ADVERTISEMENT

ഗാഡി നമ്പർ ഏക്–ദോ–ഛേ–ദോ–പാഞ്ച് എന്ന് കേട്ടുതീരുമ്പോഴേക്കും ഏഴാം നമ്പർ പ്ലാറ്റ്ഫോമിനരികിൽ ദേ വന്നു നിൽക്കുന്നു നമ്മുടെ കേരള എക്സ്പ്രസ്. പതിവ് പോലെ, മണിക്കൂറുകൾ വൈകിയുള്ള വരവാണ്. അതുകൊണ്ടാവണം, ആവർത്തിച്ചുള്ള അനൗൺസ്മെന്റ് കേട്ടിട്ടും മറ്റു യാത്രക്കാർക്ക് വലിയ ശ്രദ്ധയൊന്നുമില്ല. പ്ലാറ്റ്ഫോമിലെ തിക്കും തിരക്കും ഒന്നടങ്ങിയപ്പോൾ  ബി 1 എസി കംപാർട്മെന്റിന്റെ വാതിൽ തുറക്കുന്നു. ആദ്യം പുറത്തേക്ക് തലനീട്ടുന്നത് ഓലക്കുട.പിന്നാലെ പ്ലാറ്റ്ഫോമിലേക്ക് കാലെടുത്തവച്ചയാളെ കണ്ട്,  കൂടി നിന്നവർ ഞെട്ടി. കഥകളിലെങ്ങും പരിചയമില്ലാത്തൊരു രാജാവിനെ കണ്ട് അവരമ്പരന്ന് നിൽക്കുമ്പോൾ ആൾക്കൂട്ടത്തിനിടയിൽ നിന്നൊരാരവം ...

ദേ, മാവേലി പ്ലാറ്റ്ഫോമിൽ!
ഇത്തവണ ഡൽഹി–എൻസിആർ മലയാളികളുടെ ക്ഷേമം തിരക്കിയേക്കാം എന്നു കരുതിയാണ് മാവേലിയുടെ വരവ്. തിരുവനന്തപുരത്തുനിന്ന് ട്രെയിൻ കയറിയ മഹാബലി, കേരള എക്സ്പ്രസിൽ മലയാളികൾക്കു പതിവുള്ള ദുരിതങ്ങളെല്ലാം നേരിട്ടറിഞ്ഞും സഹിച്ചും 3–ാം ദിവസം ഡൽഹിയിലെത്തി. ഭാഗ്യം, ഓലക്കുടയൊടിഞ്ഞില്ല. ആടയാഭരണങ്ങൾക്ക് കേടുപാടുകളില്ല.

അമ്പരന്നു നിൽക്കുന്ന ജനങ്ങളെ നോക്കി, രാജകീയഭാവം തീരെയില്ലാതെ, വിശാലഹൃദയനായ മാവേലി നിറഞ്ഞു പുഞ്ചിരിച്ചു. കണ്ടവരും ചിരിച്ചു.

ഇരുപക്ഷവും, ബഹുത് ഖുശ് ഹുവാ!
മഹാബലിയെ കണ്ടതും, ആൾക്കൂട്ടത്തിനൊപ്പം നിന്ന ചെണ്ടക്കാരി ഇടന്തലയിലൊരടി, അസുര രാജാവിന് ഇന്ദ്രപ്രസ്ഥത്തിലേക്ക് ആദ്യവരവേൽപ്. ഓടിക്കൂടിയ പോർട്ടർമാർ മാവേലിയുടെ കൈവശം കാര്യമായ ലഗേജൊന്നുമില്ലെന്നു കണ്ട് നിരാശയോടെ പിൻവാങ്ങി.

ഡൽഹിയിലെ ചൂ‌ടിന് കേരളത്തിന്റെ സ്വഭാവമല്ല. ദാഹവും പരവേശവും ഇരട്ടിയാണ്. ആദ്യം കണ്ട സ്റ്റാളിൽ നിന്നും ഒരുകുപ്പി ‘ഠണ്ഡാ പാനി’ വാങ്ങി. തലസ്ഥാനത്തേക്കു തിരിക്കും മുൻപ് അത്യാവശ്യം പഠിച്ചുവച്ച ഹിന്ദിവാക്കുകളിൽ ‘പാനി’ കൂടി ഉണ്ടായിരുന്നത് തുണച്ചു, ദാഹമടങ്ങി. ഇനി നേരെ വടക്കൻ റെയിൽവേയുടെ യാത്രി നിവാസിലേക്ക്. ഉച്ചമയക്കത്തിനു ശേഷം 10 ദിവസത്തെ ഡൽഹി സന്ദർശനം തുടങ്ങുകയായി.

(കാത്തിരിക്കൂ, മാവേലിയുടെ ‘ദില്ലോണം’ യാത്ര നാളെ നിങ്ങളുടെയടുത്തേക്കാകാം) 

English Summary:

This lighthearted tale follows the mythical King Maveli as he travels from Kerala to Delhi, navigating cultural differences and spreading joy with his arrival.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com