ADVERTISEMENT

തേഞ്ഞിപ്പലം ∙ ദേശീയപാതയിൽ കോഹിനൂർ ഒഴികെ വള്ളിക്കുന്ന് നിയോജകമണ്ഡലത്തിൽ പെട്ട 14 കിലോമീറ്ററിലും വാഹന ഗതാഗതം വൺവേ അടിസ്ഥാനത്താലാക്കി. കാക്കഞ്ചേരി വളവിലെ പൊക്കി നിർമിച്ച സർവീസ് റോഡ് കൂടി തുറന്നതോടെയാണ് വൺവേ സംവിധാനം കൂടുതൽ കാര്യക്ഷമമായത്. മിക്ക ഇടത്തും സർവീസ് റോഡുകളെ വിനിയോഗിച്ചാണ് വൺവേ സംവിധാനം. അപൂർവം ചില സ്ഥലങ്ങളിൽ ആറുവരിപ്പാതയും വിനിയോഗിക്കുന്നുണ്ട്. 

ഗതാഗത തടസ്സം കുറഞ്ഞു
ജില്ലാ അതിർത്തി മുതൽ തലപ്പാറ വരെ മണ്ഡലത്തിൽപെട്ട മിക്ക സ്ഥലങ്ങളിലും വൺവേ ആയതോടെ അമിക്കയിടത്തും ഗതാഗത തടസ്സമില്ല. മുൻപ് ഗതാഗത തടസ്സം പതിവായിരുന്ന ഇടിമുഴിക്കൽ, താഴെ ചേളാരി എന്നിവിടങ്ങളിൽ ഇപ്പോൾ പഴയ പ്രശ്നമില്ല. 

എന്നാൽ, താഴെ ചേളാരിൽ തയ്യിലക്കടവ് മരാമത്ത് റോഡിലേക്ക് വാഹനങ്ങൾ പ്രവേശിക്കാൻ കഷ്ടപ്പാടാണ് എന്ന അവസ്ഥ സർവീസ് റോഡിലും ഗതാഗതതടസ്സം സൃഷ്ടിക്കുന്നുണ്ട്. വൺവേ അടിസ്ഥാനത്തിലുള്ള റോഡിൽ എതിരെ ചെറിയ വാഹനങ്ങൾ എത്തുന്നതും പ്രശ്നം സൃഷ്ടിക്കുന്നു. 

മേലേ ചേളാരിയിൽ മാതാപ്പുഴ റോഡ് ജംക്‌ഷനിൽ നിന്ന് മാറി മേൽപാലം നിർമിച്ചതിനാൽ അവിടെ സർവീസ് റോഡിൽ തലങ്ങും വിലങ്ങും വാഹനം എത്തുന്നത് ഗതാഗതതടസ്സത്തിന് ഇടയാക്കുന്നു. പാലം വീതികൂട്ടണമെന്ന ആവശ്യം അധികൃതർ ഇതുവരെ അംഗീകരിച്ചിട്ടില്ല. 

കൊഹിനൂർ ബാക്കിയാണ്
കോഹിനൂരിൽ മാത്രമാണ് പഴയ ദേശീയപാത ശേഷിക്കുന്നത്. ഇവിടെ മേൽപാലമോ, അടിപ്പാതയോ വേണമെന്ന ആവശ്യം ദേശീയപാത അതോറിറ്റി അംഗീകരിച്ചിട്ടില്ല. ആവശ്യം പരിശോധിക്കുമെന്ന് കേന്ദ്ര മന്ത്രി വി.മുരളീധരന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിധിൻ ഗഡ്‌കരി നൽകിയ കത്തിന്റെ വെളിച്ചത്തിലുള്ള നടപടിയും ആയിട്ടില്ല. 

കാക്കഞ്ചേരി മേൽപാലം തുറന്നു
ദേശീയപാതയിൽ മിക്ക പാലങ്ങളും തുറന്നു. ഒടുവിൽ തുറന്നത് കാക്കഞ്ചേരി മേൽപാലം. പാണമ്പ്രയിൽ അടിപ്പാത സൗകര്യത്തിനായി നിർമിച്ച പാലത്തിന് മുകളിൽ ഉയരപ്പാതയുടെ നിർമാണവും പുരോഗമിക്കുകയാണ്. ആറുവരിപ്പാത നിർമാണം മേഖലയി‍ൽ പലയിടത്തും പൂർത്തിയായി. കാക്കഞ്ചേരി, യൂണിവേഴ്സിറ്റി ക്യാംപസ് തുടങ്ങി സ്ഥലങ്ങളിൽ പണികൾ പുരോഗമിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com