ADVERTISEMENT

തിരൂർ ∙ ഇരുമുന്നണികളും സ്ഥാനാർഥികളെ പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പിനു കാഹളം മുഴക്കിയതോടെ പടയാളികളായ അണികൾ പ്രവർത്തനങ്ങളും തുടങ്ങി. ചുമരെഴുത്തുകളും പോസ്റ്റർ പതിക്കലുമാണ് ആദ്യഘട്ടത്തിൽ ഇവർ നടത്തുന്നത്. കഴിഞ്ഞ ദിവസം പൊന്നാനി ലോക്സഭയിലെ ഇടതു സ്ഥാനാർഥിയായി കെ.എസ്.ഹംസയെ പ്രഖ്യാപിച്ചതോടെ രാത്രി തന്നെ പ്രവർത്തകർ റോഡിലും ചുമരുകളിലും ചിഹ്നം വരച്ചു തുടങ്ങി. ‌ആദ്യമായിട്ടാണ് ഈ തലമുറയിലെ പ്രവർത്തകർ പൊന്നാനി ലോക്സഭാ തിരഞ്ഞെടുപ്പിനു വേണ്ടി സിപിഎമ്മിന്റെ ഔദ്യോഗിക ചിഹ്നമായ അരിവാൾ ചുറ്റിക നക്ഷത്രം വരയ്ക്കുന്നത്. 

അതിന്റെ ആവേശം അവരിൽ പ്രകടമായിരുന്നു. രാത്രി ഏറെ വൈകിയും ചുമരുകൾ ബുക്ക് ചെയ്യുന്നതിനും റോഡിൽ ചിഹ്നം വരയ്ക്കുന്നതിനുമായി അവർ സമയം കണ്ടെത്തി. ഇന്നലെ ലീഗും സ്ഥാനാർഥിയെ പ്രഖ്യാപിച്ചതോടെ യുഡിഎഫ് പ്രവർത്തകരും ഇതേ ആവേശത്തിലായി. കോണി ചിഹ്നവും ഒപ്പം സ്ഥാനാർഥിയുടെ പേരും എഴുതി വോട്ട് അഭ്യർഥിക്കുന്ന ചുമരെഴുത്തിന്റെ തിരക്കിലേക്ക് അവരും നീങ്ങി. ബിജെപി പ്രവർത്തകരും ചുമരുകൾ ബുക്ക് ചെയ്തു തുടങ്ങിയിട്ടുണ്ട്. ഇനി സ്ഥാനാർഥിയെ അറിഞ്ഞാലുടൻ പേരും ചിഹ്നവും എഴുതിച്ചേർക്കും. തിരഞ്ഞെടുപ്പ് പ്രഖ്യാപനം നടന്നാലുടൻ മുന്നണികളുടെ ലോക്സഭ കൺവൻഷൻ നടക്കും. പിന്നെ പ്രവർത്തകർ വീടുകളിൽ വോട്ടഭ്യർഥിച്ചെത്തും. 

ചൂടുപിടിച്ചു പ്രചാരണം
യുഡിഎഫ് സ്ഥാനാർഥിയായി എം.പി.അബ്ദുസ്സമദ് സമദാനിയും എത്തിയതോടെ പൊന്നാനി ലോക്സഭാ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ചൂട് പിടിച്ചു. ഇന്നലെ വൈകിട്ടോടെയാണ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനു തുടക്കമിട്ട് സമദാനി തിരൂരിലെത്തിയത്. കുറുക്കോളി മൊയ്തീൻ എംഎൽഎ, യുഡിഎഫ് ചെയർമാൻ പി.ടി.അജയ് മോഹൻ എന്നിവർക്കൊപ്പമാണ് സ്ഥാനാർഥി തിരൂരിലെത്തിയത്. ആദ്യം മണ്ഡലം ലീഗ് ഓഫിസിൽ എത്തി നേതാക്കളെയും പ്രവർത്തകരെയും കണ്ടു. 

പൊന്നാനി മണ്ഡലം തന്റെ നാടുതന്നെയാണെന്നും കോട്ടയ്ക്കലിൽ എംഎൽഎ ആയിരുന്ന കാലത്ത് ഇവിടെയുള്ള ജനങ്ങളുമായി അടുത്ത് ഇടപഴകാൻ അവസരം ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. തുടർന്ന് പൂങ്ങോട്ടുകുളത്ത് നിന്ന് തിരൂർ ബസ് സ്റ്റാൻഡ് വരെ തുറന്ന വാഹനത്തിൽ കയറി യാത്ര നടത്തി. ബസ് സ്റ്റാൻഡിൽ വച്ച് അദ്ദേഹം വോട്ടഭ്യർഥനയും നടത്തി.

ഇതിനിടെ സെൽഫിയെടുക്കാനും പരിചയപ്പെടാനും പരിചയം പുതുക്കാനുമായി പ്രവർത്തകർ തിങ്ങിക്കൂടി. ലോക്സഭാ കൺവൻഷൻ ആരംഭിച്ച ശേഷമായിരിക്കും പ്രചാരണം ശക്തമാക്കുക. അതുവരെ സ്വകാര്യ സന്ദർശനങ്ങൾ നടത്തും. ഇന്നലെ ഇടതു സ്ഥാനാർഥി കെ.എസ്.ഹംസ തൃത്താലയിലും കോട്ടയ്ക്കലിലുമാണ് സന്ദർശനം നടത്തിയത്. രണ്ടിടത്തും സ്വകാര്യ സന്ദർശനങ്ങളായിരുന്നു. കോട്ടയ്ക്കൽ ആര്യവൈദ്യശാലയിലും അദ്ദേഹം സന്ദർശനം നടത്തി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com