ADVERTISEMENT

ന്യൂഡൽഹി ∙ കഴിഞ്ഞയാഴ്ച ലോക് നായക് ആശുപത്രിയിൽ ഈ വർഷത്തെ ആദ്യ ഡെങ്കിപ്പനി മരണം റിപ്പോർട്ട് ചെയ്തതിനു പിന്നാലെ, നഗരസഭ ഡെങ്കി, മലേറിയ, ചിക്കുൻഗുനിയ തുടങ്ങിയ പകർച്ചപ്പനികൾ തടയുന്നതിനുള്ള പ്രതിരോധ നടപടികൾ ശക്തമാക്കി. 1,56,932 വീടുകളിലെ കൊതുക് പ്രജനന കേന്ദ്രങ്ങൾ കണ്ടെത്തി നശിപ്പിച്ചതായി നഗരസഭാ അധികൃതർ അറിയിച്ചു. അഴുക്കുചാലുകളിലും ജലാശയങ്ങളിലും കെട്ടിക്കിടക്കുന്ന ജലത്തിലും കീടനാശിനികൾ തളിച്ച് കൊതുകുകൾ വളരാനുള്ള സാഹചര്യം തടയുന്നുണ്ട്.

ജൈവ നിയന്ത്രണ നടപടികളുടെ ഭാഗമായി ശുദ്ധജലം ശേഖരിച്ചുവയ്ക്കുന്ന 213 സ്ഥലങ്ങളിൽ ലാർവിവോറസ് മത്സ്യങ്ങളെ നിക്ഷേപിച്ചു. പൊലീസ് സ്റ്റേഷനുകൾ, കെട്ടിടനിർമാണ സൈറ്റുകൾ, പാർക്കുകൾ, ആശുപത്രികൾ, സ്‌കൂളുകൾ, സർക്കാർ ഓഫിസുകൾ, ഡിടിസി ഡിപ്പോകൾ തുടങ്ങിയിടങ്ങളിൽ 23 പ്രത്യേക ഡ്രൈവുകളും നടത്തിയിട്ടുണ്ട്. കൊതുകിന്റെ സാന്ദ്രതയും രോഗാവസ്ഥയും അനുസരിച്ച് സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിൽ ഔട്ട്‌ഡോർ ഫോഗിങ് പ്രവർത്തനങ്ങൾ വർധിപ്പിക്കുമെന്നും അധികൃതർ അറിയിച്ചു.

കെട്ടിക്കിടക്കുന്ന ശുദ്ധവെള്ളത്തിൽ നിന്നുണ്ടാകുന്ന കൊതുകുകളാണ് രോഗകാരികൾ എന്നതിനാൽ അത്തരം സന്ദർഭങ്ങൾ ഒഴിവാക്കണം. ‌കൊതുകു കടിക്കാത്ത രീതിയിൽ ശരീരം മറയ്ക്കുന്ന വസ്ത്രങ്ങൾ ധരിക്കുന്നതും ശീലമാക്കണം.

പ്രതിരോധമതിൽ തീർക്കാം
∙ വീട്ടിനകത്തും പുറത്തുമുള്ള വെള്ളം ശേഖരിച്ചു വയ്ക്കുന്ന പാത്രങ്ങൾ, ടാങ്കുകൾ, ഫ്രിജിന്റെ പുറകിലുള്ള ട്രേ, അലസമായി വലിച്ചെറിയുന്ന ചിരട്ട, ടയർ, മുട്ടത്തോട്, പൊട്ടിയ പാത്രങ്ങൾ ഒക്കെ വെള്ളം കെട്ടി നിൽക്കാതെ നീക്കം ചെയ്യുക.
∙ ടെറസ്, സൺ ഷെയ്ഡ് എന്നിവിടങ്ങളിൽ വെള്ളം കെട്ടിനിൽക്കുന്നില്ലെന്നു ഉറപ്പു വരുത്തുക.
∙ ചെടിച്ചട്ടികളിൽ വെള്ളം കെട്ടിനിൽക്കുന്നില്ലെന്ന് കൃത്യമായ ഇടവേളകളിൽ ഉറപ്പു വരുത്തണം.
∙ കൊതുകുകൾ ഉണ്ടായി കഴിഞ്ഞാൽ കടി ഒഴിവാക്കുന്നതിനായി
∙ കൊതുകുതിരി പോലുള്ള മോസ്ക്വിറ്റോ റിപ്പല്ലെന്റ്സ് ഉപയോഗിക്കണം.
‌∙ഉറങ്ങുമ്പോൾ ശരീര ഭാഗങ്ങൾ പരമാവധി മറയ്ക്കുന്ന വസ്ത്രധാരണത്തിന് ശ്രമിക്കുക.
∙ കൊതുകുവല ഉപയോഗിക്കൽ ശീലമാക്കാം.
∙ കൊതുക് കടിയേൽക്കാതിരിക്കാൻ തൊലിപ്പുറത്തു പുരട്ടുന്ന ലേപനങ്ങൾ വാങ്ങാം.

രോഗ ലക്ഷണങ്ങൾ
∙കടുത്ത പനി
∙തലവേദന
∙കണ്ണിന്റെ പുറകിൽ വേദന
∙ ശരീരവേദന - എല്ലു നുറുങ്ങുന്ന വേദനയായതു കൊണ്ടാവണം ബ്രേക്ക്‌ ബോൺ ഫീവർ അഥവാ ബാക്ക് ബ്രേക്ക്‌ ഫീവർ എന്ന അപര നാമത്തിലും ഡെങ്കിപ്പനി അറിയപ്പെടാറുണ്ട്.
∙ തൊലിപ്പുറത്തെ ചുവന്ന പാടുകൾ മുതൽ രോഗതീവ്രത കൂടുന്നതനുസരിച്ചു ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള രക്തസ്രാവം വരെയുണ്ടാകാം.

English Summary:

New Delhi is ramping up its fight against dengue fever after the first fatality this year. The city is actively destroying mosquito breeding grounds, treating stagnant water, and urging residents to take precautions to prevent mosquito bites.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com