ADVERTISEMENT

മുംൈബ∙ 10 ദിവസത്തെ ഗണേശോത്സവത്തിന് ആനന്ദ് ചതുർദശിയോടെ സമാപനം. വീടുകളിലും ഹൗസിങ് സൊസൈറ്റികളിലും സ്ഥാപിച്ച ഒട്ടേറെ ഗണേശ വിഗ്രഹങ്ങളുടെ നിമജ്ജനം കഴിഞ്ഞദിവസങ്ങളിൽ പൂർത്തിയായിരുന്നു. സമാപന ദിവസമായ ഇന്ന് വലിയ ഗണേശ മണ്ഡലുകളിലെ കൂറ്റൻ വിഗ്രഹങ്ങൾ കടലിൽ ഒഴുക്കാനുള്ള ഘോഷയാത്രകൾ നടക്കും.  വലിയ തയാറെടുപ്പുകളാണ് കോർപറേഷന്റെ നേതൃത്വത്തിൽ ഒരുക്കിയിരിക്കുന്നത്.

കടലോരങ്ങൾ ഉൾപ്പെടെ 69 നിമജ്ജന പ്രദേശങ്ങൾക്കു പുറമേ 204കൃത്രിമ കുളങ്ങളും ഒരുക്കിയിട്ടുണ്ട്.  ചടങ്ങുകൾ നിരീക്ഷിക്കാനും തിരക്കു നിയന്ത്രിക്കാനും 12000 ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. 71കൺട്രോൾ റൂമുകളുമുണ്ട്. കോർപറേഷൻ തയാറാക്കിയ ക്യൂആർ കോഡ് സ്കാൻ ചെയ്ത് അടുത്തുള്ള നിമജ്ജന കേന്ദ്രം കണ്ടെത്തുകയും ഗൂഗിൾമാപ്പ് ഉപയോഗിച്ചു യാത്ര എളുപ്പമാക്കുകയും ചെയ്യാം.

ട്രാഫിക് നിയന്ത്രണം
നിമജ്ജന മഹാ ഘോഷയാത്രയുടെ ഭാഗമായി ഇന്ന് ഉണ്ടായേക്കാവുന്ന തിരക്ക് ഒഴിവാക്കാനായി നഗരത്തിൽ ട്രാഫിക് നിയന്ത്രണം ഏർപ്പെടുത്തി. ഇന്നും നാളെയുമായി മുംബൈ തീരദേശ റോഡ്  24 മണിക്കൂറും തുറക്കും. യാത്രയ്ക്ക് സ്വകാര്യ വാഹനങ്ങൾ ഒഴിവാക്കി പരമാവധി ബെസ്റ്റ് ബസ്, ലോക്കൽ ട്രെയിൻ എന്നിവയെ ആശ്രയിക്കണമെന്ന് പൊലീസ് നിർദേശിച്ചു.

റെയിൽവേ മേൽപാലങ്ങളിൽ ഘോഷയാത്ര നിർത്തിവച്ച് നൃത്തം ചെയ്യൽ, ഉച്ചഭാഷിണികളുടെ ഉപയോഗം എന്നിവ നിരോധിച്ചു. പ്രധാന വഴികളായ ഈസ്റ്റേൺ ഫ്രീവേ, പി. ഡിമെല്ലോ റോഡ്, സിഎസ്എംടി ജംക്‌ഷൻ റോഡ്, പ്രിൻസ് റോഡ് എന്നിവിടങ്ങളിൽ നിയന്ത്രണങ്ങൾ ഇല്ല. ദക്ഷിണ മുംബൈ, കൽബാദേവി എന്നിവിടങ്ങളിലെ റോഡുകളിൽ വാഹനങ്ങൾക്കു നിയന്ത്രണമുണ്ടാകും.

വിഐപികൾക്ക് പരിഗണന; സാധാരണക്കാരെ  തള്ളിമാറ്റുന്നെന്ന് പരാതി
'മുംബൈ∙ നഗരത്തിലെ പ്രസിദ്ധമായ ലാ‍ൽ ബാഗ്ചാ രാജ ഗണേശ പന്തലിൽ സാധാരണക്കാരെയും വിഐപികളെയും രണ്ടുതട്ടിൽ പരിഗണിക്കുന്നതിനെതിരെ ഹൈക്കോടതി അഭിഭാഷകർ പൊലീസിൽ പരാതി നൽകി. ദർശനത്തിനെത്തുന്ന സാധാരണക്കാരായ ഭക്തരെ ശക്തമായി തള്ളിമാറ്റുകയും അതേസമയം ലാൽ ബാഗ് ചാ രാജയ്ക്കു മുൻപിൽ ഫോട്ടോയ്ക്കു പോസ് ചെയ്യുന്ന വിഐപി കുടുംബത്തിന് പോറലേൽക്കാതെ സംരക്ഷിക്കുകയും ചെയ്യുന്ന വിഡിയോ പുറത്തുവന്നിരുന്നു.‌

വർഷങ്ങളായി സാധാരണക്കാർക്കും വിഐപികൾക്കുമിടയിലെ വിവേചനം നിലനിൽക്കുന്നുണ്ട; ശക്തമായി പ്രതികരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. സ്ത്രീകളും കുട്ടികളും പ്രായമായവരുമടക്കം ഇതിന്റെ ഇരകളാണ്– അഭിഭാഷകർ പറഞ്ഞു. വനിതാ കമ്മിഷൻ, മനുഷ്യാവകാശ കമ്മിഷൻ, ബാലാവകാശ സംരക്ഷണ കമ്മിഷൻ എന്നിവർക്കും പരാതിയുടെ പകർപ്പുകൾ അയച്ചു.

English Summary:

Ganeshotsav in Mumbai concludes with Anant Chaturdashi, marked by grand processions and the immersion of Ganesha idols. Traffic restrictions are in place, and controversy surrounds VIP preferential treatment at Lalbaugcha Raja.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com