ADVERTISEMENT

∙ ഹുമയൂണിന്റെ സ്‌മാരകം നിൽക്കുന്ന ഉദ്യാന സങ്കേതത്തിനകത്ത് സ്‌മാരകത്തിന്റെ തെക്കുകിഴക്കായി മറ്റൊരു ചെറിയ ശവകുടീരം കാണാം. നിസാമുദ്ദീൻ ഈസ്റ്റ് കോളനിയിൽ നിന്ന് നോക്കിയാൽ ഇത് വ്യക്‌തമായി കാണാം. നായ് കാ ഗുംബാദ് അഥവാ ക്ഷുരകന്റെ ശവകുടീരം എന്ന പേരിലാണിത് ഇതറിയപ്പെടുന്നത്.

 മുഗൾ ചക്രവർത്തി ഹുമയൂണിന്റെ ക്ഷുരകനു വേണ്ടിയാണ് ഈ സ്‌മാരകം നിർമിച്ചതെന്നാണ് കഥ. അതല്ല, ഹുമയൂണിന്റെ പുത്രനായ അക്ബർ ചക്രവർത്തിയുടെ പ്രിയപ്പെട്ട ക്ഷുരകന്റെ ശവകുടീരമാണിതെന്ന് മറ്റു ചിലർ പറയുന്നു. ഏതായാലും ഇതിനകത്തുള്ള രണ്ട് കബറുകളിൽ ഒന്ന് ഒരു ക്ഷുരകന്റേതാണെന്നതിൽ അഭിപ്രായവ്യത്യാസമില്ല.

 ഒരു കല്ലറയിൽ നിന്ന് ലഭിച്ച കുറിപ്പിന്റെ അടിസ്ഥാനത്തിൽ ഇത് 1590–91ൽ നിർമിച്ചതാവാമെന്ന് കരുതുന്നു. ഹുമയൂൺ 1556 അന്തരിച്ചിരുന്നതിനാൽ ഇതിൽ അടക്കിയിരിക്കുന്നത് ഹുമയുണിന്റെ ക്ഷുരകാനാവാൻ വഴിയില്ലെന്ന് വാദമുണ്ട്. എങ്കിൽ ക്ഷുരകൻ മറ്റേ കല്ലറയിലാവാം എന്നാണ് മറുവാദം.

1820ൽ ഏതോ ബ്രിട്ടിഷ് ചിത്രകാരൻ ഇത് വരച്ചതിൽ ‘മക്കബ്രാ–ഇ–കോക്ക’ എന്ന് ഇതിന്റെ ചുവട്ടിൽ എഴുതിയിരുന്നതായി കണ്ടെത്തി. കോക്കാ എന്നു പേർഷ്യനിൽ പറഞ്ഞാൽ വളർത്തു സഹോദരൻ. (ഒരമ്മയുടെ സ്വന്തം പുത്രനും ഒപ്പം അവർ പാൽ കൊടുത്ത് വളർത്തിയ കുട്ടിയും വളർത്തുസഹോദരന്മാരാണ്) ഇതിന്റെ അടിസ്ഥാനത്തിൽ ഇത് ഹുമയൂണിന്റെ വളർത്തുസഹോദരനായ അത്ഗാ ഖാന്റെയാണെന്ന് കരുതുന്നവരുമുണ്ട്. പക്ഷേ, അത്ഗാ ഖാന്റെയെന്ന് അംഗീകരിക്കപ്പെട്ട മറ്റൊരു ശവകുടീരം നിസാമുദ്ദീൻ പ്രദേശത്തുതന്നെയുള്ളതിനാൽ ബ്രിട്ടിഷ് ചിത്രകാരന് തെറ്റിയതാവാമെന്നാണ് കരുതുന്നത്.

പക്ഷേ ക്ഷുരകനുവേണ്ടി ഒരു ചക്രവർത്തി ഇത്ര വലിയൊരു ശവകുടീരം പണിയുമോ? അതിന് മറുപടി ഇങ്ങനെ പോകുന്നു – രാജാവിന്റെ കഴുത്തിൽ കത്തിവയ്‌ക്കുന്ന ആളാണ് ക്ഷുരകൻ. അതിനാൽ, രാജാവിന് പൂർണവിശ്വാസമുള്ളവരെ മാത്രമേ കൊട്ടാരക്ഷുരകനായി നിയമിക്കാറുള്ളു. രാജാവിന്റെ സന്തത സഹചാരികളിലൊരാളും ക്ഷുരകനായിരിക്കും. ഇവർ തമ്മിൽ പലപ്പോഴും അടുത്ത ചങ്ങാത്തവും വളർന്നുവരാറുണ്ടായിരുന്നു.

ക്ഷുരകനു വേണ്ടി ഇത്രയും വലിയൊരു സ്മാരകം മറ്റാരും നിർമിച്ചതായി ചരിത്രമില്ല. എങ്കിലും ഹുമയൂണിന്റെ സ്വഭാവം പരിശോധിച്ചാൽ അദ്ദേഹം തന്റെ ക്ഷുരകനു വേണ്ടി ഒരു സ്‌മാരകം നിർമിച്ചതിൽ അത്ഭുതപ്പെടാനില്ല. സൈന്യത്തിൽ വെള്ളം ചുമന്നുകൊണ്ടുപോകുന്നയാളെ സിംഹാസനത്തിലിരുത്തി ഒരു ദിവസത്തെ സുൽത്താനാക്കിയ ആളാണല്ലോ ഹുമയൂൺ. ആ കഥ പറയാം.

1539ൽ ചൗസയിൽ ഹുമയൂണും ഷേർഷായും തമ്മിൽ നടന്ന ആദ്യ യുദ്ധത്തിൽ ഹുമയൂണിന്റെ മുഗൾ സൈന്യം തോറ്റു. സൈന്യം നഷ്‌ടപ്പെട്ടതോടെ ഹുമയൂണും ഓടി. ശത്രുസൈന്യം അദ്ദേഹത്തെ പിന്തുടർന്നു. ഓടിയോടി അദ്ദേഹം ഗംഗാനദിയുടെ കരയിലെത്തി. നദി കടക്കാൻ തോണിയില്ലാതെ ചക്രവർത്തി വിഷമിച്ചു. അപ്പോഴാണ് സൈന്യത്തിൽ വെള്ളം ചുമന്നുകൊണ്ടിരുന്ന നിസാം എന്നയാൾ ഒപ്പമെത്തിയത്. തന്റെ തുകൽസഞ്ചിയിലെ വെള്ളം കളഞ്ഞ് സഞ്ചി ഊതി വീർപ്പിച്ച് അതിന്റെ പുറത്ത് ചക്രവർത്തിയെ ഇരുത്തി അയാൾ പുഴ നീന്തി അക്കരെയെത്തി.

ഇതിന് ഹുമയൂൺ നന്ദി പ്രകടിപ്പിച്ചത് നിസാമിനെ ഒരു ദിവസം തന്റെ സിംഹാസനത്തിൽ ഇരുത്തിക്കൊണ്ടാണ്. ആ ഒരു ദിവസം കൊണ്ട് ഖജനാവിലെ പണത്തിന്റെ നല്ലൊരു ഭാഗം അയാൾ തന്റെ ബന്ധുക്കൾക്ക് വിതരണം ചെയ്‌തെന്നാണ് പറയപ്പെടുന്നത്. ‘ഏക് ദിൻ കാ സുൽത്താൻ’ (ഒരു ദിവസത്തെ സുൽത്താൻ) എന്ന് ഹിന്ദുസ്ഥാനിയിൽ ഒരു പ്രയോഗം ഉണ്ടായതു തന്നെ ഈ സംഭവത്തിൽ നിന്നാണ്. ഏതായാലും ഇന്നും ഹുമയൂൺ സ്‌മാരകത്തിനടുത്ത് നിസാമുദ്ദീൻ ബസ്‌തിയിൽ വെള്ളം കൊണ്ടുപോകാനുള്ള തുകൽസഞ്ചി നിർമിക്കുന്നവരുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com