ADVERTISEMENT

എടക്കര  ∙ അധ്യാപകന്റെ മൃതദേഹം പുഴയിൽനിന്നു കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. പ്രതികളായ രണ്ടു പേർ അറസ്റ്റിൽ. മുണ്ടേരി ഗവ. ഹൈസ്കൂളിലെ അധ്യാപകൻ കരുളായി ചെറുപുള്ളിയിൽ ബാബു (47) ആണ് മരിച്ചത്. എടക്കര കാറ്റാടിപ്പാലത്തിനു ചുവട്ടിൽ താമസിച്ചുവരുന്ന ഉപ്പട ഉദിരകുളത്തെ തെറ്റത്ത് ബിജു (കമ്പി ബിജു –54), മൂത്തേടം കാരപ്പുറം എറയന്താങ്ങി കോളനിയിലെ ലത (36) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 13ന് ആണ് കരിമ്പുഴയിൽ കരിമ്പുഴയും പുന്നപ്പുഴയും സംഗമിക്കുന്നതിന് മുകൾ ഭാഗത്ത് മൃതദേഹം കണ്ടത്. പൊലീസ് അന്വേഷണത്തിൽ മൃതദേഹം ബാബുവിന്റേതാണെന്ന് തിരിച്ചറിയുകയും പോസ്റ്റ്മോർട്ടത്തിൽ മുങ്ങിമരണമാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: ബിജുവും ലതയും ഏതാനും വർഷങ്ങളായി ടൗണിനെ ചുറ്റിപ്പറ്റി ജീവിച്ചുവരുന്നവരാണ്. സംഭവത്തിന് ഒരു മാസം മുൻപാണ് ഇവർ ബാബുവിനെ പരിചയപ്പെടുന്നത്. കഴിഞ്ഞ മാസം 7ന് രാവിലെ ഇവർ കണ്ടിരുന്നു. മൂവരും ഒരുമിച്ച് മദ്യപിക്കുകയും ചെയ്തു. പിന്നീട് മടങ്ങിപ്പോയ ബാബുവിനെ ഉച്ചയോടെ വീണ്ടും വിളിച്ചുവരുത്തുകയായിരുന്നു. പാലത്തിന് സമീപത്തുവച്ച് വീണ്ടും മദ്യപിച്ചു. വൈകിട്ട് ആറോടെ തർക്കമുണ്ടായി. ഇതിനിടെ ബിജു മരവടി ഉപയോഗിച്ച് ബാബുവിന്റെ തലയ്ക്കടിക്കുകയായിരുന്നു. നിലത്തുവീണ് അബോധാവസ്ഥയിലായ ബാബുവിനെ രണ്ടുപേരും ചേർന്ന് പുഴയിൽ ഒഴുക്കുള്ള ഭാഗത്തേക്ക് വലിച്ചു കൊണ്ടുവന്ന് തള്ളിയിട്ട് കൊലപ്പെടുത്തുകയായിരുന്നു.

ജില്ലാ പൊലീസ് മേധാവി എസ്.സുജിത്ദാസ്, നിലമ്പൂർ ഡിവൈഎസ്പി സാജു കെ.ഏബ്രഹാം എന്നിവരുടെ മേൽനോട്ടത്തിൽ പൊലീസ് ഇൻസ്പെക്ടർ എൻ.ബി,ഷൈജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തിയത്. എസ്ഐ പി.മണി, എസ്‌സിപിഒമാരായ സി.എ.മുജീബ്, സീജ എസ്.നായർ, കെ.അരുൺ, കെ.രതീഷ്, ശരത്ചന്ദ്രൻ, സിപിഒമാരായ പി.സബീറലി, കെ.ജെ.ഷൈനി, സി.പി.നജ്മുദ്ദീൻ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. സംഭവം നടന്ന സ്ഥലത്ത് നിന്ന് കെ.സതീശ്ബാബു, ഡോ. വി.മിനി എന്നിവരുടെ നേതൃത്വത്തിലുള്ള ശാസ്ത്രീയ കുറ്റാന്വേഷണ സംഘം തെളിവുകൾ ശേഖരിച്ചു. നിലമ്പൂർ കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com