ADVERTISEMENT

തേഞ്ഞിപ്പലം ∙ വള്ളിക്കുന്ന് നിയോജകമണ്ഡലത്തിൽ 3 ജലപരിശോധനാ ലബോറട്ടറികൾ തുറക്കുമെന്ന് സ്കൂളുകൾ തുറക്കുന്നതിനു മുന്നോടിയായുള്ള അവലോകന യോഗത്തിൽ പ്രഖ്യാപനം. ചേളാരി ജിവിഎച്ച്എസ്എസ്, പെരുവള്ളൂർ ജിഎച്ച്എസ്എസ്, യൂണിവേഴ്സിറ്റി ക്യാംപസ് ഗവ. മോഡൽ എച്ച്എസ്എസ് എന്നിവിടങ്ങളിലാണ് വിവിധ ഘട്ടങ്ങളിലായി ലബോറട്ടറികൾ സ്ഥാപിക്കുകയെന്ന് പി.അബ്ദുൽ ഹമീദ് എംഎൽഎ പറഞ്ഞു. ചെലവ് എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽനിന്ന് കണ്ടെത്തും.

വള്ളിക്കുന്ന് മണ്ഡലത്തിലെ സ്കൂളുകളിൽ പാചക ആവശ്യത്തിനുള്ള ശുദ്ധജല പരിശോധനയ്ക്ക് പ്രധാനാധ്യാപകർ സ്വകാര്യ ലാബുകളെയും മറ്റും ആശ്രയിക്കുന്നത് ബുദ്ധിമുട്ടായ സാഹചര്യത്തിലാണ് സ്ഥിരം സംവിധാനം ഒരുക്കുന്നത്. മണ്ഡലത്തിലെ 6 പഞ്ചായത്തുകളിലെയും ജനങ്ങൾക്കും പ്രയോജനപ്പെടുത്താവുന്ന വിധത്തിലാണ് 3 ഗവ. ഹയർ സെക്കൻഡറി സ്കൂളുകളിൽ ലബോറട്ടറികൾ പരിഗണിക്കുന്നത്.

മറ്റ് പ്രധാന തീരുമാനങ്ങൾ:

∙ മണ്ഡലത്തിലെ സ്കൂളുകളിൽ ജലക്ഷാമം നേരിടുന്നവയിൽ ടാങ്കറുകളിൽ ശുദ്ധജലം എത്തിക്കാൻ ജല അതോറിറ്റി സൗകര്യം ചെയ്യണം. ഗവ. സ്കൂളുകളിൽ പഞ്ചായത്ത് സെക്രട്ടറിയും മറ്റു സ്കൂളുകളിൽ മാനേജർമാരും ക്രമീകരണം നടത്തണം.
∙ ചേളാരി ജിവിഎച്ച്എസ്എസ്, യൂണിവേഴ്സിറ്റി ക്യാംപസ് ജിഎച്ച്എസ്എസ്, മൂന്നിയൂർ ജിഎംയുപിഎസ് എന്നിവയുടെ പരിസരത്ത് ട്രാഫിക് ഡ്യൂട്ടിക്ക് പൊലീസിനെ നിയോഗിക്കണമെന്ന് ജില്ലാ പൊലീസ് മേധാവിക്ക് കത്തുനൽകും. സ്കൂൾ പരിസരങ്ങളിലെ റോഡുകളിൽ വേഗതാ നിയന്ത്രണ ബോർഡുകൾ സ്ഥാപിക്കാനും നിർദേശിച്ചു. മൂന്നിയൂർ ആലിൻചുവട്, മേലേ ചേളാരി, യൂണിവേഴ്സിറ്റി ക്യാംപസ് സ്കൂൾ, ചേലേമ്പ്ര എഎൽപി സ്കൂൾ, പടിക്കൽ ജിഎംഎൽപിഎസ് പരിസരങ്ങളിൽ ട്രാഫിക് സുരക്ഷാ ക്രമീകരണം ഏർപ്പെടുത്തണം.
∙ സ്കൂളും പരിസരങ്ങളും ലഹരിവിമുക്തമെന്ന് ഉറപ്പുവരുത്താൻ യോഗം വിളിച്ച് എക്‌സൈസ് വകുപ്പ് മേൽനടപടി സ്വീകരിക്കണം.
∙ സ്കൂൾ പരിസരങ്ങളിലെ റോഡുകളിലെ ട്രാഫിക് പരിഷ്കരണത്തിനുള്ള നടപടികൾ പഠിച്ച് മേൽനടപടി കൈക്കൊള്ളാൻ കൊണ്ടോട്ടി, തിരൂരങ്ങാടി ജോയിന്റ് ആർടിഒമാർക്ക് നിർദേശം നൽകി.
∙ എൻഎച്ച് വികസന ജോലി വിദ്യാർഥികളുടെ സ്കൂൾ യാത്രയ്ക്ക് തടസ്സമാകുന്നത് ഒഴിവാക്കാനുള്ള നടപടികൾക്കായി ഇക്കാര്യം ജില്ലാ വികസന സമിതിയുടെ പരിഗണനയ്ക്കു വയ്ക്കും. സ്കൂൾ പരിസരങ്ങളിലും റോഡിലും അപകടാവസ്ഥയിലുള്ള മരം മുറിച്ചുനീക്കാൻ വേണ്ട നടപടി കൈക്കൊള്ളാൻ ബന്ധപ്പെട്ടവർക്ക് നിർദേശം നൽകും.
∙ സ്കൂളുകളിലെ കിണർ, പാചകപ്പുര, പാത്രങ്ങൾ എന്നിവയിലെ ശുചിത്വം ഉറപ്പാക്കണം.
∙ സ്കൂൾ ബസിൽ ഫിറ്റ്നസ്, ഇൻഷുറൻസ്, മികച്ച ഡ്രൈവർ എന്നിവയും ഉറപ്പ് വരുത്തണം. കെട്ടിടങ്ങൾക്ക് ചോർച്ചയും ബലക്ഷയവും ഇല്ലെന്നതും ഉറപ്പാക്കണം. സ്കൂൾ ശുചിമുറികളുടെ വാതിലും ജലസംഭരണികളുടെ മൂടിയും പരിശോധിച്ച് ഉറപ്പുവരുത്തണം.

നിയോജകമണ്ഡലത്തിലെ സ്കൂൾ പ്രധാനാധ്യാപകർ, മാനേജർമാർ, പിടിഎ പ്രസിഡന്റുമാർ, പഞ്ചായത്ത് പ്രസിഡന്റുമാർ തുടങ്ങിയവരെ പങ്കെടുപ്പിച്ച് യൂണിവേഴ്സിറ്റി സെമിനാർ കോംപ്ലക്സിലാണ് യോഗം ചേർന്നത്. തിരൂരങ്ങാടി ഡിഇഒ പി.പി.റുക്കിയ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.ടി.സാജിത (തിരൂരങ്ങാടി), ഷെജിനി ഉണ്ണി (കൊണ്ടോട്ടി), ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ കെ.അബ്ദുൽ കലാം (പെരുവള്ളൂർ), ചെമ്പാൻ മുഹമ്മദലി (പള്ളിക്കൽ), ടി.വിജിത്ത് (തേഞ്ഞിപ്പലം), എ.പി.ജമീല (ചേലേമ്പ്ര), എൻ.എം.സുഹറാബി (മൂന്നിയൂർ) തുടങ്ങിയവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com