ADVERTISEMENT

മുംബൈ∙ നഗരത്തിലേക്കുള്ള ശുദ്ധജല വിതരണത്തിൽ 30 മുതൽ അടുത്ത മാസം അഞ്ച് വരെ 5 ശതമാനം നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ബിഎംസി അറിയിച്ചു. ജൂൺ 5 മുതൽ ജലവിതരണത്തിൽ 10 ശതമാനം കുറവ് വരുത്തും. നഗരത്തിലേക്ക് കുടിവെള്ളമെത്തിക്കുന്ന  ജലസംഭരണികളിൽ 10 ശതമാനത്തിൽ താഴെ ശുദ്ധജലം മാത്രമാണ് അവശേഷിക്കുന്നത്. ജലക്ഷാമം രൂക്ഷമാകുമെന്ന് തിരിച്ചറിഞ്ഞാണ് നടപടി.

അണക്കെട്ടുകളുടെ വൃഷ്ടിപ്രദേശത്ത് കൃത്യമായ മഴ ലഭിക്കുന്നത് വരെ ജലവിതരണത്തിൽ നിയന്ത്രണം ഏർപ്പെടുത്തും. സ്ഥിതി ഗുരുതരമാകുകയാണെങ്കിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. ജൂലൈ ആദ്യവാരം വരെ ആവശ്യമായ വെള്ളം ഉണ്ടെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നെങ്കിലും മഴയെത്താൻ വൈകിയാൽ കാര്യങ്ങൾ കൈ വിട്ടു പോകും.

തുൾസി, തൻസ, വിഹാർ, ഭട്സ, മോഡക് സാഗർ, അപ്പർ വൈതർണ, മിഡിൽ വൈതർണ എന്നീ അണക്കെട്ടുകളിൽ നിന്നാണ് നഗരത്തിലേക്ക് വെള്ളമെത്തുന്നത്. കഴിഞ്ഞ വർഷം മഴ വൈകിയതും ഈ വർഷം ജനുവരി മുതൽ അനുഭവപ്പെട്ട കടുത്ത ചൂടും അണക്കെട്ടുകളിലെ വെള്ളം കുറയുന്നതിന് കാരണമായി.

മുംബൈയുടെ പ്രാന്തപ്രദേശത്തും താനെ, നാസിക് തുടങ്ങിയ ജില്ലകളിലുമാണ് അണക്കെട്ടുകൾ സ്ഥിതി ചെയ്യുന്നത്. കഴിഞ്ഞ മാസം കരുതൽ ജലം ഉൾപ്പെടെ ഉപയോഗിക്കാനായി പ്രത്യേക അനുമതി വാങ്ങിയത് കൊണ്ടാണ് പ്രതിസന്ധിയില്ലാതെ ജലവിതരണം നടത്താൻ സാധിച്ചത്. ദിവസേന 4200 ദശലക്ഷം ലീറ്റർ വെള്ളമാണ് നഗരത്തിന് ആവശ്യം.

ജൂൺ 10ന് മുൻപ് മഴയെത്തും
കാലവർഷം ജൂൺ പത്തോടു കൂടി തുടങ്ങുമെന്നാണ് കാലാവസ്ഥ വിദഗ്ധർ അറിയിച്ചിരിക്കുന്നത്. ഈ മാസം അവസാനത്തോടെ ചെറിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും വിലയിരുത്തുന്നു. 31ന്  തെക്കുപടിഞ്ഞാറൻ കാലവർഷം കേരളത്തിൽ പ്രവേശിക്കുമെന്നും കൃത്യം 10 ദിവസത്തിനുള്ളിൽ  മുംബൈയിൽ മൺസൂൺ എത്തുമെന്നും പറയുന്നു. നിലവിൽ തെക്കുപടിഞ്ഞാറൻ കാലവർഷം ആൻഡമാനിൽ എത്തിയിട്ടുണ്ട്.

പൊള്ളി വിദർഭ,മറാഠ്‌വാഡ
വിദർഭ മറാഠ്‌വാഡ മേഖലകളിൽ പൊള്ളുന്ന ചൂടിനെത്തുടർന്ന് ജലക്ഷാമം രൂക്ഷമാണ്. അകോളയിൽ താപനില 46 ഡിഗ്രി കടന്നു. നാഗ്പുർ,യവത്മാൾ എന്നിവിടങ്ങളിലും 42 ഡിഗ്രിക്ക് മുകളിലാണ് ചൂട്. മുംബൈയിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി 33നും 36 ഡിഗ്രിക്കും ഇടയിലാണ് താപനില.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com