ADVERTISEMENT

മലപ്പുറം ∙ ജില്ലയിലെ 6 പഞ്ചായത്തുകൾക്കു കീഴിലുള്ള പ്രദേശങ്ങൾ സംരക്ഷിത വന മേഖലയ്ക്കു ചുറ്റുമുള്ള പരിസ്ഥിതി ലോല മേഖലയിൽ ഉൾപ്പെടുമെന്നു വനം വകുപ്പിന്റെ ഭൂപടം. ചോക്കാട്, കരുവാരകുണ്ട്, കരുളായി, വഴിക്കടവ്, അമരമ്പലം, കാളികാവ് പഞ്ചായത്തുകളിലെ പ്രദേശങ്ങളാണു പരിസ്ഥിതി ലോല മേഖലയിൽ വരുന്നത്.ഇതിൽ, കരുളായി, അമരമ്പലം, വഴിക്കടവ് പഞ്ചായത്തുകൾക്കു കീഴിൽ വരുന്ന പ്രദേശങ്ങൾ പൂർണമായി വനമേഖലയാണെന്നു ഭൂപടത്തിൽ പറയുന്നു. മറ്റു 3 പഞ്ചായത്തുകളിലെ ജനവാസ മേഖലകൾ ലോല മേഖലയിലുണ്ടെന്നാണു നിഗമനം.

  കരിമ്പുഴ വന്യജീവി സങ്കേതവുമായി ബന്ധപ്പെട്ട് വനംവകുപ്പ് പുറത്തുവിട്ട ബഫർ സോണിന്റെ ഭൂപടം. ജില്ലയിലെ കരുളായി, വഴിക്കടവ്, അമരമ്പലം പഞ്ചായത്തുകളിലെ പ്രദേശങ്ങൾ ഉൾപ്പെട്ടിരിക്കുന്നതായി കാണാം
കരിമ്പുഴ വന്യജീവി സങ്കേതവുമായി ബന്ധപ്പെട്ട് വനംവകുപ്പ് പുറത്തുവിട്ട ബഫർ സോണിന്റെ ഭൂപടം. ജില്ലയിലെ കരുളായി, വഴിക്കടവ്, അമരമ്പലം പഞ്ചായത്തുകളിലെ പ്രദേശങ്ങൾ ഉൾപ്പെട്ടിരിക്കുന്നതായി കാണാം

 ഏതെല്ലാം മേഖലകളാണെന്നു കൃത്യമായി അറിയണമെങ്കിൽ ഉൾപ്പെട്ട പ്രദേശങ്ങളുടെ സർവേ നമ്പർ വരണം. ഒരാഴ്ചയ്ക്കകം ഇതു പ്രസിദ്ധീകരിക്കുമെന്നാണു സർക്കാരിന്റെ അറിയിപ്പ്. സൈലന്റ് വാലി ദേശീയോദ്യാനം, കരിമ്പുഴ വന്യജീവി സങ്കേതം എന്നിവയ്ക്കു ചുറ്റുമുള്ള പരിസ്ഥിതി ലോല മേഖലയിലാണു ജില്ലയിലെ പ്രദേശങ്ങൾ ഉൾപ്പെടുന്നത്.

നേരത്തേ പ്രസിദ്ധീകരിച്ച പരിസ്ഥിതി ലോല മേഖലയുടെ ആകാശ ഭൂപടം വ്യാപകമായ പ്രതിഷേധത്തിനു കാരണമായിരുന്നു. ഇതിൽ വ്യക്തയില്ലെന്നും ജനവാസ മേഖലകൾ തെറ്റായി അടയാളപ്പെടുത്തിയെന്നുമായിരുന്നു പരാതി. ഇതു പരിഹരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണു വനംവകുപ്പിന്റെ ഭൂപടം പ്രസിദ്ധീകരിച്ചത്. 

ഇതിലും വ്യക്തതയില്ലെന്നു കർഷക സംഘടനകൾ ആരോപിക്കുന്നു. കൃഷിയിടങ്ങൾ വനമേഖലകളായി അടയാളപ്പെടുത്തിയിട്ടുണ്ടെന്ന് പരാതിയുണ്ട്.ചോക്കാട് പഞ്ചായത്തിൽ വള്ളിപ്പൂള, ചിങ്കക്കണ്ണ് തുടങ്ങിയ പ്രദേശങ്ങളിലെ ജനവാസ മേഖലകൾ പുതിയ ഭൂപടത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന സൂചനയുണ്ട്. കാളികാവ് പഞ്ചായത്തിലെ അടയ്ക്കാക്കുണ്ട്, പാറശ്ശേരി ഭാഗങ്ങളും ലോല മേഖലയിലാണെന്നാണു സൂചന. കരുവാരകുണ്ടിൽ കരുവാരകുണ്ട്, കേരള എസ്റ്റേറ്റ് വില്ലേജുകളിലെ ജനവാസ മേഖലകൾ ഉൾപ്പെട്ടിട്ടുണ്ടെന്നു കർഷകർ പറയുന്നു.

ആകാശ ഭൂപടത്തിൽ മേഖലയിലെ 98 സർവേ നമ്പറുകൾ ഉൾപ്പെട്ടിരുന്നു. ഇതുപ്രകാരം കർഷകർ കണക്കെടുത്തപ്പോൾ 400– 500 വീടുകൾ നഷ്ടപ്പെടുമെന്നു കണ്ടെത്തിയിരുന്നു. പുതിയ ഭൂപടപ്രകാരം നഷ്ടപ്പെടുന്ന കൃത്യമായ വീടുകളും കൃഷി ഭൂമിയും അറിയണമെങ്കിൽ സർവേ നമ്പർ ലഭിക്കണമെന്നു കർഷകർ പറയുന്നു.

ഭൂപടം നിയമപരമായി നിലനിൽക്കില്ല: കിഫ

പരിസ്ഥിതി ലോല മേഖലയുമായി ബന്ധപ്പെട്ടു സർക്കാർ ഇന്നലെ പുറത്തുവിട്ട ഭൂപടം നിയമപരമായി നിലനിൽക്കുന്നതല്ലെന്നു കേരള ഇൻഡിപെൻഡന്റ് ഫാർമേഴ്സ് അസോസിയേഷൻ (കിഫ). ഇത് ഒരു വർഷം മുൻപ് കേരളം കേന്ദ്രത്തിനു സമർപ്പിച്ച റിപ്പോർട്ടാണ്. ഈ റിപ്പോർട്ടുകളും ഭൂപടങ്ങളും കഴിഞ്ഞ ജൂൺ 3ലെ സുപ്രീം കോടതി വിധിയോടെ അസാധുവായിരിക്കുകയാണ്.

ഒരു കിലോമീറ്റർ ബഫർ സോൺ നിർബന്ധമാണെന്നു സുപ്രീം കോടതി വിധിയിൽ വ്യക്തമാണ്. ആ മേഖലയിലുള്ള നിർമിതികളുടെ കണക്കെടുക്കണമെന്നും കോടതി വ്യക്തമാക്കിയിരുന്നു. കണക്കെടുക്കുന്നതിനു വേണ്ടി നിയോഗിച്ച ജസ്റ്റിസ് തോട്ടത്തിൽ രാധാകൃഷ്ണൻ കമ്മിറ്റി ആകാശ സർവേ നടത്തി പ്രദേശങ്ങൾ ഉൾപ്പെടുന്ന ഭൂപടം തയാറാക്കിയിരുന്നു.

ഇത് സാധാരണക്കാർക്കു മനസ്സിലാകുന്ന തരത്തിലുള്ളതായിരുന്നില്ല എന്നതാണു പ്രശ്നം. മനസ്സിലാകുന്ന രീതിയിലുള്ള ഭൂപടം പ്രസിദ്ധീകരിക്കുകയും അത് ഗ്രൗണ്ടിൽ മാർക്ക് ചെയ്യുകയുമാണു അതിനുള്ള പരിഹാരം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com