ADVERTISEMENT

പൊന്നാനി ∙ ആറുവരിപ്പാതയിൽ ജില്ലയിൽ വിശ്രമകേന്ദ്രങ്ങൾ ഉപേക്ഷിച്ച് ദേശീയപാതാ അതോറിറ്റി. പൊന്നാനി ഈശ്വരമംഗലം, മറവഞ്ചേരി, കോഴിച്ചെന എന്നിവിടങ്ങളിൽ വിഭാവനം ചെയ്ത വിശാലമായ വിശ്രമകേന്ദ്രങ്ങളാണ് ഉപേക്ഷിച്ചിരിക്കുന്നത്. സ്ഥലം ലഭ്യമല്ലെന്നാണ് ദേശീയപാതാ അതോറിറ്റിയുടെ വാദം. ഇതോടെ ആറുവരിപ്പാതയുടെ ഭാഗമായുള്ള പ്രധാന പദ്ധതികളിലൊന്ന് ജില്ലയ്ക്കു  നഷ്ടപ്പെടുകയാണ്. ദീർഘദൂര വാഹനങ്ങൾ മലപ്പുറം ജില്ലയിലൂടെ മിന്നൽ വേഗത്തിൽ കടന്നുപോകും. വാഹനങ്ങൾ നിർത്തിപ്പോകാനുള്ള സൗകര്യമുണ്ടായിരുന്നെങ്കിൽ അത് ജില്ലയുടെ മുന്നേറ്റത്തിന് ഏറെ ഗുണകരമാകുമായിരുന്നു. 

യാത്രയ്ക്കിടെ ഉറക്കം വന്നാൽ വാഹനം ഒതുക്കി വാഹനത്തിൽ തന്നെ ഉറങ്ങുന്നതിനു കോഹിനൂർ, കരുമ്പിൽ, പൊന്നാനി ബൈപാസ് എന്നിവിടങ്ങളിൽ സൗകര്യം ഒരുക്കുന്നുണ്ട്. ഇൗ ഭാഗങ്ങളിൽ പ്രത്യേക ഭൂമി ഏറ്റെടുത്തിട്ടില്ലെങ്കിലും നിലവിൽ ലഭ്യമായ സ്ഥലത്ത് സൗകര്യമൊരുക്കുകയാണ് ലക്ഷ്യം. ഇത്തരം കേന്ദ്രങ്ങളിൽ ശുചിമുറി സൗകര്യമുണ്ടായിരിക്കും.  പാതയുടെ ഭാഗമായി വച്ചുപിടിപ്പിക്കാൻ പദ്ധതിയിട്ടിരുന്ന തണൽമരങ്ങളുടെ കാര്യത്തിലും അന്തിമ തീരുമാനമായിട്ടില്ല. ഇതിനും സ്ഥലം ലഭ്യമല്ലെന്ന വാദങ്ങൾ ഉയർന്നിട്ടുണ്ട്.  

നഷ്ടം ഇൗ പ്രദേശങ്ങളിൽ
കോഴിക്കോട്ടു നിന്നു വരുമ്പോൾ കോഴിച്ചെനയിൽ റോഡിന്റെ ഇടതു വശത്താണ് വിശ്രമകേന്ദ്രം വിഭാവനം ചെയ്യപ്പെട്ടിരുന്നത്. പൊന്നാനി ബൈപാസിൽ മറവഞ്ചേരിയിൽ ആറുവരിപ്പാതയുടെ വലതു വശത്തും ഇൗശ്വരമംഗലം മൊഹ്‌യുദ്ദീൻ പള്ളിക്കു സമീപം റോഡിന്റെ ഇടതു ഭാഗത്തുമാണ് വിശ്രമകേന്ദ്രങ്ങൾ വിഭാവനം ചെയ്തിരുന്നത്. അഞ്ച് ഏക്കർ ഭൂമിയിൽ വിശാലമായ ബസ് സ്റ്റാൻഡ് ഉൾപ്പെടുന്ന തരത്തിലാണ് ആറുവരിപ്പാതയുടെ ഭാഗമായുള്ള വിശ്രമകേന്ദ്രങ്ങൾ ഒരുക്കാൻ പദ്ധതിയിട്ടത്. ചാർജിങ് സ്റ്റേഷൻ, താമസ മുറികൾ ഉൾപ്പെടെയുള്ള സൗകര്യങ്ങളും വിഭാവനം ചെയ്തിരുന്നു.

വാഹനം ഒതുക്കിഉറങ്ങാൻ
യാത്രയ്ക്കിടെ ഉറക്കം വന്നാൽ വാഹനം ഒതുക്കി വാഹനത്തിൽ തന്നെ ഉറങ്ങുന്നതിനു കോഹിനൂർ ഭാഗത്ത് ആറുവരിപ്പാതയുടെ ഇടതു വശത്തും കരുമ്പിൽ ഭാഗത്ത് റോഡിന്റെ വലതു വശത്തും പൊന്നാനി ബൈപാസിൽ മിനിപമ്പയ്ക്കടുത്ത് റോഡിന്റെ ഇടതുവശത്തും അയങ്കലത്തിനു സമീപം റോഡിന്റെ വലതുവശത്തുമാണ് സൗകര്യം ഒരുക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com