ADVERTISEMENT

കരിപ്പൂർ ∙ ഓരോ വിഷുദിനത്തിലും പ്രായം കൂടുന്ന കോഴിക്കോട് വിമാനത്താവളം ഇന്നു മുപ്പത്തിയാറാം വയസ്സിൽ യുവത്വം നിറഞ്ഞ ചിന്തകളിലാണ്. 1988 ഏപ്രിൽ 13ന് ആണ് കോഴിക്കോട് വിമാനത്താവളം ഉദ്ഘാടനം ചെയ്തത്. ഇത്രയും കാലത്തിനിടെ, പ്രതിസന്ധികളും അതിനൊപ്പം അതിജീവനവും നേരിട്ട ഒരു ജനകീയ വിമാനത്താവളമാണു കരിപ്പൂരിലേത്. പല കാരണങ്ങൾകൊണ്ടു വലിയ വിമാനങ്ങളുടെ സർവീസ് മുടങ്ങിയെങ്കിലും അവ തിരിച്ചെത്തുമെന്ന വിശ്വാസത്തിലാണ് പ്രവാസികളും കോഴിക്കോട് വിമാനത്താവളവും. നാട്ടുകാർ 12 തവണ സ്ഥലം വിട്ടുകൊടുത്തും പ്രവാസികൾ യൂസേഴ്സ് ഫീ നൽകിയും രാജ്യാന്തര വിമാനത്താവളമായി ഉയർത്തിയ കരിപ്പൂർ, പിന്നീട് പല ഘട്ടങ്ങളിലും ജനകീയ സമരങ്ങളിലൂടെയും രാഷ്ട്രീയ സമ്മർദങ്ങളിലൂടെയുമാണ് വളർന്നത്. എന്നാൽ, വലിയ വിമാനം തിരിച്ചെത്തിക്കൽ, കൂടുതൽ ആഭ്യന്തര വിമാന സർവീസുകൾ തുടങ്ങിയ ആവശ്യങ്ങൾ നീളുകയാണ്.

malappuram-kozhikode-airport

സുരക്ഷയുടെ കാര്യത്തിൽ മുന്തിയ പരിഗണനയാണു വിമാനത്താവളം നൽകുന്നത്. സിഐഎസ്എഫ്, ഡോഗ് സ്ക്വാഡുകൾക്കു പുറമേ, പൊലീസ് എയ്ഡ് പോസ്റ്റും പൊലീസ് സഹായ കേന്ദ്രവും കരിപ്പൂരിലുണ്ട്. വിമാനാപകടത്തിനു ശേഷം, അഗ്നിരക്ഷാ സേനാ വാഹനങ്ങളിൽ അത്യാധുനിക ക്യാമറകൾ സ്ഥാപിക്കൽ ഉൾപ്പെടെയുള്ള നടപടികളും സ്വീകരിച്ചു. ഇപ്പോൾ റീ കാർപറ്റിങ് ജോലികൾ പുരോഗമിക്കുന്നു.

വലിയ വിമാനം ഇനിയും വൈകരുത്

മലബാറിന്റെ ചിറകുകൾ എന്നു വിശേഷിപ്പിച്ചിരുന്ന വിമാനത്താവളം പ്രവാസികൾ ഉൾപ്പെടെയുള്ളവർക്ക് സ്വന്തം വീട്ടുമുറ്റത്തു വന്നിറങ്ങുന്ന ആശ്വാസത്തിന്റെ ഇടത്താവളമാണ്. റൺവേയോടു ചേർന്ന റൺവേ എൻഡ് സേഫ്റ്റി ഏരിയ (റിസ) നീളം കൂട്ടുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ആവശ്യമായ പതിനാലര ഏക്കർ സ്ഥലം ഏറ്റെടുക്കുന്നതിനുള്ള നടപടികളുമായി സംസ്ഥാന സർക്കാർ മുന്നോട്ടുപോകുന്നു. ഹജ് എംബാർക്കേഷൻ പദവി തിരിച്ചെത്തിയത് വലിയ പ്രതീക്ഷയാണു കരിപ്പൂരിനു നൽകുന്നത്.

കോഴിക്കോട് രാജ്യാന്തര വിമാനത്താവളത്തിലെ പാർക്കിങ് ബേയിൽ നിർത്തിയിട്ടിരിക്കുന്ന വിമാനങ്ങൾ. ചിത്രം: മനോരമ

കരിപ്പൂരിൽ ഹജ് ഹൗസും സ്ത്രീ തീർഥാടകർക്കായി പുതിയ കെട്ടിടവും ഇവിടെയുണ്ട്. 2015 മുതൽ 2018 വരെ റൺവേ റീ കാർപറ്റിങ് ജോലിയുടെ പേരിൽ വലിയ വിമാനങ്ങൾ കരിപ്പൂരിനു നഷ്ടമായി. 2019ൽ ഭാഗികമായി വലിയ വിമാനങ്ങൾ തിരിച്ചെത്തിയെങ്കിലും 2020 ഓഗസ്റ്റ് ഏഴിനു വിമാനാപകടത്തോടെ വീണ്ടും നിയന്ത്രണം വന്നു. ഇപ്പോൾ ചെറുവിമാനങ്ങൾ മാത്രമാണു സർവീസ് നടത്തുന്നത്. പ്രതിസന്ധികൾ ഏറെയുണ്ടെങ്കിലും പുതിയ ഉയരങ്ങളിലേക്കു പറക്കാനാകുമെന്ന പ്രതീക്ഷയിൽ തന്നെയാണ് കരിപ്പൂർ വിമാനത്താവളം.

കൂടുതൽ സർവീസുകൾ വേണം

യാത്രക്കാർ ഉണ്ടെങ്കിലും വിമാന സർവീസുകൾ കരിപ്പൂരിൽ കുറവാണ്. വലിയ വിമാനങ്ങൾ എത്തിയാലേ ഈ പ്രശ്നങ്ങൾക്കു ശാശ്വത പരിഹാരമാകൂ. അതുവരെ കൂടുതൽ ചെറുവിമാന സർവീസുകൾ രാജ്യാന്തര തലത്തിലും ആഭ്യന്തര തലത്തിലും വേണമെന്നത് ഇനിയും സ്വപ്നങ്ങളാണ്. എമിറേറ്റ്സ്, ശ്രീലങ്കൻ എയർ വിമാന സർവീസുകൾ തിരിച്ചെത്തിക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്. ഇവ എത്തുന്നതോടെ യൂറോപ്പിലേക്ക് കൂടുതൽ സർവീസ് സാധ്യമാകുമെന്ന് വിലയിരുത്തുന്നു. തെക്കുകിഴക്കൻ രാജ്യങ്ങളിലേക്കും യാത്ര സാധ്യമാകും. ഒപ്പം ചരക്കു വിമാനങ്ങളും വേണം. നിലവിൽ കോഴിക്കോട് വിമാനത്താവളത്തിൽനിന്നു യാത്രാ വിമാനങ്ങളിലാണു ചരക്കു കയറ്റുമതി.

kozhikode-airport-1

കണക്കുകൾ കോഴിക്കോടിനൊപ്പം

ലോകമാകെ പ്രതിസന്ധി നേരിട്ട കാലമായിരുന്നു കോവിഡ് പിടിമുറുക്കിയ നാളുകൾ. ലോകത്ത് പല വിമാന സർവീസുകളും നിയന്ത്രിച്ചപ്പോൾ, കരിപ്പൂരിലേക്ക് എല്ലാ നടപടിയും പൂർത്തിയാക്കി വിമാന സർവീസുകൾ തലങ്ങും വിലങ്ങും പറന്നു. 2020 മേയ് മുതൽ 2021 മേയ് വരെ ഗൾഫ് നാടുകളിൽനിന്നു കൂടുതൽ പ്രവാസികളും കുടുംബാംഗങ്ങളും രാജ്യത്തു തിരിച്ചെത്തിയത് കേരളത്തിലാണ്. അവരിൽ കൂടുതൽ പേർ കേരളത്തിലേക്ക്. നോർക്ക കണക്കുപ്രകാരം 13.67 ലക്ഷം മലയാളികളാണു വിവിധ വിമാനത്താവളങ്ങളിലായി എത്തിയത്. ഇവരിൽ 4.6 ലക്ഷം എന്ന കണക്കുമായി മുന്നിലായിരുന്നു കരിപ്പൂർ.

മാർച്ചിൽ പഴം പച്ചക്കറി കയറ്റുമതിയിൽ കൊച്ചിയോടൊപ്പം (1291.386 ടൺ) കരിപ്പൂരും (1261 ടൺ) ഉണ്ട്. ചെറുവിമാനങ്ങൾ മാത്രം ഉപയോഗിച്ചാണ് ഈ കയറ്റുമതി. ഇത്തവണ ഹജ് തീർഥാടനത്തിന് കേരളത്തിൽ അവസരം ലഭിച്ചത് 10,331 പേർക്കാണ്. അവരിൽ 6,322 പേരും കോഴിക്കോട് വിമാനത്താവളം വഴിയാണ് യാത്ര. വിമാനത്താവളത്തിൽ നേരത്തേയുണ്ടായിരുന്ന ഹജ് ഹാൾ ഇപ്പോൾ ആഭ്യന്തര യാത്രക്കാർക്കായി വിട്ടുനൽകിയിട്ടുണ്ട്. വീണ്ടും ഹജ് യാത്ര ആരംഭിക്കുമ്പോൾ അവർക്കായി പ്രത്യേക സൗകര്യം കരിപ്പൂരിൽ ഒരുക്കേണ്ടതുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com