ADVERTISEMENT

മുംബൈ∙ തീരദേശ റോഡിനെ ബാന്ദ്ര–വർളി കടൽപാലവുമായി ബന്ധിപ്പിക്കുന്ന പാലം മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും ഉദ്ഘാടനം െചയ്തു. ദക്ഷിണ മുംബൈയിൽ നിന്നു ബാന്ദ്രയിലേക്ക് ഒരു ദിശയിലേക്കുള്ള ഭാഗമാണ് പ്രവർത്തനക്ഷമമായത്. ഇതോടെ, മറൈൻ ഡ്രൈവിൽ നിന്ന് ആരംഭിക്കുന്ന തീരദേശ പാതയിലൂടെ സഞ്ചരിക്കുന്നവർക്ക് കടൽപാലത്തിലൂടെ ബാന്ദ്രയിലെത്താം. മറൈൻ ഡ്രൈവിൽ നിന്ന് ബാന്ദ്രയിലേക്ക് തീരദേശപാതയിലൂടെ 15–20 മിനിറ്റിനകം എത്തിച്ചേരാം. നിലവിൽ തിരക്കേറിയ സമയങ്ങളിൽ ഒരു മണിക്കൂറിലേറെയെടുക്കും. മറൈൻ ഡ്രൈവിൽ നിന്നു കടലിനടിയിലൂടെ നിർമിച്ച തുരങ്കത്തിലൂടെയാണ് തീരദേശപാതയുടെ തുടക്കം. 

മറൈൻഡ്രൈവിൽ നിന്ന് രാജ്യാന്തരവിമാനത്താവളത്തിലേക്കുള്ള എളുപ്പവഴിയായും തീരദേശപാത മാറും. ദക്ഷിണ മുംബൈയിൽനിന്ന് ഇനി  30 മിനിറ്റ് കൊണ്ട് വിമാനത്താവളത്തിൽ എത്താനാകുമെന്ന് അധികൃതർ പറഞ്ഞു. തീരദേശപാതയിൽ രാവിലെ 7 മുതൽ രാത്രി 11 വരെയാണ് ഗതാഗതത്തിന് അനുമതി. അവസാനഘട്ട നിർമാണപ്രവർത്തനങ്ങൾ രാത്രിയിലാണ് നടക്കുന്നത്.തീരദേശപാത മറൈൻ ലൈൻസിൽ നിന്നു ഹാജി അലി വരെ നേരത്തെ തുറന്നിരുന്നു. ഇത് പിന്നീട് വർളിയിലേക്കു നീട്ടി. അതിന്റെ തുടർച്ചയായാണ് ഇപ്പോൾ കടൽപാലവുമായി ബന്ധിപ്പിച്ചിരിക്കുന്നത്. മടക്കയാത്രയ്ക്ക് വർളിയിൽ നിന്നു മറൈൻ ഡ്രൈവിലേക്കുള്ള ഭാഗം മാത്രമാണ് തുറന്നത്. 

നഗര ഗതാഗതത്തിന്റെ മുഖം മാറ്റും: മുഖ്യമന്ത്രി
തീരദേശ റോഡ് നഗരഗതാഗതത്തിന്റെ മുഖം മാറ്റുമെന്ന് പാലം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ വ്യക്തമാക്കി. തീരദേശ റോഡ്, ഭായന്ദർ, വിരാർ,പാൽഘർ മേഖലകളിലേക്ക് നീട്ടാനാകും.  പ്രധാനമന്ത്രി നരേന്ദ്ര മോദി തറക്കല്ലിട്ട വാഡ്‌വാൻ തുറമുഖ പദ്ധതി പ്രദേശത്തേക്കും റോഡ് നീട്ടാനാകുമെന്നാണ് കരുതുന്നതെന്നും വ്യക്തമാക്കി. കഴിഞ്ഞ 25 വർഷമായി ചർച്ചയിലുണ്ടായിരുന്ന പദ്ധതി യാഥാർഥ്യമാക്കുന്നതിൽ നിർണായക പങ്കുവഹിച്ചത് ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസാണ്. മോദി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷമാണ് തീരദേശ റോഡിന്റെ നിർമാണം വേഗത്തിലായതെന്ന് ഫഡ്നാവിസ് പറഞ്ഞു. മുഖ്യമന്ത്രിയെ ഒപ്പമിരുത്തി ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് കാറോടിച്ചാണ് പാലം ഉദ്ഘാടനം ചെയ്തത്. ഇന്നു മുതൽ തുറന്ന് കൊടുക്കും.

പിണക്കം മാറാതെ അജിത് പവാർ
സർക്കാരിന്റെ അഭിമാന പദ്ധതികളിലൊന്നായ തീരദേശ റോഡിന്റെ ഉദ്ഘാടനച്ചടങ്ങിൽ നിന്ന് അജിത് പവാർ വിട്ടുനിന്നു. കഴിഞ്ഞ ദിവസം താനെയിൽ അജിത് പവാറിനെ ഒഴിവാക്കി ഷിൻഡെ പക്ഷം സ്ഥാപിച്ച പോസ്റ്ററുകളുടെ പേരിൽ വിവാദം കത്തി നിൽക്കെയാണ് ഉപമുഖ്യമന്ത്രിയും ധനമന്ത്രിയുമായ അജിത് വിട്ടുനിന്നത്. 14000 കോടി രൂപയാണ് ആദ്യഘട്ടത്തിന്റെ മുതൽമുടക്ക്. രണ്ടാം ഘട്ടമായ കാന്തിവ്‌ലി വരെയുള്ള പാതയുടെ നിർമാണ പ്രവർത്തനങ്ങളും പ്രാരംഭഘട്ടത്തിലാണ്.

English Summary:

Mumbai's Coastal Road now connects to the iconic Bandra-Worli Sea Link, significantly reducing travel time between South Mumbai and Bandra.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com