ADVERTISEMENT

ഇന്ത്യൻ ഗുണനിലവാരത്തിലുള്ള ഷീറ്റുകൾ കിട്ടാനില്ലെന്നും പകരം വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുന്ന ഷീറ്റുകൾ ഉപയോഗിക്കാൻ കരാറുകാർക്ക് അനുമതി നൽകണമെന്നും നിർദേശിച്ച് കെ.ടി.ജലീൽ അയച്ച കത്ത് പുറത്ത്...

പൊന്നാനി ∙ ചമ്രവട്ടം പദ്ധതിയിൽ ഷീറ്റ് തിരിമറിക്കു വഴിയൊരുക്കി മുൻ മന്ത്രിയും തവനൂർ എംഎൽഎയുമായ കെ.ടി.ജലീൽ അന്നത്തെ വകുപ്പുമന്ത്രിക്ക് അയച്ച കത്ത് പുറത്ത്. ഡൽഹി ഐഐടി വിദഗ്ധർ തയാറാക്കിയ പദ്ധതിക്ക് തുരങ്കംവയ്ക്കുന്ന നിർദേശം വച്ചുകൊണ്ടാണ്, മന്ത്രിയായിരിക്കെ ജലീൽ അന്നത്തെ ജലവിഭവവകുപ്പ് മന്ത്രി കെ.കൃഷ്ണൻകുട്ടിക്കു കത്ത് നൽകിയത്. വിവാദമായ കത്തുകൾ ‘മനോരമ’യ്ക്കു ലഭിച്ചു. ഷീറ്റുകൾ മാറ്റുന്നതിലൂടെ കോടികളുടെ വ്യത്യാസമുണ്ടാകുമെന്ന് തിരിച്ചറിഞ്ഞിട്ടും കെ.ടി.ജലീൽ എംഎൽഎ ഉൾപ്പെടെയുള്ളവർ ബോധപൂർവം മറച്ചുവച്ചുവെന്നാണ് ആരോപണം.

ലക്ഷ്യമിട്ടത് 444 ടൺ ഇരുമ്പിന്റെ തട്ടിപ്പ്
∙ ഇന്ത്യൻ ഗുണനിലവാരത്തിലുള്ള ഷീറ്റുകൾക്കു പകരം ചൈനയിൽനിന്ന് ഷീറ്റിറക്കിയപ്പോൾ ടൺ കണക്കിന് ഇരുമ്പിന്റെ തൂക്കം കുറഞ്ഞു. ഇൗ കുറവ് പദ്ധതിച്ചെലവിൽ വരവുവച്ചില്ല. മറിച്ച് ചെലവ് കൂട്ടി. 29.75 കോടി രൂപയുടെ പദ്ധതി ഇപ്പോൾ എത്തിനിൽക്കുന്നത് 45.06 കോടി രൂപയിലാണ്. 444 ടൺ ഇരുമ്പിന്റെ കുറവ് വരുമെന്ന് അറിഞ്ഞിട്ടും ഇൗ കുറവ് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടിയില്ല. തുടക്കം മുതലേ ഇതിനെതിരെ പൊരുതിയ ഡിവിഷനൽ അക്കൗണ്ട്സ് ഓഫിസറെ ഒറ്റപ്പെടുത്തി ആക്രമിച്ചു. ഒടുവിൽ വയനാട്ടേക്കു സ്ഥലംമാറ്റി. ഇതെല്ലാം അറിഞ്ഞിട്ടും മന്ത്രിയും എംഎൽഎയുമെല്ലാം ‘കണ്ണടച്ചിരുന്നു’.  

സകലരെയും വിലയ്ക്കെടുത്ത കരാറുകാരൻ
∙ റഗുലേറ്ററിന്റെ താഴ്‌ഭാഗത്ത് 1,000 മീറ്റർ നീളത്തിൽ ഷീറ്റുകൾ അടിച്ചിറക്കാനായിരുന്നു കരാർ. എന്നാൽ, പകുതിഭാഗത്തു ഷീറ്റ് അടിച്ചപ്പോഴേക്കും കരാറുകാരൻ റഗുലേറ്ററിന്റെ മുകൾഭാഗത്തു ഷീറ്റടിച്ചിറക്കാൻ തുടങ്ങി. ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരെല്ലാം അമ്പരന്നു. പറയാത്ത പണി കരാറുകാരൻ എന്തിനു ചെയ്യണം? ഉദ്യോഗസ്ഥരുടെ ചോദ്യത്തിനു പുഞ്ചിരിയോടെ കരാറുകാരൻ പറഞ്ഞു–‘മുകളീന്ന് ഉടൻ അനുമതി വരും’. 

ഇതിനു ശേഷം ഒക്ടോബർ 17ന് തിരുവനന്തപുരത്തു ചീഫ് എൻജിനീയറുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു. ചമ്രവട്ടം റഗുലേറ്ററിന്റെ മുകൾഭാഗത്തു കൂടി ഷീറ്റുകൾ അടിച്ചിറക്കാനും പദ്ധതിത്തുക 45.06 കോടി രൂപയിലേക്ക് ഉയർത്തി പദ്ധതി പുതുക്കി സർക്കാർ അനുമതിക്കായി സമർപ്പിക്കാനും യോഗം തീരുമാനിച്ചു. ഉന്നതരുടെ തീരുമാനം വന്നതോടെ കരാറുകാരന്റെ നടപടി ചോദ്യം ചെയ്ത ഉദ്യോഗസ്ഥർ  അമ്പരന്നു. കരാറുകാരന്റെ പിടിപാട് ഉദ്യോഗസ്ഥർക്കു നന്നായി ബോധ്യപ്പെട്ടു. 

ഒത്താശയ്ക്ക് എംഎൽഎ ഫണ്ടും 
∙ നിലവാരം കുറഞ്ഞ ഷീറ്റുകൾ സ്ഥാപിക്കുന്നതിന് ആവശ്യമെങ്കിൽ എംഎൽഎ ഫണ്ട് സ്വീകരിക്കാമെന്ന് ചീഫ് എൻജിനീയറുടെ നേതൃത്വത്തിൽ നടന്ന ഉന്നതതല യോഗത്തിൽ നിർദേശമുണ്ടായി. നിർദേശം സംബന്ധിച്ച യോഗതീരുമാനം പുറത്തുവന്നിട്ടുണ്ട്. റഗുലേറ്ററിന്റെ മുകൾഭാഗത്ത് അനുമതിയില്ലാതെ കരാറുകാർ ഷീറ്റടിക്കുമ്പോൾ, ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥർ വിട്ടുനിന്നിരുന്നു. എന്നിട്ടും ഇൗ പണികൾ അംഗീകരിച്ച് പദ്ധതി റിവൈസ് ചെയ്തുനൽകാൻ ഉന്നതതലത്തിൽ തീരുമാനമെടുത്തു. 

പണത്തിൽ വീണുപോയവർ
∙ കരാർ കാലാവധി നീട്ടിനൽകുക, ബില്ല് പാസായി കിട്ടുക, നിർമാണം ശരിവയ്ക്കുക... ഇങ്ങനെ പ്രധാന ചില കടമ്പകൾ കടന്നുകഴിഞ്ഞാൽ ചില ഉന്നതർക്കു കരാറുകാരുടെ വക പാരിതോഷികം മുടങ്ങാതെ എത്തുന്നുണ്ടെന്നാണ് ആരോപണം. പണം കൈപ്പറ്റാതെ ആത്മാർഥത കാണിച്ചു മാറിനിൽക്കുന്ന ഉദ്യോഗസ്ഥരും കൂട്ടത്തിലുണ്ട്.  29 മാസത്തിനിടെ 4 തവണയാണ് കരാർ നീട്ടിനൽകിയത്. ഇനിയും എത്ര തവണ നീട്ടേണ്ടിവരുമെന്ന് ഒരു ധാരണയുമില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com