ത മിനി ബൈപാസിൽ വാണിമേൽ റോഡ് ഭാഗത്ത് വീട്ടുടമ മതിൽ നിർമിക്കുന്നത് പ്രതിഷേധത്തിനും തർക്കത്തിനും ഇടയാക്കി. പഞ്ചായത്ത് അധികൃതർ എത്തി പണി നിർത്തി വയ്ക്കാനുള്ള സ്റ്റോപ് മെമ്മോ നൽകിയെങ്കിലും വീട്ടുടമ പറമ്പത്ത് എൻ.കെ.ചന്ദ്രൻ മെമ്മോ കൈപ്പറ്റാതിരുന്നതിനെ തുടർന്ന് വീട്ടു ചുവരിൽ നോട്ടിസ് പതിച്ചു. പണി നിർത്തി വയ്പിച്ചു.

ഇവിടെ റോഡ് വീതി കൂട്ടി തുടങ്ങിയതു മുതൽ‌ ചന്ദ്രനും പഞ്ചായത്ത് അധികൃതരും നാട്ടുകാരുമായി തർക്കമായിരുന്നു. റോഡ് വീതി കൂട്ടുന്നതിനിടയിൽ മണ്ണുമാന്തി യന്ത്രം തടയുകയും ഇതിനിടയിൽ മതിലിൽനിന്ന് ചന്ദ്രൻ താഴേക്കു വീഴുകയും ചെയ്തിരുന്നു. പൊലീസ് കൺട്രോൾ റൂം എസ്ഐ ഇ.കെ.അബൂബക്കർ, വാർഡ് മെംബർ നിഷ മനോജ്, കൺവീനർ കരിമ്പിൽ ദിവാകരൻ, നിർമാണ കമ്മിറ്റി കൺവീനർ മോഹൻദാസ് തുടങ്ങിയവർ സ്ഥലത്തെത്തി റോഡിൽ നിന്നു കെട്ടിയ മതിൽ പൊളിക്കണം എന്ന് ആവശ്യപ്പെട്ടെങ്കിലും ചന്ദ്രൻ വഴങ്ങിയില്ല. തന്റെ സ്ഥലത്താണ് മതിൽ നിർമിക്കുന്നതെന്നായിരുന്നു ചന്ദ്രന്റെ വാദം. എന്നാൽ, ഇത് റോഡിനു വിട്ടു നൽകിയ സ്ഥലമാണെന്നാണ് പഞ്ചായത്ത് നിലപാട്. 

മതിൽ പണിയുന്നതിന് പഞ്ചായത്തിൽ നിന്ന് അനുമതി വാങ്ങിച്ചിട്ടില്ലെന്നും അധികൃതർ അറിയിച്ചു. റോഡിൽ നിന്ന് കെട്ടിയെടുത്ത മതിൽ പൊളിക്കാതെ സ്ഥലത്തു നിന്നു പോകില്ലെന്ന നിലപാടുമായി വാർഡ് മെംബർ നിഷ മനോജ് അടക്കമുള്ളവരും അയൽവാസികളും നിലയുറപ്പിച്ചതിനിടയിൽ സിപിഎം ഏരിയ സെക്രട്ടറി പി.പി.ചാത്തു അടക്കമുള്ളവരും എത്തി. മതിൽ പൊളിക്കുന്നതിന് നിയമപരമായ മാർഗങ്ങൾ സ്വീകരിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് വി.വി.മുഹമ്മദലി ഉറപ്പു നൽകിയതോടെയാണ് മെംബർ അടക്കമുള്ളവർ പിരിഞ്ഞു പോയത്.

English Summary:

Tensions rise in Kallachi as a homeowner's wall construction on the recently inaugurated Vanimel Road mini bypass is met with protests, with accusations of encroachment on public land. The panchayat has issued a stop memo and vowed legal action.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com