ADVERTISEMENT

പൊന്നാനി ∙ മറ്റൊരാളെ സഹായിച്ചതിന്റെ പേരിൽ ജീവതത്തിൽ തോറ്റുപോയ കപ്പലണ്ടി കച്ചവടക്കാരൻ. കൊല്ലം കടപ്പുറത്ത് കപ്പലണ്ടി വിറ്റ് ജീവിച്ചിരുന്ന രാജു മുഹമ്മദ് സുഹൃത്തിന് തന്നെപ്പോലെ കടപ്പുറത്ത് കപ്പലണ്ടി കച്ചവടം നടത്തുന്നതിന് തള്ളു വണ്ടി വാങ്ങാൻ പതിനായിരം രൂപ വായ്പ വാങ്ങിക്കൊടുത്തു. പക്ഷേ, സുഹൃത്ത് ചതിച്ചു. പണവുംകൊണ്ട് അയാൾ മുങ്ങി. കച്ചവടത്തിൽനിന്ന് കിട്ടുന്ന വരുമാനംകൊണ്ട്   ബാധ്യത തീർക്കേണ്ടിവന്നു. 

പിന്നെ ഉറക്കമില്ലാത്ത അവസ്ഥ.. 

വെപ്രാളം.. ഭയം.. രാജു മുഹമ്മദ് എന്ന മനുഷ്യൻ കൈവിട്ടു പോവുകയായിരുന്നു.. 

മൂന്നുമാസം മുൻപ് 

പൊന്നാനിയിലെ നഗരവീഥികളിലൂടെ വെപ്രാളത്തോടെ പിറുപിറുത്ത് ഒരു മനുഷ്യൻ നടക്കുന്നു.. മുഷിഞ്ഞ വസ്ത്രം. മാലിന്യത്തിൽ നിന്ന് കിട്ടുന്നത് വലിച്ചുവാരി കഴിക്കുന്നു. രാത്രിയിൽ വഴിയരികിൽ തലചായ്ക്കും. ആരോരുമില്ലാത്തവരെ പരിചരിക്കാൻ പൊന്നാനി നഗരസഭ തുടങ്ങിയ ഹാപ്പിനസ് സെന്ററിലെ വൊളന്റിയർമാർ രാജുവിന്റെ അടുത്തെത്തി.  

ഹാപ്പിനസ് സെന്ററിലേക്ക് കൂട്ടിക്കൊണ്ടു പോയി പരിചരിച്ചു. ഇടയ്ക്കെപ്പഴോ അയാൾ തമിഴ്നാട്ടിലെ ഒരു മേൽവിലാസം വൊളന്റിയേഴ്സിനു നൽകി. ‘ഞാനിവിടെയുണ്ടെന്ന് ഒരു കത്തെഴുതണം’ എന്നേ പറഞ്ഞുള്ളു. കത്തെഴുതി.. മറുപടിയും വന്നു. ബന്ധുക്കളെ കണ്ടെത്തിയെങ്കിലും കൂട്ടിക്കൊണ്ടുപോകാൻ എത്തിയില്ല. 

ഉപ്പയും ഉമ്മയും മരിച്ചതിനു ശേഷം ആരെയും ബുദ്ധിമുട്ടിക്കാതെ ജീവിക്കാൻ ചെറുപ്പത്തിലേ കേരളത്തിലേക്കു നാടുവിട്ടതായിരുന്നു. രാജുവിനെ   ദ് ബാനിയാന്റെ ചെന്നൈയിലെ ഹോം എഗെയ്നിലേക്ക് കഴിഞ്ഞദിവസം കൊണ്ടുപോയി. നഗരസഭാധ്യക്ഷൻ ശിവദാസ് ആറ്റുപുറം, സ്ഥിര സമിതി അധ്യക്ഷൻ രജീഷ് ഊപ്പാല എന്നിവരുടെ നേതൃത്വത്തിലാണ് യാത്രയയച്ചത്. 

സ്നേഹലേപനം

സ്നേഹിക്കാൻ പലരുമുണ്ടെന്ന് നഗരസഭയുടെ ഹാപ്പിനസ് സെന്ററിലെത്തിയപ്പോൾ രാജു മുഹമ്മദ് മനസ്സിലാക്കി. തെരുവിൽ അലഞ്ഞു നടന്ന കാലം ഇന്ന് അയാൾക്ക് വെറുമൊരു ഓർമമാത്രം.  പൊന്നാനി നഗരസഭയും ശാന്തി പെയിൻ ആൻഡ് പാലിയേറ്റിവ് സെന്ററും ദ് ബാനിയൻ കൂട്ടായ്മയും ചേർന്നാണ് ഹാപ്പിനസ് സെന്റർ നടത്തുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com