ADVERTISEMENT

മലപ്പുറം ∙ അപകടത്തിൽ നടുവൊടിഞ്ഞു നടപ്പാതയിൽ കിടന്ന നായയ്ക്ക് രാപകൽ കാവലിരുന്ന് മറ്റൊരു നായ. ഇരു നായ്ക്കൾക്കും ഭക്ഷണവും സുരക്ഷയുമൊരുക്കി പ്രദേശവാസികൾ. ഇരുമ്പുഴി ഗവ. യുപി സ്കൂളിനു തൊട്ടുമുൻപിലാണ് സംഭവം. കഴിഞ്ഞ ദിവസം രാവിലെ കാർ കയറിയിറങ്ങിയാണ് നായയ്ക്കു പരുക്കേറ്റതെന്ന് പ്രദേശവാസിയായ സുഹൈൽ പറഞ്ഞു. കുറച്ചുദൂരം വേച്ചുനടന്ന നായ സ്കൂളിനു മുന്നിലെ നടപ്പാതയിൽ കിടപ്പായി. ഉച്ചയോടെയാണ് മറ്റൊരു നായ ഇതിനെ കണ്ടത്. തുടർന്ന് അതിനു ചുറ്റും സംരക്ഷണമൊരുക്കി നിന്നു. 

ആളുകൾ വരുമ്പോൾ കുരച്ചുചാടിയതോടെ വഴിയാത്രക്കാരും ഭീതിയിലായി. സ്കൂളും നഴ്സറിയുമൊക്കെ ഉള്ളതിനാൽ കുട്ടികൾ അങ്ങോട്ടു ചെല്ലുന്നത് തടയാനായി നാട്ടുകാർ നടപ്പാതയുടെ ഇരുവശവും കെട്ടിയടച്ചു. 2 ദിവസം ഇരു നായ്ക്കൾക്കും പ്രദേശവാസികളും സമീപത്തെ കടക്കാരും ഭക്ഷണവും വെള്ളവും നൽകി. പരുക്കേറ്റ നായ ഒന്നും കഴിക്കുന്നില്ലെന്ന് സമീപത്തെ കടക്കാരനായ അബൂബക്കർ പറഞ്ഞു. 

പ്രദേശവാസികളും ജനപ്രതിനിധികളും സന്നദ്ധപ്രവർത്തകരുമൊക്കെ നായയുടെ ചികിത്സയ്ക്കായി ജില്ലാ വെറ്ററിനറി ആശുപത്രിയെ അടക്കം സമീപിച്ചു. ചികിത്സ നൽകാമെന്നേറ്റെങ്കിലും അതിനെ താമസിപ്പിക്കാനുള്ള സൗകര്യമില്ലെന്നത് തടസ്സമായി. ഇന്നലെ ഉച്ചയ്ക്കു ശേഷം ഏതാനും യുവാക്കൾ നായയെ കൊണ്ടുപോയതായി പ്രദേശവാസികൾ പറയുന്നു.

മൃഗാശുപത്രിയിലേക്കു കൊണ്ടുപോകുന്നുവെന്നാണു പറഞ്ഞത്. അതേസമയം ജില്ലാ വെറ്ററിനറി ആശുപത്രിയിലോ തൊട്ടടുത്ത വെറ്ററിനറി ആശുപത്രിയിലോ എത്തിയിട്ടുമില്ല. ഇതോടെ നായയെ എങ്ങോട്ടാണു കൊണ്ടുപോയതെന്നത് ദുരൂഹമായി തുടരുന്നു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com