ADVERTISEMENT

പൊന്നാനി ∙ 4507.5 കോടി രൂപ; ആറുവരിപ്പാത നിർമിക്കാനായി ജില്ലയിൽ ചെലവഴിക്കുന്ന തുകയാണിത്. സ്ഥലമേറ്റെടുപ്പിനുള്ള തുക ഇതിൽ ഉൾപ്പെടില്ല. പാലങ്ങളും കലുങ്കുകളും അടിപ്പാതയും ഉൾപ്പെടുന്ന റോഡ് നിർമാണത്തിനും നടത്തിപ്പിനുമായാണ് ഇൗ തുക. രാമനാട്ടുകര മുതൽ വളാഞ്ചേരി വരെ 39.68 കിലോമീറ്റർ നീളത്തിലും വളാഞ്ചേരി മുതൽ ജില്ലാ അതിർത്തിയായ കാപ്പിരിക്കാട് വരെ 37.35 കിലോമീറ്റർ നീളത്തിലുമായി 2 റീച്ചുകളിലായാണ് പണി നടക്കുന്നത്.

രണ്ടു റീച്ചുകളുടെയും പണി ഒരേ കമ്പനി തന്നെ. കോഴിക്കോട് ജില്ലയുടെ ചെറിയൊരു ഭാഗം ഉൾക്കൊള്ളുന്നതൊഴിച്ചാൽ ബാക്കി മുഴുവൻ ഭാഗവും മലപ്പുറം ജില്ലയുടെ രണ്ടറ്റവും തൊട്ടു കിടക്കുകയാണ്. നിർമാണവും നടത്തിപ്പും കെഎൻആർസിഎൽ കമ്പനിയാണ് ഏറ്റെടുത്തിരിക്കുന്നത്. 8 മാസത്തിനകം നിർമാണം പൂർത്തിയാകുമെന്നാണ് ദേശീയപാത അതോറിറ്റിയും കരാറുകാരും ഉറപ്പിച്ചു പറയുന്നത്. 

ഏറ്റെടുത്തത് 501.62 ഏക്കർ ഭൂമി  

ജില്ലയിൽ ആറുവരിപ്പാത നിർമാണത്തിനായി ആകെ ഏറ്റെടുത്തത് 501.62 ഏക്കർ ഭൂമിയാണ്. ഇതിനായി 3680 കോടി രൂപയാണ് ചെലവഴിച്ചത്. ഗുണഭോക്താക്കൾക്ക് അവരുടെ അക്കൗണ്ടിലേക്ക് പണമെത്തിക്കുകയായിരുന്നു. ഭൂമി ഏറ്റെടുപ്പുമായി ബന്ധപ്പെട്ട് രണ്ടര വർഷം നീണ്ട പരിശ്രമമാണ് നടന്നത്. ഭൂമിയുടെ രേഖകൾ സംബന്ധിച്ച് സാങ്കേതിക കുരുക്കുകളും ചില തടസ്സങ്ങളുമുള്ള ചുരുക്കം ചിലർക്ക് പണം കൈപ്പറ്റാൻ കഴിഞ്ഞിട്ടില്ല. ബാക്കിയുള്ള മുഴുവൻ പേർക്കും തുക ലഭ്യമായി കഴിഞ്ഞു. 

സംസ്ഥാന വിഹിതം എത്ര? കേന്ദ്ര  വിഹിതമെത്ര?
920 കോടി രൂപയാണ് ആറുവരിപ്പാതയുടെ ഭാഗമായി ജില്ലയിൽ സംസ്ഥാനം ആകെ ചെലവഴിക്കുന്നത്. ഭൂമി ഏറ്റെടുത്ത വകയിൽ ചെലവഴിച്ച 3680 കോടി രൂപയുടെ 25% തുക മാത്രമാണ് സംസ്ഥാനത്തിന്റെ ബാധ്യത. ബാക്കിയുള്ള മുഴുവൻ തുകയും നിർമാണത്തിനും നടത്തിപ്പിനുമായുള്ള തുകയും കേന്ദ്ര സർക്കാരാണ് വഹിക്കുന്നത്. ഇൗ ഇനങ്ങളിലായി ആകെ 7,267.5 കോടി രൂപയാണ് ജില്ലയിൽ കേന്ദ്രം ചെലവഴിക്കുന്ന തുക. കരാറുകാർക്ക് ഫണ്ട് ലഭ്യതയിൽ ഇതുവരെ തടസ്സങ്ങൾ നേരിട്ടിട്ടില്ല. 

പൊളിച്ചത് 3000 കെട്ടിടങ്ങൾ  
ആറുവരിപ്പാതയുടെ നിർമാണത്തിനായി ജില്ലയിൽ പൊളിച്ചുനീക്കിയത് വീടുകൾ ഉൾപ്പെടെ 3000 കെട്ടിടങ്ങളാണ്. പല കെട്ടിടങ്ങളും ഭൂവുടമകൾ തന്നെയാണ് പൊളിച്ചതെങ്കിൽ ചില കെട്ടിടങ്ങൾ കരാറുകാർ പൊളിച്ചു നീക്കി. അമ്പലങ്ങളും പള്ളികളും സ്കൂൾ കെട്ടിടങ്ങളും  ഉൾപ്പെടെ പാത കടന്നുപോകുന്ന ഭാഗങ്ങളിലെ നിർമാണം തർക്കങ്ങളില്ലാതെ തന്നെ പൊളിച്ചു നീക്കാൻ‌ കഴിഞ്ഞത് ജില്ലയുടെ വികസന രംഗത്തെ അഭിമാന നേട്ടമാണ്. 

സംസ്ഥാന തല കണക്ക് ഇങ്ങനെ..
ആറുവരിപ്പാതയ്ക്കു ഭൂമി ഏറ്റെടുപ്പുമായി ബന്ധപ്പെട്ടുള്ള ആകെ ചെലവിൽ 25% തുക മാത്രമാണ് സംസ്ഥാന വിഹിതമായിട്ടുള്ളത്. ആറായിരം കോടി രൂപയിൽ താഴെയാണ് ഇൗ തുക. സ്ഥലമേറ്റെടുപ്പിന്റെ 75% തുകയും നിർമാണത്തിന്റെ മുഴുവൻ തുകയും കേന്ദ്ര സർക്കാരാണ് ചെലവഴിക്കുന്നത്. സംസ്ഥാനത്ത് ഭൂമി ഏറ്റെടുപ്പിന് ആകെ വന്ന തുക : 23,282.62 കോടി. (പുതുച്ചേരിയുടെ കുറച്ചു ഭാഗം ഇതിൽ ഉൾപ്പെടുന്നുണ്ട്). സംസ്ഥാന വിഹിതം (25%) : 5796.55 കോടി രൂപ. നിർമാണത്തിനായി കേന്ദ്രം ചെലവഴിക്കുന്ന ആകെ തുക :  41910.37 കോടി. സ്ഥലമേറ്റെടുപ്പിനായി കേന്ദ്രം ചെലവഴിച്ചത് : 17,486 കോടി. ആറുവരിപ്പാതയ്ക്കായി കേന്ദ്രം കേരളത്തിൽ ആകെ ചെലവഴിക്കുന്നത് : 59396.44 കോടി രൂപ.

ഭൂമി ഏറ്റെടുപ്പ് നടപടി സജീവമായതു മുതൽ ഭൂവുടമകൾ സഹകരിച്ചിരുന്നു. അപൂർവം ചിലരാണ് വിട്ടുനിന്നത്. 15 കോടി രൂപയൊഴിച്ച് ബാക്കിയെല്ലാം ഗുണഭോക്താക്കളിലേക്ക് എത്തിക്കാൻ കഴിഞ്ഞു. ചിലത് സാങ്കേതിക തടസ്സങ്ങൾ കൊണ്ട് ബാക്കിയായതാണ്.

English Summary:

Malappuram's Massive 4507.5 Crore Investment: Building the Future with New Six-Lane Road

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com