ADVERTISEMENT

കൊണ്ടോട്ടി ∙ വിമാനത്താവള വികസനത്തിനു സ്ഥലം ഏറ്റെടുക്കുമ്പോൾ അധികൃതർ പരിസരവാസികൾക്കു നൽകിയ വാഗ്ദാനങ്ങൾ എന്നു നടപ്പാകുമെന്നു നാട്ടുകാർ. വീടുനിർമാണത്തിന് എൻഒസി നൽകൽ, വഴിയില്ലാതാകുന്ന കുടുംബങ്ങളുടെ പ്രശ്നം, ക്രോസ് റോഡ് ഇല്ലാതാകുമ്പോൾ പകരം റോഡ് നിർമിക്കൽ തുടങ്ങിയ കാര്യങ്ങളിൽ പരിഹാരം നീളുമ്പോൾ ആശങ്കയിലാണ് വിമാനത്താവള വികസനത്തിനു കൂടെനിന്ന നാട്ടുകാർ.വിമാനത്താവള പരിസരത്ത് വീടു നിർമിക്കുന്നവർക്ക് എൻഒസി നിർബന്ധമാക്കിയതിനാൽ വലിയ പ്രയാസമാണ് ഏറെക്കാലമായി പരിസരവാസികൾ നേരിടുന്നത്. സ്ഥലം ഏറ്റെടുക്കൽ പ്രശ്നം ഉന്നയിച്ചപ്പോൾ നാട്ടുകാർ പ്രധാനമായും ചൂണ്ടിക്കാട്ടിയത്, ഇടയ്ക്കിടെ സ്ഥലം ഏറ്റെടുക്കൽ പറഞ്ഞ് എൻഒസി നൽകാത്ത വിഷയമായിരുന്നു. 

വീണ്ടും സ്ഥലം ഏറ്റെടുക്കുന്നില്ലെന്നും എൻഒസി നൽകുന്നതിനു തടസ്സമില്ലെന്നും പ്രശ്നങ്ങൾക്ക് ഉടൻ പരിഹാരം കാണുമെന്നും ആയിരുന്നു അധികൃതരുടെ മറുപടി. എന്നാൽ, ഇതുവരെ എൻഒസി ലഭിക്കാത്ത നൂറോളം അപേക്ഷകരുണ്ടെന്നു പ്രദേശത്തെ കൗൺസിലറും സ്ഥിരസമിതി അധ്യക്ഷനുമായ കെ.പി.ഫിറോസ് പറഞ്ഞു. അവരിൽ ചിലർ വിമാനത്താവള വികസനത്തിനായി സ്ഥലം വിട്ടുനൽകിയവരാണ്. അവരുടെ വീട് പൊളിച്ചുമാറ്റുന്നതു മുന്നിൽക്കാണുമ്പോൾ, പകരം സമീപ പ്രദേശത്തു വീടുനിർമാണത്തിന് അനുമതി ലഭിക്കാത്ത പ്രതിസന്ധിയും നേരിടേണ്ട സാഹചര്യമാണ്. അടുത്തിടെ, എയർപോർട്ട് അതോറിറ്റി എൻഒസി നൽകിയ വീടുകൾക്കു സമീപം സ്ഥലം വാങ്ങി വീടുപണി തുടങ്ങിയവരുണ്ട്. അവർക്കും എൻഒസി ലഭിച്ചിട്ടില്ല.

നിയമസഭയിലും മുഖ്യമന്ത്രി വിളിച്ചു ചേർത്ത യോഗത്തിലും എയർപോർട്ട് ഉപദേശക സമിതി യോഗത്തിലും മറ്റുമായി വിഷയം ചർച്ച ചെയ്യാത്ത സ്ഥലമില്ല. നടപടി മാത്രമാണു നീളുന്നത്.എയർപോർട്ട് അതോറിറ്റിയുടെ കൈവശമുള്ള സ്ഥലത്തിലൂടെ കടന്നുപോകുന്ന ക്രോസ് റോഡ് റൺവേ വികസനത്തിന്റെ ഭാഗമായി അടച്ചതായി കാണിച്ച് അതോറിറ്റി ബോർഡ് സ്ഥാപിച്ചിട്ടുണ്ട്. നാട്ടുകാരുടെ പ്രയാസം കണക്കിലെടുത്ത് റോഡ് അടച്ചിട്ടില്ലെന്നു മാത്രം. അതിനാൽ, തൽക്കാലം ഗതാഗതം തുടരുന്നുണ്ട്. 

റോഡ് അടച്ച് ഈ ഭാഗം മണ്ണിട്ട് ഉയർത്തിയാലേ റൺവേ വികസനവുമായി മുന്നോട്ടു പോകാനാകൂ. പകരം റോഡ് നിർമിക്കുന്നതിനു സംസ്ഥാന സർക്കാർ ശ്രമം തുടങ്ങിയിട്ടുണ്ടെങ്കിലും നടപടിക്കു വേഗം പോരെന്നാണ് ആക്ഷേപം. വിമാനത്താവള വികസനത്തിനായി ഏറ്റെടുത്ത സ്ഥലത്തിനോടു തൊട്ടടുത്തുള്ള വീട്ടുകാരിൽ പലരും അവരുടെ വീടും ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എയർപോർട്ട് അതോറിറ്റിയുടെ മതിലിനോടു തൊട്ടടുത്തു താമസിക്കാനുള്ള പ്രയാസമാണ് അവർ ചൂണ്ടിക്കാട്ടുന്നത്. വഴി പൂർണമായും നഷ്ടപ്പെട്ട വീട്ടുകാരുമുണ്ട്. പ്രദേശത്തെ അങ്കണവാടിക്കും റോഡ് നഷ്ടമായിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com