ADVERTISEMENT

തിരൂരങ്ങാടി  ∙ വീട്ടുനമ്പർ അനുവദിക്കുന്നതിന് കൈക്കൂലി വാങ്ങിയ പഞ്ചായത്ത് ഓവർസീയറും ഡ്രൈവറും വിജിലൻസിന്റെ പിടിയിലായി. നന്നമ്പ്ര പഞ്ചായത്ത് ഓവർസീയർ കൊടിഞ്ഞി പനക്കത്താഴം സ്വദേശി പി.ജഫ്സൽ (34),  അസി.എൻജിനീയറുടെ താൽക്കാലിക ഡ്രൈവർ പരപ്പനങ്ങാടി പ്രയാഗ് തിയറ്ററിന് സമീപം പനയങ്ങര ദിജിലേഷ് (36) എന്നിവരെയാണ് മലപ്പുറം വിജിലൻസ് ഡിവൈഎസ്പി ഫിറോസ് എം. ഷഫീഖിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.

ചെറുമുക്ക് സ്വദേശിയായ തിലായിൽ ഷഹീർ ബാബുവാണ് പരാതിക്കാരൻ. ഇദ്ദേഹത്തിന്റെ മാതാവി വീരാശ്ശേരി സൈനബയുടെ പേരിലുള്ള സ്ഥലത്ത് വീട് നിർമാണം പൂർത്തിയാക്കിയ ശേഷം വീട്ടുനമ്പറിനായി അപേക്ഷിച്ചിരുന്നു. പരിശോധിക്കാനെത്തിയ ഇരുവരും പ്ലാൻ സമർപ്പിച്ചതിൽ നിന്ന് വ്യത്യസ്തമായി ജനൽ സ്ഥാപിച്ചിട്ടുണ്ടെന്ന് പറഞ്ഞ് അനുമതി നൽകാൻ തയാറാകാതെ മടങ്ങി. അൽപം കഴിഞ്ഞ ശേഷം ഡ്രൈവർ ഫോണിൽ ബന്ധപ്പെട്ട് പണം നൽകിയാൽ നമ്പർ നൽകാമെന്ന് പറഞ്ഞു. 1500 രൂപ നൽകാമെന്ന് പറഞ്ഞപ്പോൾ 3000 വേണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ 2000 നൽകാമെന്ന് പറഞ്ഞെങ്കിലും ഇവർ സമ്മതിച്ചില്ല. ജനൽ പൊളിച്ചു മാറ്റേണ്ടി വരുമെന്ന് പറഞ്ഞു. തുടർന്ന് വിജിലൻസിനെ ബന്ധപ്പെടുകയായിരുന്നു.

വിജിലൻസിന്റെ നിർദേശ പ്രകാരം പരാതിക്കാരൻ ഡ്രൈവറെ വിളിച്ചു. വെള്ളിയാഴ്ച ഓഫിസിൽ വരാൻ പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ പരാതിക്കാരൻ പഞ്ചായത്ത് ഓഫിസിലെത്തി മുകൾ നിലയിലേക്കുള്ള കോണിയിൽ വച്ച് 3000 രൂപ കൈമാറുകയായിരുന്നു. സംഭവ സ്ഥലത്തുണ്ടായിരുന്ന വിജിലൻസ് സംഘം തുടർന്ന് ഡ്രൈവറെയും ഓവർസിയറെയും പിടികൂടി. അസി.എൻജിനീയർക്ക് വേണ്ടി വാടകക്കെടുത്ത വണ്ടിയുടെ ഡ്രൈവറാണ് ദിജിലേഷ്. ഇദ്ദേഹം ഓവർസീയറുടെ ഏജന്റായിനിന്ന് പണം വാങ്ങുകയായിരുന്നുവെന്ന് ഡിവൈഎസ്പി പറഞ്ഞു. ഇരുവരെയും അറസ്റ്റ് ചെയ്തു കോഴിക്കോട് വിജിലൻസ് കോടതിയിൽ ഹാജരാക്കി. ഡിവൈഎസ്പിക്ക് പുറമേ, സിഐ ഗിരീഷ് കുമാർ, എസ്ഐ മോഹനകൃഷ്ണൻ, ശ്രീനിവാസൻ എന്നിവരുടെ നേതൃത്വത്തിലാണ് പിടികൂടിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com