ADVERTISEMENT

‘അന്തരീക്ഷം മേഘാവൃതമാണ്, രണ്ടു ദിവസം ഡൽഹിയിൽ കനത്ത മഴയായിരിക്കും’– കാലാവസ്ഥാ നിരീക്ഷകനായ സുഹൃത്ത് വാട്സാപ്പിൽ അയച്ച സന്ദേശം കണ്ട് രാവിലെ പുറത്തേക്കിറങ്ങാൻ ഒരുങ്ങണോ വേണ്ടയോ എന്ന ആശങ്കയിലാണ് മാവേലി. അതിനിടെ ഇതിലേ വരുമോയെന്ന് ചോദിച്ച് ഡൽഹിയുടെ വിവിധ കോണുകളിൽ നിന്നു വിളിയോടുവിളി. ഇനി തീരെ സമയമില്ല, വിശാലമായ കറക്കം അടുത്ത ഓണത്തിനാകാം. പറഞ്ഞുറപ്പിച്ചിരിക്കുന്ന പലയിടങ്ങളിലേക്കും ഓടിയെത്താനുണ്ട്.മഴയില്ലെന്നു കണ്ടതോടെ മാവേലി ഒരുങ്ങിയിറങ്ങി. കൊണാട്ട് പ്ലേസിലെ ഹനുമാൻ ക്ഷേത്രത്തിനു മുന്നിലൂടെ നടന്നു വരുമ്പോൾ മോഹൻ സിങ് പാലസിനു മുന്നിൽ ഇന്ത്യൻ കോഫി ഹൗസ് എന്ന ബോർഡ് കണ്ടതും ഉള്ളിൽ വിശപ്പിന്റെ വിളിയുയർന്നു. പിന്നെയെന്താലോചിക്കാൻ, സുരക്ഷാ കവാടം കടന്നു മൂന്നാം നിലയിലേക്കു കുതിച്ചു. അകത്തു കടന്നപ്പോൾ തലപ്പാവണിഞ്ഞു നിൽക്കുന്ന വെയ്റ്റർ സത്യേന്ദർ നേഗി ആനയിച്ചിരുത്തി. വടയോടു കൂടിയ ഒരു മസാല ദോശയ്ക്കും കാപ്പിക്കും ഓർഡർ കൊടുത്തു.

ഏതാനും മിനിറ്റുകൾ കഴി‍ഞ്ഞപ്പോൾ താലപ്പൊലിയേന്തുന്ന ഭാവത്തിൽ ത്രികോണാകൃതിയിൽ മടക്കിയ മസാല ദോശ, ചട്നി, സാമ്പാർ, വട എന്നിവയുമായി നേഗിയെത്തി. പ്ലേറ്റിലുണ്ടായിരുന്ന ഫോർക്കും നൈഫും ദോശയ്ക്ക് പരുക്കേൽക്കാതെ ഒരരുകിലേക്കു മാറ്റിവച്ചു. മസാലദോശയുടെ മടക്കു നിവർത്തിയതും മാവേലി ഞെട്ടി. ബീറ്റ്റൂട്ടിന്റെ പൊടിപോലുമില്ല, അകംനിറയെ ‘ആലു’. നാട്ടിൽ ഇന്ത്യൻ കോഫി ഹൗസിന്റെ നിലനിൽപ് തന്നെ ബീറ്റ്റൂട്ടിനെ ആശ്രയിച്ചായിരിക്കേ ഇതെങ്ങനെ സംഭവിച്ചു എന്നാലോചിച്ച മാവേലി ഭക്ഷണത്തിന് ശേഷം കഴിക്കാനൊരു കട്‌ലറ്റ് എന്നു മനസ്സിൽ കുറിച്ചിട്ടത് വെട്ടി.ഇനി ഡൽഹിയിലെ ഏറ്റവും സുന്ദരമായ ഉദ്യാനങ്ങളിലൊന്നായ ലോധി ഗാർഡനിലേക്കാണു യാത്ര. രാവിലെ പെയ്ത മഴയിൽ വഴിത്താരകളും പുൽത്തകിടിയും നനഞ്ഞു കിടക്കുന്നു. നഗരത്തിരക്കുകളുടെ കോലാഹലങ്ങളില്ലാത്ത ശാന്തമായ അന്തരീക്ഷം. പുസ്തകം വായിക്കുന്നവർ, പൂക്കൾ തുന്നുന്നവർ, യോഗ പരിശീലകർ, നടക്കുന്നവർ, കിടക്കുന്നവർ, വെറുതെയിരിക്കുന്നവർ തുടങ്ങി ഉദ്യാനത്തിന്റെ സ്വസ്ഥതയാസ്വദിക്കുന്ന അപരിചിതരെ ശല്യപ്പെടുത്താതെ മാവേലി ചുറ്റും നടന്നു കണ്ടു.

പുറത്തേക്കിറങ്ങിയതും ഗേറ്റിൽ ചെണ്ടക്കാരി കാത്തുനിൽപുണ്ട്.ഫ്രഞ്ച് എംബസിയുടെ കീഴിലുള്ള ഇൻഡോ ഫ്രഞ്ച് സാംസ്കാരിക കേന്ദ്രമായ ‘അലിയൻസ് ഫ്രാൻസൈസ് ദ് ഡൽഹി’ ആണ് ഇന്നത്തെ സന്ദർശന കേന്ദ്രം. കവാടം കടന്ന് അകത്ത് കാൽകുത്തിയതും ഫ്രഞ്ച് പഠിക്കാനെത്തിയ വിദ്യാർഥികൾ മാവേലിയെ പൊതിഞ്ഞു. അകത്തെ കഫേയിലേക്കു കടന്നിരുന്ന് വിശാലമായി വിശേഷങ്ങൾ പറഞ്ഞിരിക്കുമ്പോൾ ഡയറക്ടർ ഫ്രഡറിക് വോൾസ്ക പാഞ്ഞെത്തി. കെട്ടിപ്പിടിച്ച ഫ്രഡറിക്കിനോട് മാവേലി പറഞ്ഞു, ‘ബോൺ ഫെത്ത് ഓണം’– ആശംസ ഫ്രഞ്ചിൽ തന്നെ കാച്ചി. അതിനിടെയാണ് മാവേലിക്കരികിൽ ചെണ്ടക്കാരിയേയും ചെണ്ടയും കണ്ടത്. അപ്പോപ്പിന്നെ ഫ്രഡറിക്കിനതൊന്നു കൊട്ടിനോക്കണം. സംഘം മുറ്റത്തേക്കിറങ്ങി. ചെണ്ട കൈവിട്ടുപോയതിന്റെ നിരാശയിൽ ചെണ്ടക്കാരി ഒരരികിൽ മാറിയിരിക്കുന്നു. ഫ്രഡറിക്കിന്റെ ഫ്ര‍ഞ്ച് മേളത്തിൽ മാവേലി മതിമറന്നു നിൽക്കുന്നു. ആ മേളപ്പെരുക്കം ഒച്ചയില്ലാതെ ഇന്നത്തെ ഫ്രെയിമിലേക്കു പതിഞ്ഞു.

English Summary:

When rain threatens his plans for Onam celebrations in Delhi, Maveli embarks on an unplanned journey through the city. From the Hanuman Temple to the bustling Indian Coffee House, his day unfolds with unexpected delights.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com