ADVERTISEMENT

പെരിന്തൽമണ്ണ∙ ഫുട്ബോളിനെ ജീവനായി കാണുന്ന മുഹമ്മദ് സിനാന് അംഗീകാരമായി കേരള ഫുട്ബോൾ അസോസിയേഷന്റെ (കെഎഫ്‌എ) ഗോൾഡ് മെഡൽ. വിവിധ ദേശീയ മത്സരങ്ങളിൽ കേരളത്തിനു വേണ്ടി ബൂട്ടണിഞ്ഞ പുലാമന്തോൾ പാലൂർ സ്വദേശി എം.കെ.മുഹമ്മദ് സിനാൻ (14) ആണ് കെഎഫ്‌എയുടെ ഈ വർഷത്തെ ബെസ്‌റ്റ് സബ് ജൂനിയർ പ്ലെയർ അവാർഡിനു തിരഞ്ഞെടുക്കപ്പെട്ടത്. കഴിഞ്ഞ ഒരു വർഷത്തെ സിനാന്റെ പ്രകടന മികവു വിലയിരുത്തിയാണു പുരസ്‌കാരം. 

30ന് എറണാകുളത്തു നടക്കുന്ന ചടങ്ങിൽ പുരസ്‌കാരം സമ്മാനിക്കും. കരിങ്ങനാട് പ്രഭാപുരം എംഎംപിഎസ് ഒൻപതാം ക്ലാസ് വിദ്യാർഥിയാണ്. അൾട്ടിയസ് ഫുട്ബോൾ അക്കാദമിയിലാണ് (ഐഫ) പരിശീലനം. കരിങ്ങനാട് സലഫി ട്രെയിനിങ് കോളജിലെ അസിസ്റ്റന്റ് പ്രഫസർ, പുലാമന്തോൾ പാലൂർ മണ്ണേങ്ങൽ കണ്ണംതൊടി ഫൈസലിന്റെയും പുറമണ്ണൂർ മജ്‌ലിസ് എൽപി സ്‌കൂൾ അധ്യാപിക പി.ടി.ഷൈലയുടെയും മകനാണു മുഹമ്മദ് സിനാൻ. തിരുവനന്തപുരം കാര്യവട്ടത്തു കേരള ഫുട്ബോൾ അസോസിയേഷന്റെ ജൂനിയർ ടീം സിലക്‌ഷൻ ക്യാംപിൽ പരിശീലനത്തിലാണു മുഹമ്മദ് സിനാൻ. 

സഹോദരൻ സനിൻ മുഹമ്മദ് പുലാമന്തോൾ  ജിഎച്ച്എസ്എസിൽ പ്ലസ്‌ടു വിദ്യാർഥിയാണ്. പിതാവ് ഫൈസൽ പഴയകാല ഫുട്ബോൾ താരമാണ്. കഴിഞ്ഞ വർഷം തൊടുപുഴയിൽ നടന്ന കേരള സബ് ജൂനിയർ ഫുട്ബോൾ ചാംപ്യൻഷിപ്പിൽ മികച്ച കളിക്കാരനും ടോപ്പ് സ്കോററുമായി. ഈ വർഷം ഒഡീഷയിൽ ആരംഭിക്കുന്ന, ഫിഫ ഫുട്ബോൾ അക്കാദമിയിലേക്ക് ട്രയൽസിന് അവസരം കിട്ടിയിട്ടുണ്ട്. രാജ്യത്തിനു വേണ്ടി ജഴ്‌സി അണിയുകയെന്നതാണു സിനാന്റെ  സ്വപ്നം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com