ADVERTISEMENT

ദ്വാരക ∙ തലകുനിച്ച്, കൈകെട്ടി വിനയത്തോടെ പൊലീസുകാരുടെ നടുവിൽ നിൽക്കുന്ന ‘സ്പൈഡർമാനെ’ കണ്ടാൽ പാവം തോന്നുമല്ലേ! തൊട്ടു മുൻപുള്ള സീനിൽ സൂപ്പർനായകൻ ഒരു സ്കോർപിയോയുടെ ബോണറ്റിലിരുന്ന് അഭ്യാസപ്രകടനങ്ങളുമായി നഗരം ചുറ്റുകയായിരുന്നു. അതിനിടെയാണ് ട്രാഫിക് പൊലീസിന്റെ മുന്നിൽ കുടുങ്ങിയത്.

താഴെയിറങ്ങിയ ഉടൻ ‘സൂപ്പർഹീറോയ്ക്ക്’ പൊലീസ് ഫൈനടിച്ചു. പുക സർട്ടിഫിക്കറ്റില്ല, സീറ്റ് ബെൽറ്റിട്ടിട്ടില്ല, അപകടകരമായ ഡ്രൈവിങ്– എല്ലാറ്റിനും കൂടി 26,000 രൂപ പിഴ. നജഫ്ഗഡ് സ്വദേശി ആദിത്യ (20) ആണ് സ്പൈഡർമാന്റെ വേഷത്തിൽ ബോണറ്റിലിരുന്നു നഗരം ചുറ്റിയത്. കാറോടിച്ച സുഹൃത്ത് ഗൗരവ് സിങ്ങും (19) കേസിൽ കുടുങ്ങി. സമൂഹമാധ്യമങ്ങളിലൂടെ ഇവരുടെ ദൃശ്യങ്ങൾ സഹിതം പരാതികൾ ലഭിച്ചതോടെയാണ് ട്രാഫിക് പൊലീസ് നടപടിയെടുത്തത്.

‘യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്തേണ്ടത് തങ്ങളുടെ ഉത്തരവാദിത്തമാണ്. റോഡിൽ ഇത്തരം അഭ്യാസപ്രകടനങ്ങൾ അനുവദിക്കില്ല. ശ്രദ്ധയിൽപെട്ടാൽ കർശന നടപടിയെടുക്കും. സമാന സംഭവങ്ങൾ കണ്ടാൽ ഉടൻ അറിയിക്കണം’– ട്രാഫിക് പൊലീസ് പറഞ്ഞു. കഴിഞ്ഞ ഏപ്രിലിൽ സ്പൈ‍ഡർമാന്റെ വേഷമണിഞ്ഞ് ബൈക്കിൽ നഗരം ചുറ്റിയ യുവാവിനെയും യുവതിയെയും പൊലീസ് പിടികൂടിയിരുന്നു. ദ്വാരകയിലെ തന്നെ റോഡിൽ ബൈക്കിൽ അഭ്യാസം കാണിച്ച് ചുറ്റുന്നതിനിടെയാണ് ഇരുവരെയും പിടികൂടിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com