ADVERTISEMENT

തിരൂർ ∙ ലഹരിക്കെതിരെ ഓടിയോടി അജയന് ഓട്ടം തന്നെയൊരു ലഹരിയായി. അടുത്ത മാസം സ്വീഡനിൽ നടക്കുന്ന ഇന്റർനാഷനൽ മാസ്റ്റേഴ്സ് അത്‍ലറ്റിക്സിൽ രാജ്യത്തെ പ്രതിനിധീകരിക്കാനുള്ള ഒരുക്കത്തിലാണ് ഇദ്ദേഹം. എന്നാൽ ആ നേട്ടത്തിനരികിലെത്താൻ ബാർബർ തൊഴിലാളിയായ ഈ 61 വയസ്സുകാരൻ ഒരു വെല്ലുവിളി നേരിടുന്നുണ്ട്. അതൊഴിവാക്കാൻ സുമനസ്സുകൾ കനിയുക തന്നെ വേണം.

ചെറുപ്പത്തിലേ ഓട്ടമത്സരങ്ങളിലും ഫുട്ബോൾ മത്സരങ്ങളിലും കബ‍ഡിയിലുമെല്ലാം വെട്ടത്തെ പോത്തനിപ്പറമ്പിൽ അജയൻ പങ്കെടുത്തിരുന്നു. ഇടയ്ക്കു കുടുംബത്തിന്റെ ചുമതലകൾ ഏറ്റെടുത്തതോടെ കായികസ്വപ്നങ്ങൾ മാറ്റിവച്ചു. വെട്ടം പടിയത്ത് ബാർബർ തൊഴിലാളിയാണ്. പ്രായം കൂടുംതോറും മത്സരിക്കാനുള്ള വീര്യം കൂടിവന്ന അജയൻ പരിശീലനം ആരുമറിയാതെ തുടർന്നിരുന്നു. 

ദിവസവും 20 കിലോമീറ്റർ ഓട്ടം ജീവിതത്തിന്റെ ഭാഗമാക്കി. ഇതിനിടെ ദീർഘദൂര മാരത്തണിൽ പങ്കെടുത്തു. ഓട്ടമെല്ലാം ലഹരിക്കെതിരെയുള്ള പ്രതിരോധവും ബോധവൽക്കരണവുമാക്കി. 60–ാം വയസ്സിൽ ലഹരിവിരുദ്ധ സന്ദേശവുമായി 60 കിലോമീറ്റർ ഓടിയിരുന്നു. പെരിന്തൽമണ്ണയിൽ  ജില്ലാ മാസ്റ്റേഴ്സ് അത്‍ലറ്റിക്സിൽ 10,000, 5,000, 800 മീറ്റർ ഓട്ടമത്സരങ്ങളിൽ ഒന്നാം സ്ഥാനം നേടി. 

കഴിഞ്ഞ ഡിസംബറിൽ തലശ്ശേരിയിൽ സംസ്ഥാന മീറ്റിൽ 10,000 മീറ്ററിൽ ഒന്നാം സ്ഥാനവും മറ്റു രണ്ടിനങ്ങളിലും രണ്ടാം സ്ഥാനവും നേടി. കഴിഞ്ഞ ഫെബ്രുവരിയിൽ പുണെയിൽ ദേശീയ മീറ്റിൽ മത്സരിച്ച് ഇന്റർനാഷനൽ മീറ്റിലേക്കുള്ള യോഗ്യതയും കരസ്ഥമാക്കി. ഓഗസ്റ്റ് 13 മുതൽ 25 വരെ സ്വീഡനിലാണു മത്സരം. ഓഗസ്റ്റ് 10ന് യാത്ര പുറപ്പെടണം. ജില്ലയിൽനിന്ന് അജയൻ മാത്രമാണ് പങ്കെടുക്കുന്നത്. യാത്രയ്ക്കും മറ്റുമായി ഏകദേശം 3 ലക്ഷം രൂപയോളം ചെലവു വരും. 

എന്നാൽ ബാർബർ തൊഴിൽ ചെയ്തുകിട്ടുന്ന വരുമാനം ഭാര്യയും 3 പെൺമക്കളുമടങ്ങുന്ന കുടുംബത്തെ പോറ്റാൻ തന്നെ തികയുന്നില്ല. അജയനെ സഹായിക്കുകയെന്ന ലക്ഷ്യത്തോടെ നാട്ടുകാർ ചേർന്ന് സമിതി രൂപീകരിച്ചിട്ടുണ്ട്. ടി.മുഹമ്മദ് ഷംസാദ് (ചെയ.), പി.പി.കരീംകുട്ടി (കൺ.), പി.പി.പ്രജീഷ് (ട്രഷ.) എന്നിവരടങ്ങിയ സമിതി ഇതിനായി കിണഞ്ഞുപരിശ്രമിക്കുന്നുണ്ട്. 9946208137.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com