ADVERTISEMENT

മലപ്പുറം ∙ ലഹരിക്കെതിരെ അറബിക്കടലോരം മുതൽ സഹ്യന്റെ മടിത്തട്ടു വരെ നീണ്ട മനുഷ്യശൃംഖല സൃഷ്ടിച്ച് ജില്ല. പൊന്നാനി മുതൽ വഴിക്കടവ് വരെ 83 കിലോമീറ്റർ നീളത്തിൽ ജില്ലയുടെ നെടുകെ തീർത്ത പ്രതിരോധത്തിൽ പതിനായിരങ്ങൾ അണിചേർന്നു. അവർ ഒറ്റക്കെട്ടായി ലഹരി വിരുദ്ധ പ്രതിജ്ഞയുമെടുത്തു. ജില്ലാപഞ്ചായത്തിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ മന്ത്രി വി.അബ്ദുറഹിമാൻ അടക്കം പങ്കാളികളായി.

വിദ്യാർഥികളും ജനപ്രതിനിധികളും സാംസ്കാരിക – മതനേതാക്കളും സന്നദ്ധ പ്രവർത്തകരുമടക്കമുള്ളവരാണ് മനുഷ്യ ശൃംഖലയിൽ പങ്കുചേർന്നത്. ഓരോ മേഖലയിൽ നിന്നും വിദ്യാലയങ്ങളിൽ നിന്നുമുള്ളവർ അണിനിരക്കേണ്ടയിടങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ തന്നെ വീതിച്ചു നൽകിയിരുന്നു. വൈകിട്ട് 3 മുതൽ തന്നെ പൊതുനിരത്തിൽ മനുഷ്യ ശൃംഖലയ്ക്കായി ഒരുക്കം തുടങ്ങി. 3.30ന് ഏതാണ്ട് പൂർത്തിയായി. എല്ലാവരും കൈകോർത്തു പിടിച്ച് ലഹരിക്കെതിരെ തങ്ങൾ ഒന്നാണെന്നു പ്രഖ്യാപിച്ചു. തുടർന്ന് പ്രതിജ്ഞ ചൊല്ലി പിരിഞ്ഞു.

ജില്ലയിലെ വിവിധയിടങ്ങളിലായി എംഎൽഎമാർ അടക്കമുള്ള ജനപ്രതിനിധികളാണ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തത്. ഒക്ടോബർ ആറിന് ആരംഭിച്ച ക്യാംപെയ്നിന്റെ ആദ്യഘട്ടമാണ് മനുഷ്യ ശൃംഖലയോടെ സമാപിച്ചത്.

ഒന്നിച്ചെതിർക്കാം

ജില്ല ഇന്നോളം കണ്ട ഏറ്റവും വലിയ ജനകീയ പ്രതിരോധത്തിനാണ് ഇന്നലെ പൊന്നാനി മുതൽ വഴിക്കടവ് വരെയുള്ള നിരത്തുകൾ സാക്ഷിയായത്. ലഹരി വിരുദ്ധ സന്ദേശങ്ങളടങ്ങിയ പ്ലക്കാർഡുകളും ബാനറുകളുമായി മുദ്രാവാക്യം വിളിച്ചെത്തി ഒന്നിച്ചണിചേർന്ന് അവർ ലഹരിക്കെതിരെ പ്രതി‍‍ജ്ഞയെടുത്തപ്പോൾ അത് ഭാവി തലമുറയ്ക്കുള്ള കരുതൽ കൂടിയായി.

തിരൂർ ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്‌കൂളിന് മുന്നിലാണ് മന്ത്രി വി.അബ്ദുറഹിമാൻ മനുഷ്യശൃംഖലയുടെ ഭാഗമായത്. ലഹരിക്കെതിരായ പോരാട്ടം ഇനിയും തുടരണമെന്നും ലഹരി വസ്തുക്കളുടെ വിപണനവും ഉപയോഗവുമായി ബന്ധപ്പെടുന്നവരെ സമൂഹം ഒറ്റപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. കുറുക്കോളി മൊയ്തീൻ എംഎൽഎയും ഇവിടെ അദ്ദേഹത്തോടൊപ്പം അണി ചേർന്നു.

മലപ്പുറത്ത് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ.റഫീഖ, കലക്ടർ വി.ആർ പ്രേംകുമാർ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇസ്മായിൽ മൂത്തേടം, ജില്ലാ വികസന കമ്മിഷണർ രാജീവ് കുമാർ ചൗധരി, പെരിന്തൽമണ്ണ സബ് കലക്ടർ ശ്രീധന്യ സുരേഷ്, അസി. കലക്ടർ കെ.മീര, അഡിഷനൽ ജില്ലാ മജിസ്ട്രേട്ട് എൻ.എം.മെഹറലി തുടങ്ങിയവർ കണ്ണികളായി.

എടപ്പാളിൽ കെ.ടി.ജലീൽ എംഎൽഎ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വണ്ടൂരിൽ എ.പി അനിൽകുമാർ എംഎൽഎ ശൃംഖലയുടെ ഭാഗമായി. നിലമ്പൂർ വടപുറം പാലത്തിന് സമീപത്ത് നടി നിലമ്പൂർ ആയിഷ ആദ്യ കണ്ണിയായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com