ADVERTISEMENT

ഉണർന്നപ്പോൾ വൈകി, നല്ല ക്ഷീണവുമുണ്ട്. കാലത്തെ പുറപ്പെടാമെന്നു കരുതിയിരുന്ന യാത്ര മാവേലി റദ്ദാക്കി. ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ എല്ലായിടത്തുമെത്തിച്ചേരാനായി നിർത്താതെയുള്ള ഓട്ടമാണല്ലോ. പ്രഭാത ഭക്ഷണവും മുടങ്ങി. ഇനി ബ്രഞ്ചോ മറ്റോ ആകാം. അൽപനേരം കൂടി കിടന്നു. 11ന് ഉണർന്നു. കുളിച്ചൊരുങ്ങി ടാക്സിക്കാരനെയും വിളിച്ച് ചെണ്ടക്കാരിയെ കാത്തുനിൽക്കുമ്പോഴാണ് ഡൽഹിയിൽ വന്നിട്ട് ഇതുവരെ ചോലെ ബട്ടൂര കഴിച്ചില്ലല്ലോ എന്നോർത്തത്. നേരെ പുറത്തേക്കിറങ്ങി. റഫി മാർഗും കടന്ന് റെയ്സിന റോഡ‍ിലേക്കു കയറി മുന്നോട്ട് നീങ്ങിയപ്പോഴാണു പ്രസ് ക്ലബ്ബ് ഓഫ് ഇന്ത്യയുടെ ഇടത് വശത്ത് തട്ടുകടകൾ കണ്ടത്. റോഡ് മുറിച്ചുകടന്ന് ചെന്നിരുന്നു. സ്റ്റീൽ പ്ലേറ്റിൽ വലിയ രണ്ടു ബട്ടൂരയെത്തി. കറികളെന്തെന്നറിയാൻ ബട്ടൂര പൊക്കിനോക്കണം. പാത്രത്തിന്റെ ഒരു കള്ളിയിൽ ചാറേറെയില്ലാതെ ചാട്ട് മസാലയിൽ കുതിർന്ന ഉത്തരേന്ത്യൻ കടലക്കറി, അടുത്തതിൽ ക്യാരറ്റും മുളകും അച്ചാർ, മറ്റൊന്നിൽ സവാളയരിഞ്ഞതിനു മീതെ പുതിന ചട്നി. ചൂടാറിയപ്പോൾ രുചിയോടെ കഴി‍ച്ചു. തിരികെ നടക്കും വഴി ടാക്സിയും ചെണ്ടക്കാരിയും കാത്തു നിൽക്കുന്നു.

കാറിലേക്കു കടന്നിരുന്നു. ജാമിയ സർവകലാശാലയിലെ വിദ്യാർഥികളെക്കണ്ട് ഓഖ്‌ല പക്ഷി സങ്കേതവും കാണാനാണ് യാത്ര. കുറച്ച് മുന്നോട്ടു നീങ്ങിയപ്പോൾ മാവേലിക്കു വല്ലാത്ത അസ്വസ്ഥത. എസി കൂട്ടിയിട്ടിട്ടും കാറിനുള്ളിൽ വെട്ടിവിയർക്കുന്നു. തലചുറ്റുന്നത് പോലെ. മാവേലിയുടെ പരവേശം കണ്ടറിഞ്ഞ ചെണ്ടക്കാരി കാര്യം തിരക്കി. തലകുടഞ്ഞ് ഹോ വയ്യെന്ന് മറുപടി. ചെണ്ടക്കാരിയുടെ നിർദേശമനുസരിച്ച് വണ്ടി നേരെ ഓഖ്‌ല ഹോളി ഫാമിലി ആശുപത്രിയിലേക്കു വിട്ടു.

ആശുപത്രിയിലെത്തിയപ്പോൾ ഒപി വിഭാഗത്തിൽ നല്ല തിരക്ക്. മാവേലിയെ കണ്ടതോടെ കോട്ടയം പാമ്പാടി സ്വദേശിയായ നഴ്സ് ശോശാമ്മ തങ്കച്ചൻ ഓടിയെത്തി. കാര്യം പറഞ്ഞപ്പോൾ അകത്തൊരു മുറിയിലേക്ക് കൂട്ടിക്കൊണ്ടു പോയിരുത്തി. ഏതാനും നിമിഷങ്ങൾക്കകം മെഡിസിൻ വിഭാഗത്തിലെ ഡോ. മാലയെത്തി മാവേലിയെ പരിശോധിച്ചു. 

ഹൃദയമിടിപ്പ് സാധാരണ താളത്തിൽ തന്നെ. എന്നാൽ പിന്നെ പ്രഷറൊന്നു നോക്കാമെന്നായി. നോക്കിയപ്പോഴെന്താ 140–90. ‘ബിപി കൂടുതലാണ് കേട്ടോ. ഭക്ഷണം ശ്രദ്ധിക്കണം, ഉപ്പ് കുറയ്ക്കണം. അച്ചാറൊന്നും അധികം കഴിക്കേണ്ട’– ഹിന്ദിയിലുള്ള ഡോക്ടറുടെ ഉപദേശം ശോശാമ്മ സിസ്റ്റർ തനിമലയാളത്തിലാക്കി കൊടുത്തപ്പോൾ മാവേലി കിരീടസമേതം തലകുലുക്കി. രാവിലെ കഴിച്ച ചോലെ ബട്ടൂരയുടെ കാര്യം മിണ്ടിയില്ല. എന്തായാലും ആശ്വാസമായി, ഇന്നിനി മറ്റൊരു യാത്രയില്ല.

English Summary:

This blog post recounts a hectic day in Delhi, starting with a late start and a delicious Chole Bhature breakfast. Plans to visit Jamia University and the Okhla Bird Sanctuary take a turn when a travel companion experiences a health scare. The post highlights the challenges and unexpected turns of traveling in a bustling city like Delhi, showcasing both the culinary delights and the accessibility of healthcare.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com