ADVERTISEMENT

മുംബൈ ∙ ബാന്ദ്ര–കുർള കോംപ്ലക്സിൽ (ബികെസി) പോഡ് ടാക്സി പദ്ധതിക്ക് പച്ചക്കൊടി കാട്ടി മുംബൈ മെട്രോപ്പൊലിറ്റൻ റീജൻ ഡവലപ്മെന്റ് അതോറിറ്റി (എംഎംആർഡിഎ). ഡ്രൈവറില്ലാതെ സർവീസ് നടത്തുന്ന സംവിധാനമാണ് പോഡ് ടാക്സി. വൈദ്യുതിയിലാണ് പ്രവർത്തിക്കുക. പദ്ധതിക്കുള്ള കരാർ ഹൈദരാബാദ് ആസ്ഥാനമായുള്ള കമ്പനിക്കാണ്. ഒരാഴ്ചയ്ക്കകം മുഖ്യമന്ത്രിയുടെ അന്തിമാനുമതി ലഭിക്കുമെന്നാണ് കരുതുന്നതെന്ന് അധികൃതർ വ്യക്തമാക്കി. കഴിഞ്ഞ മാർച്ചിലാണ് പദ്ധതിക്ക് തത്വത്തിൽ അംഗീകാരം നൽകിയത്.

പാത 3 വർഷത്തിനകം
ബികെസിയിൽ നിന്ന് കുർള വരെ 8.8 കിലോമീറ്റർ പാത 3 വർഷത്തിനുള്ളിൽ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ബികെസി മെട്രോ സ്റ്റേഷൻ, നിർമാണത്തിലിരിക്കുന്ന മുംബൈ– അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ സ്റ്റേഷൻ, കുർള, ബാന്ദ്ര സ്റ്റേഷനുകൾ, നാഷനൽ സ്റ്റോക് എക്സ്ചേഞ്ച്, യുഎസ് കോൺസുലേറ്റ്, ഡയമണ്ട് ബോഴ്സ്, കലാനഗർ ഉൾപ്പെടെ 38 സ്റ്റേഷനുകളാകും പാതയിലുണ്ടാകുക.

ഗതാഗതക്കുരുക്കിന് പരിഹാരം
കോർപറേറ്റ് ഓഫിസുകളുടെയും വാണിജ്യസ്ഥാപനങ്ങളുടെയും കേന്ദ്രമായ ബാന്ദ്ര–കുർള കോംപ്ലക്സിലേക്കു പോഡ് ടാക്സി വരുന്നതോടെ ഗതാഗതക്കുരുക്കിനു പരിഹാരമാകും. ദിവസേന 6.50 ലക്ഷം പേർ ബികെസിയിൽ എത്തുന്നുണ്ടെന്നാണ് ഏകദേശ കണക്ക്. ഇതിൽ മിക്കവരും ഷെയർ ഓട്ടോകളെയാണ് ആശ്രയിക്കുന്നത്. 75,000ത്തോളം പേർ ബെസ്റ്റ് ബസിനെയും ആശ്രയിക്കുന്നുണ്ട്.

എംഎംആർഡിഎക്കും നേട്ടം 
പദ്ധതിയുടെ നടത്തിപ്പ് ചുമതല 30 വർഷത്തേക്ക് കരാറുകാരനു നൽകും. ആവശ്യമെങ്കിൽ പിന്നീട് നീട്ടി നൽകും. വാർഷികവരുമാനമായി എംഎംആർഡിഎക്ക് ഒരു കോടി രൂപ ലഭിക്കുമെന്നാണ് കരുതുന്നത്. ഷെയർ ഓട്ടോയ്ക്ക് സമാനമായി ഉപയോഗിക്കാമെന്നുള്ളതിനാൽ തന്നെ പദ്ധതി വലിയ വിജയമായി മാറുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്.

1,016 കോടിയുടെ പദ്ധതി
1,016 കോടി രൂപയാണ് പദ്ധതിച്ചെലവായി കണക്കാക്കുന്നത്. ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തിലെ പോഡ് ടാക്സിയുടെ മാതൃകയിലാകും ഇവിടെയും നിർമാണം. പൊതു–സ്വകാര്യ പങ്കാളിത്തത്തോടെയാകും പദ്ധതിയുടെ നടത്തിപ്പ്.

സർവീസ് 20 സെക്കൻഡ്  ഇടവേളയിൽ
6 പേർക്ക് ഇരിക്കാവുന്ന വാഹനമാണ് പോഡ് ടാക്സി. ഒന്നിനു പിന്നാലെ മറ്റൊന്നായി വരിവരിയായി പോകുന്ന വിധത്തിലാണ് പ്രവർത്തനം. ഇതിനായി പ്രത്യേക പാത ഒരുക്കണം. പാതയിലെ വൈദ്യുതി കേബിളിൽ നിന്നുള്ള ഉൗർജം ഉപയോഗിച്ചാണ് പ്രവർത്തനം. ഓരോ പോഡിനും 3.5 മീറ്റർ നീളവും 1.8 മീറ്റർ ഉയരവും 1.47 മീറ്റർ വീതിയും ഉണ്ടാകും. 20 സെക്കൻഡ് ഇടവേളയിൽ സർവീസുകൾ നടത്താനാകും.

English Summary:

Mumbai's Bandra-Kurla Complex (BKC) is set to become a technological hub with the introduction of a driverless pod taxi system.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com