ADVERTISEMENT

വണ്ടൂർ ∙ നിപ്പ വ്യാപനം തടയുന്നതിനു തിരുവാലി, മമ്പാട്, വണ്ടൂർ പഞ്ചായത്തുകളിൽ പ്രതിരോധ, ബോധവൽക്കരണ പ്രവർത്തനങ്ങൾ ഊർജിതമാക്കി. പഞ്ചായത്തുകളിൽ യോഗം ചേർന്നു കണ്ടെയ്ൻമെന്റ് സോണുകളായ വാർഡുകളിലും സമീപ വാർഡുകളിലും സർവേ തുടങ്ങി. മരിച്ച യുവാവുമായി അടുത്തിടപഴകിയവരുണ്ടോ എന്നും പനിബാധിതരുണ്ടോ എന്നും കണ്ടെത്താനാണു സർവേ. പ്രതിരോധ പ്രവർത്തനങ്ങളുമായി ജനം സഹകരിക്കണമെന്നു ജനപ്രതിനിധികളും ഉദ്യോഗസ്ഥരും അഭ്യർഥിച്ചു.

ജില്ലാ ആശുപത്രിയിൽ ഇന്ന് യോഗം
നിപ്പ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലാ ആശുപത്രിയിൽ ഇന്നു 11നു ജനപ്രതിനിധികളുടെയും ആരോഗ്യ, ആശാ പ്രവർത്തകരുടെയും യോഗം ചേരും. മരിച്ച യുവാവിന്റെ സമ്പർക്ക പട്ടികയിലുള്ള നിലമ്പൂർ സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥൻ ആരോഗ്യ വകുപ്പിന്റെ നിരീക്ഷണത്തിലാണ്. യുവാവ് 7നു നിലമ്പൂർ സ്റ്റേഷൻ സന്ദർശിച്ചിരുന്നു. ഉദ്യോഗസ്ഥനു പനിയോ മറ്റു രോഗലക്ഷണങ്ങളോ ഇല്ല.

താലൂക്ക് ആശുപത്രിയിൽ സ്ഥലമില്ല; ഐസലേഷൻ വാർഡ് സിഎച്ച്സിയിൽ
നിപ്പ, കോവിഡ് തുടങ്ങിയ സാഹചര്യങ്ങൾ നേരിടുന്നതിനു വണ്ടൂരിൽ അനുവദിച്ച ഐസലേഷൻ വാർഡ് താലൂക്ക് ആശുപത്രിയിലെ സ്ഥലപരിമിതിമൂലം സ്ഥാപിച്ചതു കരുവാരകുണ്ട് സിഎച്ച്സിയിൽ. വണ്ടൂർ താലൂക്ക് ആശുപത്രിയിൽ നിലവിൽ ഐസലേഷൻ വാർഡ് ഇല്ല. നിപ്പ ബാധിച്ചു മരിച്ച യുവാവിന്റെ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടവരിൽ പനി ലക്ഷണങ്ങളുള്ളവരെ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റാനുള്ള കാരണം ഇതാണ്. കരുവാരകുണ്ടിലേക്കു മാറ്റിയാൽ അടിയന്തര സാഹചര്യമുണ്ടായാൽ വിദഗ്ധ ചികിത്സകൾക്കായി പിന്നീടു മഞ്ചേരിയിലേക്കു കൊണ്ടുപോകാൻ ബുദ്ധിമുട്ടാകും. വണ്ടൂരിൽ ഐസലേഷൻ വാർഡ് ഉണ്ടായിരുന്നെങ്കിൽ ഇവിടെത്തന്നെ നിർത്താമായിരുന്നു.

ജില്ലയിൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് വേണം
∙ ജില്ലയിൽ നിപ്പ കേസുകൾ വീണ്ടും റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ കിഴക്കൻ മേഖല കേന്ദ്രീകരിച്ചു വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കണമെന്ന് ആവശ്യമുയരുന്നു. മലയോരമേഖലയോടു ചേർന്നു നിൽക്കുന്ന ജില്ലയുടെ കിഴക്കൻ പ്രദേശങ്ങളിൽ വവ്വാലുകളുടെ സാന്നിധ്യം കൂടുതലാണ്. പ്രാക്തന ആദിവാസി വിഭാഗങ്ങളുടെ സംരക്ഷിത പ്രാധാന്യമുള്ള നഗറുകൾ ഇവിടെയുണ്ട്. കാർഷികവൃത്തി ഉപജീവനമാർഗമായ ഒട്ടേറെ ഉൾഗ്രാമങ്ങളും ദലിത് ഗ്രാമങ്ങളും കിഴക്കൻ മേഖലയിലുണ്ട്. തമിഴ്നാട്ടിലെ നീലഗിരി ഉൾപ്പെടെ വലിയൊരു പ്രദേശത്തെ ജനങ്ങൾ ചികിത്സയ്ക്കായി ജില്ലയെ ആശ്രയിക്കുന്നുണ്ട്. ഇവർക്കും പാലക്കാട് ജില്ലയിലെ അതിർത്തി പ്രദേശങ്ങളിലുള്ള ജനത്തിനും ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രയോജനം ലഭിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com