ADVERTISEMENT

തിരൂരങ്ങാടി ∙ സ്കൂൾ വിടുന്ന സമയത്ത് ബോർഡുകൾ മാറ്റിയും സ്റ്റോപ്പിൽ നിർത്താതെയും വിദ്യാർഥികളെ കയറ്റാതെ ബസ് ജീവനക്കാർ. ബസ് തടഞ്ഞു നാട്ടുകാർ. തിരൂരങ്ങാടി വഴി പോകുന്ന ചില ബസുകളാണ് സൂചന ബോർഡുകൾ മാറ്റി വച്ച് ഓടുന്നത്. മലപ്പുറം– പരപ്പനങ്ങാടി, കോട്ടയ്ക്കൽ– പരപ്പനങ്ങാടി റൂട്ടിലോടുന്ന ബസുകളാണ് , തിരൂരങ്ങാടി എത്തുന്നതിന് തൊട്ടുമുൻപ് പരപ്പനങ്ങാടി എന്ന ബോർഡ് മാറ്റി വയ്ക്കുന്നത്. പരപ്പനങ്ങാടി ഭാഗത്തേക്കുള്ള കുട്ടികൾ കയറാതിരിക്കാനാണ് ബസ് ജീവനക്കാരുടെ ഈ തന്ത്രം. ഇതു കാരണം പെൺകുട്ടികൾ ഉൾപ്പെടെയുള്ള വിദ്യാർഥികൾക്ക് യഥാസമയം വീട്ടിലെത്താൻ പറ്റാത്ത അവസ്ഥയാണ്. ഏതാനും ബസുകൾ മാത്രമാണ് കുട്ടികളെ കയറ്റി പോകുന്നത്. കൂടാതെ കുട്ടികൾ കയറുമെന്ന് കരുതി ബസുകൾ സ്റ്റോപ്പിൽ നിർത്താതെ ദൂരെ കൊണ്ടു പോയി നിർത്തുന്നതും പതിവാണ്. 

സംഭവം ശ്രദ്ധയിൽപെട്ട തിരൂരങ്ങാടി ജാഗ്രത സമിതി വൊളന്റിയേഴ്സ് ബസ് ജീവനക്കാർക്ക് മുന്നറിയിപ്പ് നൽകുകയും മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്ക് ഫോട്ടോ സഹിതം പരാതി നൽകുകയും ചെയ്തു. എന്നിട്ടും ഏതാനും ബസുകൾ ഇതു തുടർന്നതോടെ വ്യാഴാഴ്ച ജാഗ്രതാസമിതി പ്രവർത്തകർ കുട്ടികളെ കയറ്റാത്ത എക്സൽ എന്ന ബസ് തടഞ്ഞു കുട്ടികളെ കയറ്റി. എന്നാൽ, തങ്ങളെ കയ്യേറ്റം ചെയ്തെന്നു പറഞ്ഞു ബസ് ജീവനക്കാർ പൊലീസിൽ പരാതി നൽകി. കുട്ടികളെ ബസിൽ കയറാൻ സഹായിച്ച വൊളന്റിയർമാർക്ക് നേരെ അമിതവേഗത്തിൽ ബസ് മുന്നോട്ടെടുത്തെന്നും കയ്യേറ്റം ചെയ്യാൻ ശ്രമിച്ചെന്നും ജാഗ്രത സമിതി പ്രവർത്തകരും പരാതി നൽകി. 

വിദ്യാർഥികളെ ബസിൽ കയറ്റുന്നില്ലെന്ന പരാതിയിൽ, എൻഫോഴ്സ്മെന്റ് എംവിഐ ജയചന്ദ്രന്റെ നേതൃത്വത്തിൽ തിരൂരങ്ങാടിയിൽ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നു
വിദ്യാർഥികളെ ബസിൽ കയറ്റുന്നില്ലെന്ന പരാതിയിൽ, എൻഫോഴ്സ്മെന്റ് എംവിഐ ജയചന്ദ്രന്റെ നേതൃത്വത്തിൽ തിരൂരങ്ങാടിയിൽ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നു

നടപടിയെടുത്ത് മോട്ടർ വാഹന വകുപ്പ്
∙ സ്കൂൾ വിടുന്ന സമയത്ത് വിദ്യാർഥികളെ കയറ്റാൻ മടിക്കുന്ന സ്വകാര്യ ബസുകൾക്കെതിരെ നടപടിയെടുത്ത് മോട്ടർ വാഹന വകുപ്പ്. ജില്ലാ എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരും സബ് ആർടി ഉദ്യോഗസ്ഥരും സംയുക്തമായാണ് പരിശോധന നടത്തിയത്. സ്കൂൾ പരിസരത്തും ചെമ്മാട് ബസ് സ്റ്റാൻഡിലുമായി ഇരുപതോളം ബസുകൾ പരിശോധിച്ചു. നിയമലംഘനം കണ്ടെത്തിയ 10 ബസുകൾക്കെതിരെ കേസെടുത്തു. ബസ് ഡ്രൈവർക്കും ജീവനക്കാർക്കും കുട്ടികളെ കയറ്റണമെന്ന് കർശന നിർദേശം നൽകി. കഴിഞ്ഞ ദിവസം വിദ്യാർഥികളെ കയറ്റാതെ മുന്നോട്ടെടുത്ത നാട്ടുകാർ തടഞ്ഞ ബസ് ഡ്രൈവറോട് എൻഫോഴ്സ്മെന്റ് ഓഫിസിൽ ഹാജരാക്കാനും ഹിയറിങ്ങിന് ശേഷം നടപടിയെടുക്കുമെന്നും എൻഫോഴ്സ്മെന്റ് ആർടിഒ പി.എ.നസീർ പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com