ADVERTISEMENT

തേഞ്ഞിപ്പലം ∙ കാലിക്കറ്റ് സർവകലാശാലയിൽ കാലഹരണപ്പെട്ട നെറ്റ്‌വർക് ശൃംഖല വിദ്യാർഥികളുടെ പഠന പ്രവർത്തനങ്ങളെ ബാധിക്കുന്നതു കൂടി കണക്കിലെടുത്ത് ശ്വാശതമായി പരിഷ്കരിക്കാൻ തീരുമാനം. ആദ്യഘട്ടമായി പരീക്ഷാ ഭവനിൽ ലാൻ നെറ്റ്‌വർക് ശൃംഖല ഏർപ്പെടുത്തിയത് വിജയകരം. അടുത്ത ഘട്ടമായി പഠന വകുപ്പുകളിലും ഭരണ കാര്യാലയത്തിലും ഹോസ്റ്റലുകളിലും ലാൻ, വൈഫൈ, സിസിടിവി ക്യാമറ ശൃംഖലകൾ പദ്ധതിയനുസരിച്ച് സ്ഥാപിക്കും. പിഡബ്ല്യുഡി ഇലക്ട്രോണിക്സ് വിഭാഗത്തിനാണ് ഇതിന്റെ കരാർ. ജോലികൾ മാസങ്ങൾക്കകം പൂർത്തിയാക്കി തടസ്സമില്ലാതെ വൈഫൈ പഠന മുറികളിലും മറ്റും ഉറപ്പാക്കലും ലക്ഷ്യമാണ്.

സ്ഥാപന പ്രവേശന കവാടത്തിലാണ് മുഖ്യമായും സുരക്ഷ ലക്ഷ്യം വച്ച് സിസിടിവി ക്യാമറകൾ പരിഗണിക്കുന്നത്. ഭൂഗർഭ കേബിൾ ശൃംഖല ഇതിനകം സ്ഥാപിച്ചിട്ടുണ്ട്. ഇപ്പോൾ ക്യാംപസിൽ നിലവിലുള്ള വൈഫൈ സംവിധാനം മുൻപ് 2 ഘട്ടങ്ങളിലായി സ്ഥാപിച്ചതാണ്. കഴിഞ്ഞ 4 ദിവസം വൈഫൈ മുടങ്ങിയതും വിദ്യാർഥികളെ വല്ലാതെ ബാധിച്ചു. നാഷനൽ നോളജ് നെറ്റ്‌വർക്ക് കണക്ടിവിറ്റിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും കാരണമാണെന്ന് അധികൃതർ പറഞ്ഞു. അവധി ദിവസങ്ങളിൽ ചിലയിടത്ത് വൈഫൈ ഉപകരണങ്ങൾ ഓഫാക്കി വച്ചത് മറ്റ് പലയിടത്തും ബാധിച്ചതായും പറയുന്നു. 7 കോടിയിൽപരം രൂപ മുടക്കി ക്യാംപസിൽ നെറ്റ‌്‌വർക്കിങ് സംവിധാനം ആധുനീകരിക്കാനാണ് പദ്ധതി. 7 മാസത്തിനകം നെറ്റ്‌വർക്കിങ് ആധുനീകരണം പൂർത്തിയാകുമെന്നാണ് പ്രതീക്ഷ. 

എസ്എഫ്ഐഉപരോധിച്ചു
∙ കാലിക്കറ്റ് സർവകലാശാലാ ക്യാംപസിൽ പുരുഷ– വനിതാ ഹോസ്റ്റലുകളിൽ വൈഫൈ സംവിധാനം നിലച്ചത് വിദ്യാർഥികളുടെ പഠനത്തെ ബാധിച്ചതിൽ പ്രതിഷേധിച്ച് എസ്എഫ്ഐ പ്രവർത്തകർ രണ്ടര മണിക്കൂർ വിസി ഡോ. എം.കെ. ജയരാജിനെ ചേംബറിൽ ഉപരോധിച്ചു. ഒരാഴ്ചയ്ക്കകം പുതിയ മോഡം സ്ഥാപിച്ച് വൈഫൈ സംവിധാനം കാര്യക്ഷമമാക്കാമെന്ന് ഉറപ്പ് ലഭിച്ചതിനെ തുടർ‍ന്നാണ് സമരക്കാർ മടങ്ങിയത്. ഉച്ചയ്ക്ക് ഭരണ കാര്യാലയത്തിൽ പ്രവേശിച്ച സമരക്കാർ ചേംബറിലെത്തി മുദ്രാവാക്യം മുഴക്കുകയായിരുന്നു. വിവരമറിഞ്ഞ് പൊലീസും എത്തിയിരുന്നു. 

യൂണിവേഴ്സിറ്റി എൻജിനീയർ ജയൻ പാടശേരിയെയും കംപ്യൂട്ടർ സെന്റർ ഡയറക്ടർ ഡോ. വി.എൽ. ലജീഷിനെയും ചേംബറിൽ വിളിച്ച് വരുത്തി സമരക്കാരുടെ സാന്നിധ്യത്തിൽ വസ്തുതകൾ ആരാഞ്ഞ ശേഷമാണ് പരിഹാര തീരുമാനമുണ്ടായത്. വിദ്യാർഥികളുടെ പഠന മുറികളിൽ ഒരാഴ്ചയ്ക്കകം തടസ്സമില്ലാതെ വൈഫൈ ലഭ്യമാക്കാനാണ് ധാരണ. അതേസമയം, സമരം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവർത്തകരിൽ ചിലരെ സുരക്ഷാ ഉദ്യോഗസ്ഥർ ഭരണ കാര്യാലയത്തിൽ പ്രവേശിപ്പിച്ചില്ലെന്നത് വിവാദവുമായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com