ADVERTISEMENT

എടക്കര ∙ കുറുമ്പലങ്ങോട്ട് ഭീതിപരത്തുന്ന കാട്ടുകൊമ്പനെ ഉൾക്കാട്ടിലേക്കു തുരത്തുന്നതിനായി വനം വകുപ്പ് പൊലീസിന്റെ സഹായത്തോടെ ഡ്രോൺ പറത്തി പരിശോധന തുടങ്ങി. നാട്ടിലിറങ്ങി പരാക്രമം നടത്തുന്ന വന്യമൃഗത്തിന്റെ സാന്നിധ്യം മനസ്സിലാക്കാൻ വനം വകുപ്പ് ഡ്രോൺ ഉപയോഗിച്ചുള്ള പരിശോധന നടത്തുന്നത് ജില്ലയിൽ ആദ്യമായാണ്. ഒരു തവണ മാത്രമാണു ഡ്രോൺ പറത്താനായത്. മഴകാരണം 10 മിനിറ്റിനകം തന്നെ താഴെ ഇറക്കേണ്ടി വന്നു. രാവിലെ പതിനൊന്നോടെ ഡ്രോണുമായി പൊലീസ് സംഘം എത്തിയെങ്കിലും മഴ തടസ്സമായി. വൈകിട്ട് അഞ്ചോടെയാണ് ഡ്രോൺ പറത്തിനോക്കിയത്. ഇതിൽ ആനയുടെ സാന്നിധ്യം കണ്ടെത്താനായില്ല. ജനവാസ കേന്ദ്രത്തോടുചേർന്ന് 2.25 സ്ക്വയർ കിലോമീറ്റർ ചുറ്റളവിലുള്ള, കാഞ്ഞിരപ്പുഴ വനം സ്റ്റേഷൻ പരിധിയിലെ ഏറമ്പാടം വനമേഖല കേന്ദ്രീകരിച്ചാണു പരിശോധന. 

കാട്ടുകൊമ്പനെ ഉൾക്കാട്ടിലേക്കു തുരത്തുന്നതിനായി വനം വകുപ്പ് നടത്തിയ പരിശോധനയിൽ ഉദ്യോഗസ്ഥർ.
കാട്ടുകൊമ്പനെ ഉൾക്കാട്ടിലേക്കു തുരത്തുന്നതിനായി വനം വകുപ്പ് നടത്തിയ പരിശോധനയിൽ ഉദ്യോഗസ്ഥർ.

ആന ഈ വനമേഖലയിലുണ്ടെന്നാണു സംശയിക്കുന്നത്. നിലമ്പൂർ നോർത്ത് ഡിഎഫ്ഒ പി.കാർത്തിക് ആവശ്യപ്പെട്ടതിനെത്തുടർന്നാണു ജില്ലാ പൊലീസ് മേധാവി എസ്.ശശികുമാർ അരീക്കോട് എംഎസ്പിയിൽനിന്നുള്ള ഡ്രോൺ സംഘത്തെ അനുവദിച്ചത്. പരിശോധന ഇന്നും തുടരാനാണു തീരുമാനം. പി.വി.അൻവർ എംഎൽഎ, പോത്തുകല്ല് പഞ്ചായത്ത് പ്രസിഡന്റ് വിദ്യാ രാജൻ എന്നിവർ സ്ഥലത്തെത്തി ദൗത്യസംഘവുമായി കൂടിക്കാഴ്ച നടത്തി. കാഞ്ഞിരപ്പുഴ സ്റ്റേഷൻ പ്രബേഷൻ റേഞ്ച് ഫോറസ്റ്റ് ഓഫിസർ പി.ടി.മുബഷിർ, ഡപ്യൂട്ടി റേഞ്ച് ഫോറസ്റ്റർ കെ.ഗിരീഷ്, എസ്എഫ്ഒ സി.എം.സുരേഷ്, ബിഎഫ്ഒമാരായ ആന്റണി തോമസ്, കെ.എം.ഹരീസ് എന്നിവരുടെ നേതൃത്വത്തിൽ റാപിഡ് റെസ്പോൺസ് ടീമും വാച്ചർമാരും അടങ്ങുന്ന സംഘം രാത്രിയിലും സ്ഥലത്തു ക്യാംപ് ചെയ്തിട്ടുണ്ട്. മറ്റു സ്റ്റേഷനുകളിൽനിന്നുള്ള വനപാലകരെയും ഇവിടേക്കു നിയോഗിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com