ADVERTISEMENT

മഞ്ചേരി ∙ ന്യൂജെൻ കർഷകരെ ആകർഷിക്കാൻ ആനക്കയം കാർഷിക ഗവേഷണ കേന്ദ്രത്തിൽ വിദേശ ഫലവൃക്ഷോദ്യാനം വരും. വിദേശ ഫലവൃക്ഷങ്ങളുടെ തൈകളും വിത്തുകളം ലഭ്യമാക്കാൻ മാതൃ ഫലവൃക്ഷത്തോട്ടം  (മദർ ഗാർഡൻ) ആയാണ് ഉദ്യാനം ഉണ്ടാക്കുക. ഇതിനാവശ്യമായ ഇരുനൂറോളം തൈകൾ‍ നട്ടു.

വിദേശയിനം പ്ലാവിൻ തൈകൾ, ചാമ്പ, അബിയു, മാപ്പരങ്ങ്, മാങ്കോസ്റ്റിൻ, റംബുട്ടാൻ, ഡ്രാഗൺ ഫ്രൂട്ട്, സന്തോൾ തുടങ്ങി വൈവിധ്യമാർന്ന തൈകളാണ് നട്ടു വളർത്തുന്നത്. 3 വർഷം മുതൽ 6 വർഷം കൊണ്ട് തൈകളും വിത്തുകളും ഉൽപാദിപ്പിക്കുകയാണ് ലക്ഷ്യം. വിദേശ ഫലവൃക്ഷത്തൈകൾ ആവശ്യപ്പെട്ട് ഒട്ടേറെപ്പേർ കേന്ദ്രത്തെ സമീപിച്ചതിനെ തുടർന്നാണ് നടപടി. 

ഉദ്യാനം വരുന്നതോടെ കേന്ദ്രത്തിന്റെ മുഖഛായ മാറും. കാർഷിക ഗവേഷണ കേന്ദ്രത്തിലെ റെസ്റ്റ് ഹൗസിനു സമീപത്താണ് മദർ ഗാർഡൻ ഒരുക്കിയത്. തൈകൾ പൂർണ വളർച്ചയെത്തുന്നതോടെ ഗ്രാഫ്റ്റിങ്, ബഡ്ഡിങ് എന്നിവ നടത്തി ഫല വൃക്ഷത്തൈകൾ ആവശ്യക്കാർക്ക് നൽകും. സംസ്ഥാന ഹോർട്ടികൾചർ മിഷൻ സഹായത്തോടെയാണ് പദ്ധതി. 7.5 ലക്ഷം രൂപ മിഷൻ അനുവദിച്ചു. 

ഗവേഷണ കേന്ദ്രത്തിനാണ് പദ്ധതിയുടെ സാങ്കേതിക നടത്തിപ്പും പരിപാലന ചുമതലയും. കാർഷിക സർവകലാശാലയ്ക്കു കീഴിൽ ഏറ്റവും കൂടുതൽ വരുമാനം ലഭിക്കുന്ന കേന്ദ്രമായിരുന്നു ആനക്കയം. പഴയ പ്രതാപം വീണ്ടെടുക്കാനാണ് പുതിയ പദ്ധതികൾ ആവിഷ്കരിക്കുന്നത്. കേന്ദ്രം മേധാവി ഡോ. മുസ്തഫ കുന്നത്താടി, അസി. പ്രഫസർ ഷഫ്ന കളരിക്കൽ തുടങ്ങിയവരാണ് നേതൃത്വം നൽകുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com