ADVERTISEMENT

മുംബൈ∙ ഗോരേഗാവ്–കാന്തിവ്‌ലി സ്റ്റേഷനുകൾക്കിടയിൽ ആറാം ലൈൻ നിർമാണത്തിനായി ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയതോടെ വലഞ്ഞ് യാത്രക്കാർ. 4.75 കിലോമീറ്റർ പാതയുടെ നിർമാണത്തിനാണ് 35 ദിവസത്തേക്ക് പശ്ചിമ റെയിൽവേ ട്രെയിൻ ഗതാഗതം നിയന്ത്രിക്കുന്നത്.  ശനി, ഞായർ ദിവസങ്ങളിൽ 10 മണിക്കൂർ വരെ നീളുന്ന 5 മെഗാബ്ലോക്കുകളും ഉണ്ട്. യാത്രക്കാർക്കുള്ള അസൗകര്യങ്ങൾ പരമാവധി കുറച്ച് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുക എന്ന ലക്ഷ്യത്തിൽ രാത്രി 10 മണിയോടെയാണ് മെഗാ ബ്ലോക്കുകൾ ഏർപ്പെടുത്തുക. പിറ്റേന്ന് രാവിലെ 8 മണി വരെ നീളും. 

മലാഡ് സ്റ്റേഷന്റെ കിഴക്കുഭാഗത്ത് 6–ാമത്തെ ലൈൻ നിർമിക്കാൻ സ്ഥലമില്ലാത്തതിനാൽ പടിഞ്ഞാറ് ഭാഗത്ത് പുതിയ ലൈൻ സ്ഥാപിച്ച്  നിലവിലുള്ള 5 ലൈനുകളും പടിഞ്ഞാറ് ഭാഗത്തേക്ക് മാറ്റുന്ന ജോലികളാണ് നടക്കുന്നത്. പണി പൂർത്തിയായാൽ 6–ാം ലൈൻ ബോറിവ്‌ലി വരെ നീട്ടാനാവും. ഇതോടെ ലോക്കൽ ട്രെയിനുകളിലെ തിരക്ക് കുറയ്ക്കാം. ദീർഘദൂര യാത്രക്കാർക്കും ഉപകാരമാകും.

ട്രെയിനുകൾ റദ്ദാക്കുന്നതും വഴിതിരിച്ചു വിടുന്നതും സ്ഥിരം യാത്രക്കാർക്ക് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. സാധാരണ രാത്രി 10 ന് ശേഷം യാത്ര ചെയ്യുന്നവർ നേരത്തേ സ്റ്റേഷനിൽ എത്തേണ്ടി വരും. രാവിലെ എട്ടിന് മുൻപ് യാത്ര ചെയ്യുന്നവർ മെഗാബ്ലോക്കുള്ള ദിവസങ്ങളിൽ യാത്ര രാവിലെ 8ന് ശേഷമാക്കി ക്രമീകരിക്കണം. സാധാരണ ദിവസങ്ങളിൽ തന്നെ കാലുകുത്താൻ ഇടമില്ലാത്ത അവസ്ഥയാണ്. മെഗാബ്ലോക്ക് ദിവസങ്ങളിലെ അവസ്ഥ ദയനീയമാകുമെന്നാണ് സ്ഥിരം യാത്രക്കാർ പറയുന്നത്. ശനി രാത്രിയും ഞായർ പകലുമായി മെഗാബ്ലോക്ക് ക്രമീകരിക്കുന്നതിനാൽ സാധാരണ ദിവസങ്ങളുടെ യാത്രത്തിരക്കുണ്ടാകില്ല എന്നാണ് റെയിൽവേയുടെ വിശദീകരണം.

6–ാം ലൈനിന്റെ നിർമാണം ചെറിയ കാലയളവിൽ പൂർത്തിയാക്കാവുന്നതേയുള്ളു. പക്ഷേ, യാത്രക്കാരെ വലിയ തോതിൽ അത് ബാധിക്കുമെന്നതു കൊണ്ടാണ് 35ദിവസത്തേക്ക് പണി നീട്ടിയത്. ഇതിലൂടെ ട്രെയിൻ സർവീസുകൾ മുടങ്ങുന്നത് പരമാവധി ഒഴിവാക്കാം എന്നും അധികൃതർ പറയുന്നു.  കഴിഞ്ഞ നവംബറിൽ സാന്താക്രൂസ്-ഗോരേഗാവ് സ്റ്റേഷനുകൾക്കിടയ്ക്ക് പാത ഇരട്ടിപ്പിക്കുന്നതിന്റെ ഭാഗമായി 2500 സർവീസുകളാണ് റദ്ദാക്കിയത്.


11 മുതൽ 17 വരെ മെഗാബ്ലോക്കില്ല
ഗണേശോത്സവത്തിന്റെ ഭാഗമായി സെപ്റ്റംബർ 11മുതൽ 17വരെ ലൈനിൽ നിർമാണ പ്രവർത്തനങ്ങൾ നടക്കില്ല. ഇക്കാലയളവിൽ മെഗാബ്ലോക്കുണ്ടാകില്ല. 

ട്രെയിനുകൾ വൈകും
∙ദീർഘദൂര ട്രെയിനുകൾ 15–20 മിനിറ്റ് വരെ വൈകും.
∙100–140 ലോക്കൽ സർവീസുകൾ  മുടങ്ങും. 700 സർവീസുകളെ ബാധിക്കും.
∙40 ഓളം സർവീസുകൾ ഭാഗികമായി ഓടും
∙ബാന്ദ്ര സ്റ്റേഷനിൽ നിന്ന് പുറപ്പെടുന്ന ദീർഘദൂര ട്രെയിനുകളുടെ സമയക്രമത്തിൽ സെപ്റ്റംബർ 28,29, ഒക്ടോബർ 5,6തീയതികളിൽ മാറ്റമുണ്ടാകും,

English Summary:

Train services between Goregaon and Kandivali in Mumbai will be disrupted for 35 days due to the construction of a sixth railway line.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com