ADVERTISEMENT

എടക്കര ∙ ശല്യക്കാരായ കാട്ടുപന്നികളെ വെടിവച്ചുകൊന്നു സെഞ്ചറി തികച്ചു വഴിക്കടവ് മണിമൂളിയിലെ മൂച്ചിക്കാടൻ അബ്ദുൽ ഗഫൂർ. അവസാനമായി കാട്ടുപന്നിയെ വെടിവച്ചതു തിങ്കൾ രാവിലെ 6.30ന് നാരോക്കാവ് കുട്ടിക്കുന്നിലാണ്. കഴിഞ്ഞ ഒരു മാസത്തോളമായി നാട്ടുകാരുടെ ഉറക്കംകെടുത്തിയ പന്നിയായിരുന്നു ഇത്. കൃഷി വ്യാപകമായി നശിപ്പിച്ചതിനു പുറമേ 2 പേരെ ആക്രമിച്ചു പരുക്കേൽപിക്കുകയും ചെയ്തു ഈ പന്നി. ഇതിനെ കൊന്നതോടെ, വഴിക്കടവ് പഞ്ചായത്ത് അധികൃതരുടെ രേഖയിൽ, ഗഫൂർ വെടിവച്ചു കൊന്ന പന്നികളുടെ എണ്ണം 100 തികഞ്ഞു. പരമ്പരാഗത കർഷക കുടുംബത്തിലെ അംഗമാണു ഗഫൂർ.  

വന്യമൃഗങ്ങൾ കൃഷി നശിപ്പിച്ചാലുണ്ടാകുന്ന കർഷകന്റെ വേദന ഇദ്ദേഹം നേരിട്ടനുഭവിച്ചിട്ടുണ്ട്.  ആക്രമണകാരികളായ വന്യജീവികളെ വെടിവച്ചു കൊല്ലാൻ വഴിക്കടവ് പഞ്ചായത്ത് തയാറാക്കിയ പാനലിലെ ആദ്യ പേര് അങ്ങനെ ഗഫൂറിന്റേതായി. തോക്ക് ഉപയോഗിക്കാനുള്ള ലൈസൻസ് ഏറെക്കാലമായുണ്ട്. പിതാവ് മൂച്ചിക്കാടൻ മുഹമ്മദലിയും വല്യുപ്പ മൊയ്തുട്ടിയും തോക്ക് ഉപയോഗിക്കുന്നതു കണ്ടതാണു ഗഫൂറിനെയും ഷൂട്ടറാക്കിയത്. പാലക്കാടുള്ള ഷൂട്ടിങ് ദേശീയ താരം ദിലീപ് മേനോനിൽനിന്നു പരിശീലനവും നേടി. പ്രവാസിയായിരുന്ന ഗഫൂർ നാട്ടിലെത്തി കർഷകനായി. കംപ്യൂട്ടർ ആപ്ലിക്കേഷനിൽ ഡിപ്ലോമ പൂർത്തിയാക്കി ഒരു വിദേശ കമ്പനിക്കായി വീട്ടിലിരുന്നുതന്നെ ജോലിയും ചെയ്യുന്നുണ്ട്.

ജീവൻ പണയംവച്ചുള്ള വേട്ട
∙ കാട്ടുപന്നികളെ വെടിവയ്ക്കുന്നതു ജീവൻ പണയപ്പെടുത്തിയുള്ള ദൗത്യമാണെന്നു ഗഫൂർ പറയുന്നു. വെടി ഉതിർക്കാൻ തയാറെടുക്കുന്നതിനിടയിൽ പന്നി ചീറിയടുത്ത ഒട്ടേറെ അനുഭവങ്ങളുണ്ടായിട്ടുണ്ട്. തലനാരിഴയ്ക്കാണു പലപ്പോഴും രക്ഷപ്പെട്ടിട്ടുള്ളത്.  മണിമൂളി മൂന്നൂറിൽ പന്നിയും തേനീച്ചക്കൂട്ടവും ഒന്നിച്ച് ആക്രമിക്കാനെത്തിയ സംഭവവും ഉണ്ട്. വെടിവച്ചതോടെ പന്നിക്കൂട്ടം ചിതറിയോടി തോട്ടത്തിലെ തേനീച്ചപ്പെട്ടികൾ തകർന്നു. തലയിൽ ഘടിപ്പിച്ച ലൈറ്റ് കണ്ടു തേനീച്ചകൾ കൂട്ടത്തോടെ പറന്നെത്തി. കൂടെ പന്നിയും ഉണ്ടായിരുന്നു. ലൈറ്റ് ഓഫ് ചെയ്ത് ഓടിരക്ഷപ്പെടുകയായിരുന്നെന്നു ഗഫൂർ പറയുന്നു.

പണിക്കൂലിയില്ല,പണിക്കുറവുമില്ല
∙ 100 കാട്ടുപന്നികളെ വെടിവച്ചുകൊന്ന ഇനത്തിൽ എത്ര രൂപ പ്രതിഫലം കിട്ടിക്കാണും? പൂജ്യം എന്നാണു ഗഫൂറിന്റെ ഉത്തരം. വെടിവയ്ക്കുന്ന ഷൂട്ടർക്ക് 1000 രൂപയും ജഡം സംസ്കരിക്കാനുള്ള ചെലവ് 1000 രൂപയും അനുവദിക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാൽ, ഈ തുക പഞ്ചായത്തും വനം വകുപ്പും നൽകാൻ തയാറായിട്ടില്ല. വെടിവയ്ക്കാ‍ൻ പോകുന്നത് ഏറെയും രാത്രിയിലാണ്. രാത്രി മുഴുവൻ ഉറക്കം ഒഴിക്കേണ്ട സാഹചര്യം ഉണ്ടായാൽ പിറ്റേദിവസം പകൽ ജോലി മുടങ്ങും. തിരകൾ വാങ്ങാനും വലിയ ചെലവാണ്. ജില്ലയിൽ എവിടെയും ആർമറികളില്ലാത്തതിനാൽ പാലക്കാട്ടോ എറണാകുളത്തോ പോയി വേണം തിരകൾ വാങ്ങാൻ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com