ADVERTISEMENT

തിരൂർ ∙ മലപ്പുറത്തെ ഓണാഘോഷം തന്നെ അമ്പരപ്പിക്കുന്നുവെന്നു സബ് കലക്ടർ സച്ചിൻ കുമാർ യാദവ്. തിരൂർ തുഞ്ചൻ പറമ്പിൽ എംഇഎസ് സംഘടിപ്പിച്ച ഓണാഘോഷ പരിപാടിയിൽ പ്രസംഗിക്കവെയാണു രാജ്യത്ത് മറ്റെവിടെയും കാണാത്ത സൗഹൃദത്തിന്റെയും ഒരുമയുടെയും ആഘോഷത്തിൽ പങ്കെടുക്കാനായതിന്റെ സന്തോഷം പങ്കുവച്ചത്. ഓണാഘോഷ പരിപാടിക്ക് മുണ്ടുടുത്ത് കേരളീയ വേഷത്തിൽ എത്തിയ അദ്ദേഹം ജില്ലയിലെ ഓണാഘോഷത്തിന്റെ മഹിമയെ ഏറെ പുകഴ്ത്തി.

അതോടൊപ്പം തന്റെ നാട്ടിൽ ഉൾപ്പെടെ നടക്കുന്ന ആഘോഷ ചിന്താഗതികളെ വിമർശിക്കാനും മറന്നില്ല. ‘രാജസ്ഥാൻ സ്വദേശിയായ ഞാൻ കേരളത്തിൽ സബ് കലക്ടറായി എത്തിയിട്ട് 9 മാസമായി. ആദ്യമായാണ് ഓണാഘോഷത്തിൽ പങ്കുചേരുന്നത്. എന്റെ നാട്ടിൽ ഉൾപ്പെടെ ആഘോഷങ്ങളെല്ലാം ഒരു വിഭാഗത്തിന്റെ മത ആചാരവുമായി ബന്ധപ്പെട്ടതാണ്. ഓരോ വിഭാഗവും അവരുടെ ആഘോഷങ്ങൾ നടത്തുന്നു.

എന്നാൽ കേരളത്തിൽ ജാത, മത വ്യത്യാസമില്ലാതെ എല്ലാവരും ഒരുമിച്ച് ഓണം ആഘോഷിക്കുന്നതു കാണുമ്പോൾ ഏറെ സന്തോഷം തോന്നുന്നു. ഇത് വേറിട്ട മാതൃകയാണ്. അഭിമാനാർഹമാണ്’– മലയാളത്തിലുള്ള സബ് കലക്ടർ സച്ചിൻ ദേവിന്റെ പ്രസംഗം കരഘോഷത്തോടെയാണു തുഞ്ചൻ പറമ്പിലെ സദസ്സ് ഏറ്റുവാങ്ങിയത്.

ചടങ്ങ് മലയാള സർവകലാശാല അധ്യാപിക ഡോ. മഞ്ജുഷ ആർ.വർമ ഉദ്ഘാടനം ചെയ്തു. അബ്ദുൽ ഖാദർ കൈനിക്കര ആധ്യക്ഷ്യം വഹിച്ചു. ഡോ. കെ.ശ്രീകുമാർ, ഡോ. പി.ശ്രീദേവി, ഗഫൂർ.പി.ലില്ലീസ്, ഡോ. ബി.ജയകൃഷ്ണൻ, കെ.മുഹമ്മദ് ഷാഫി, അൻവർ സാദത്ത് കള്ളിയത്ത്, അബ്ദുൽ ജലീൽ കൈനിക്കര, സലാം പി.ലില്ലീസ്, വി.മധുസൂദനൻ എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com