ADVERTISEMENT

മലപ്പുറം ∙ സുബ്രതോ കപ്പ് അണ്ടർ 14 വിഭാഗത്തിൽ ചേലൊത്ത വിജയവുമായി വീണ്ടും ചേലേമ്പ്ര എൻഎൻഎംഎച്ച്എസ്എസ്. കോഴിക്കോട് നടന്ന ടൂർണമെന്റിന്റെ ഫൈനലിൽ പാലക്കാടിനെ തോൽപിച്ചാണ് (3–1) ചേലേമ്പ്ര സംസ്ഥാന കിരീടം ചൂടിയത്. ഇതോടെ, ഡൽഹിയിൽ നടക്കുന്ന രാജ്യാന്തര ടൂർണമെന്റിൽ കേരളത്തെ പ്രതിനിധീകരിക്കാനും ചേലേമ്പ്ര യോഗ്യത നേടി. മൈതാനത്തെ സുവർണ നേട്ടങ്ങളിലൂടെ ജില്ലയുടെ അഭിമാനമായി മാറിയ സ്കൂൾ തുടർച്ചയായ രണ്ടാം തവണയാണ് സുബ്രതോ കപ്പിൽ കേരളത്തെ പ്രതിനിധീകരിക്കാൻ യോഗ്യത നേടുന്നത്. അണ്ടർ 17 വിഭാഗത്തിൽ എംഐസി അത്താണിക്കലാണ് സംസ്ഥാനതല ജേതാക്കളായത്.

കഴിഞ്ഞ തവണത്തെ ജേതാക്കളെന്ന നിലയിൽ നേരിട്ട് ക്വാർട്ടറിലേക്ക് യോഗ്യത നേടിയ ചേലേമ്പ്ര ആധികാരിക ജയത്തോടെയാണ് കിരീടധാരണം പൂർത്തിയാക്കിയത്. ക്വാർട്ടറിൽ കോഴിക്കോടിനെ തകർത്ത (4–0) അവർ സെമിയിൽ തിരുവനന്തപുരത്തിന്റെ വെല്ലുവിളി (3–2) മറികടന്നു. ഇഞ്ചോടിഞ്ച് പോരാട്ടം കണ്ട ഫൈനലിൽ പാലക്കാടിനെ ടൈബ്രേക്കറിലാണ് മറികടന്നത്. എതിരാളികളുടെ 2 ഷോട്ടുകൾ തടഞ്ഞിട്ട് ഗോൾ കീപ്പർ പ്രജിലേഷാണ് ടീമിന്റെ വിജയ നായകൻ.

2014ൽ ഫുട്ബോൾ ഹോസ്റ്റൽ ആരംഭിച്ചതു മുതൽ മൈതാനത്ത് വിജയങ്ങളുടെ ഘോഷയാത്ര നടത്തിയ സ്കൂളാണ് ചേലേമ്പ്ര എൻഎൻഎംഎച്ച്എസ്എസ്. സുബ്രതോ കപ്പിലെ അണ്ടർ 17, അണ്ടർ 14 വിഭാഗങ്ങളിൽ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുത്തു. 2017സുബ്രതോ കപ്പിൽ ഇന്ത്യയിലെ മികച്ച സ്കൂളിനുള്ള പുരസ്കാരം ലഭിച്ചു. അന്ന് സെമിയിൽ അഫ്ഗാനിസ്ഥാനെതിരെ വീരോചിതം പോരാടിയാണ് കീഴടങ്ങിയത്. സംസ്ഥാനത്ത് നിന്നുള്ള കുട്ടികളെ മാത്രം ഉൾപ്പെടുത്തിയാണ് സ്കൂളിൽ ഹോസ്റ്റൽ നടത്തുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com