ADVERTISEMENT

തിരൂർ ∙ അന്തിമ ലൊക്കേഷൻ സർവേ പുരോഗമിക്കുന്ന തിരുനാവായ – ഗുരുവായൂർ പാതയ്ക്കു കേന്ദ്ര ബജറ്റിൽ ഒന്നുമില്ല. 3 പതിറ്റാണ്ടിലേറെയായി പാത കടലാസുകളിലുണ്ട്. 1995 ഡിസംബർ 17ന് അന്നത്തെ മന്ത്രി സുരേഷ് കൽമാഡി പദ്ധതിക്കു തറക്കല്ലിട്ടതാണ്. 1996ൽ ഇതിനായി 28 കോടി രൂപയും അനുവദിച്ചു. എന്നാൽ തുടങ്ങിയ പണി ഗുരുവായൂർ സ്റ്റേഷന്റെ വടക്കേ അറ്റത്തു തിരുത്തിക്കാട് പറമ്പിലെ സ്റ്റോപ് ബോർഡിനടുത്തെത്തി നിലച്ചു.

35 കിലോമീറ്റർ ദൂരമുള്ള പാത വന്നാൽ നിലവിലെ പ്രധാന പാതയിൽനിന്നു തിരിഞ്ഞു ഗുരുവായൂരിലേക്ക് എളുപ്പത്തിൽ എത്താം. ഗുരുവായൂരിലേക്കു മാത്രമല്ല, അവിടെനിന്നു തിരുവനന്തപുരം വരെയും അതിനപ്പുറത്തേക്കും ട്രെയിൻ ഓടിക്കാം. ഉത്തരേന്ത്യയിൽനിന്നു പോലും നേരിട്ടു ട്രെയിനുകൾ ഗുരുവായൂർ വരെ എത്തിത്തുടങ്ങും. ഇതിലൂടെ തിരുനാവായ സ്റ്റേഷനും പുരോഗതി പ്രാപിക്കാൻ സാധിക്കും. 

എന്നാൽ പണി നിലച്ചതോടെ എല്ലാം സ്വപ്നങ്ങൾ മാത്രമായി ഒതുങ്ങി. എല്ലാ ബജറ്റുകളിലും അൽപം തുക മാറ്റിവച്ചു പദ്ധതിയുടെ ജീവൻ നിലനിർത്താറുണ്ടായിരുന്നു. എന്നാൽ ഇത്തവണ അതുമില്ല. റെയിൽവേയുടെ 2024 – 2025 വർഷത്തെ പദ്ധതികളിൽ ഇപ്പോഴും പാതയുടെ വിവരങ്ങളുമുണ്ടെന്നതാണ് ഏക ആശ്വാസം. 1,000 രൂപ പദ്ധതിക്കായി മാറ്റിവയ്ക്കാനുള്ള നിർദേശവും റെയിൽവേ നൽകിയിട്ടുണ്ട്.

താനൂർ – ഗുരുവായൂർ, തിരൂർ – ഗുരുവായൂർ എന്നീ പാതകളെക്കുറിച്ചും സംസാരമുയർന്നിരുന്നു. തിരുനാവായ – ഗുരുവായൂർ പാതയുടെ സർവേ തുടക്കത്തിൽ നടത്തിയെങ്കിലും വ്യാപക എതിർപ്പ് വന്നതോടെ അതും നിലച്ചു. സർവേ നടത്താൻ ഒരുക്കിയ സ്പെഷൽ തഹസിൽദാർ ഓഫിസ് 2015–ൽ പൂട്ടി. അനുവദിച്ച 28 കോടി രൂപയും വകമാറ്റി. 2015ൽ പദ്ധതി ഉപേക്ഷിക്കുന്നതു വരെ കാര്യങ്ങളെത്തി. പിന്നീട് മമതാ ബാനർജി മന്ത്രി ആയപ്പോൾ പദ്ധതിക്കു വേണ്ടി 27 കോടി രൂപ അനുവദിച്ചിരുന്നു. അതുമിപ്പോൾ കിട്ടാക്കനിയാണ്. 1985–ൽ പദ്ധതിക്കു കണക്കാക്കിയിരുന്ന തുക 137.71 കോടി രൂപയാണ്. 2020ൽ വീണ്ടുമെടുത്ത എസ്റ്റിമേറ്റിൽ ഇത് 477 കോടി രൂപയായി ഉയർന്നിരുന്നു. ഇനിയും വൈകിയാൽ തുക കൂടും. അതോടെ പതിയെ പദ്ധതി ഉപേക്ഷിക്കേണ്ടിയും വന്നേക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com