ADVERTISEMENT

മുംബൈ ∙ വസായ്- പൻവേൽ റൂട്ടിൽ ലോക്കൽ ട്രെയിൻ സർവീസുകളുടെ എണ്ണം കൂട്ടണമെന്ന് ആവശ്യം ശക്തം. സർവീസ് കൂട്ടിയാൽ ഭിവണ്ടി, ഡോംബിവ്‌ലി, തലോജ എന്നീ വ്യവസായ മേഖലകളിലേക്കും, ബോറിവ്‌ലി, ഡഹാണു മേഖലയിലേക്കുമുള്ള യാത്രാസൗകര്യം മെച്ചപ്പെടും. താനെ, പാൽഘർ ജില്ലകളിലെ ദീർഘദൂര യാത്രക്കാർക്കും ഗുണം ലഭിക്കും. വസായ്– പൻവേൽ ലോക്കൽ ട്രെയിൻ സർവീസുകളുടെ എണ്ണം വർധിപ്പിക്കുന്നത് വെസ്റ്റേൺ ലൈനിലെയും മെയിൻ ലൈനിലെയും യാത്രക്കാരുടെ തിരക്ക് കുറയ്ക്കാനും സഹായിക്കും.

പശ്ചിമ മേഖലയിൽ താമസിക്കുന്നവർക്ക് ഡോംബിവ്‌ലി, ദിവ, കല്യാൺ മേഖലകളിൽ എളുപ്പത്തിൽ എത്തിച്ചേരാനും വഴിയൊരുങ്ങും. വസായ്- വിരാർ മേഖലകളിൽ നിന്നു ഡോംബിവ്‌ലി, കല്യാൺ എന്നിവിടങ്ങളിലേക്ക് ദാദർ വഴി എത്തിച്ചേരാൻ നിലവിൽ രണ്ടര മണിക്കൂറോളം വേണ്ടിവരുന്നുണ്ട്. വസായ്- പൻവേൽ ട്രെയിനിലാണെങ്കിൽ ഒരു മണിക്കൂർകൊണ്ട് എത്തിച്ചേരാൻ സാധിക്കുമെന്നതാണു നേട്ടം. 

മലയാളികളടക്കം കൊങ്കൺ വഴി യാത്ര ചെയ്യുന്നവർ, വസായിൽ നിന്നു റിസർവേഷൻ ടിക്കറ്റ് കിട്ടാതെ വരുമ്പോൾ കുർളയിൽ നിന്നു പുറപ്പെട്ടിരുന്ന നേത്രാവതി, മത്സ്യഗന്ധ ട്രെയിനുകളിൽ ടിക്കറ്റെടുത്ത് താനെ സ്റ്റേഷനിൽ നിന്ന് കയറുന്നതു പതിവായിരുന്നു. എന്നാൽ നേത്രാവതി പൻവേലിലേക്ക് ഇടയ്ക്കിടെ മാറ്റുന്ന സാഹചര്യത്തിൽ വസായ്, വിരാർ, പാൽഘർ, ബോയ്സർ, മീരാഭായന്ദർ തുടങ്ങി പശ്ചിമമേഖലാ നിവാസികൾക്ക് അങ്ങോട്ടേക്ക് എത്താനുള്ള സൗകര്യവും നൽകേണ്ടതല്ലേ. നിലവിൽ ഈ റൂട്ടിൽ ആവശ്യത്തിന് ലോക്കൽ സർവീസില്ല. കുട്ടികളും ലഗേജുമായുള്ള യാത്ര ദുരിതപൂർണമാണ്. പൻവേലിലേക്കുള്ള ഉയർന്ന ടാക്സി നിരക്കും സാധാരണക്കാരന് താങ്ങാൻ കഴിയുന്നതിനും അപ്പുറമാണ്. പൻവേൽ– വസായ് ലോക്കൽ ട്രെയിൻ സർവീസുകൾ വർധിപ്പിച്ചാൽ ദുരിതം ഒരുപരിധിവരെ കുറയ്ക്കാനാകും.

പശ്ചിമ റെയിൽവേയും മധ്യറെയിൽവേയും എല്ലാ വർഷവും ലോക്കൽ സർവീസുകളുടെ എണ്ണം വർധിപ്പിക്കുന്നുണ്ട്. എന്നാൽ, കഴിഞ്ഞ 10 വർഷത്തിനിടെ യാത്രക്കാരുടെ എണ്ണം കൂടിയിട്ടും വസായ്-പ ൻവേൽ റൂട്ടിൽ ലോക്കൽ സർവീസുകളുടെ എണ്ണം കൂട്ടാത്തത് എന്തുകൊണ്ടാണെന്ന് മനസ്സിലാകുന്നില്ലെന്നു പതിവു യാത്രക്കാർ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com