ADVERTISEMENT

ന്യൂഡൽഹി ∙ പ്രചാരണത്തിനിടെ, വിദ്യാർഥികൾ ക്യാംപസിനകത്തും പുറത്തുമുള്ള പൊതുമുതൽ നശിപ്പിച്ചെന്ന പരാതിയെ തുടർന്ന് ഇന്നു നടക്കുന്ന ഡൽഹി സർവകലാശാല വിദ്യാർഥി യൂണിയൻ (ഡിയുഎസ്‌യു) തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ഹൈക്കോടതി  തടഞ്ഞു.  പോസ്റ്ററുകളും ‌ചുവരെഴുത്തുകളും നീക്കം ചെയ്തെന്നും നശിപ്പിക്കപ്പെട്ട പൊതുമുതൽ പുനഃസ്ഥാപിച്ചെന്നും കോടതിക്കു ബോധ്യപ്പെടുംവരെ വോട്ടെണ്ണൽ നടത്തരുതെന്ന് നിയുക്ത ചീഫ് ജസ്റ്റിസ് മൻമോഹൻ അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു.

വിദ്യാർഥികൾ പൊതുമുതൽ നശിപ്പിച്ചെന്ന അഭിഭാഷകൻ പ്രശാന്ത് മഞ്ചന്ദയുടെ പരാതിയിലാണ് ഉത്തരവ്. ഇനിയൊരു ഉത്തരവുണ്ടാകുംവരെ ഇവിഎമ്മുകളും ബാലറ്റ് പെട്ടികളും സുരക്ഷിതമായി സൂക്ഷിക്കണമെന്നു ഡൽഹി സർവകലാശാലയ്ക്കും കോടതി നിർദേശം നൽകി. പൊതുസ്ഥലങ്ങളിൽ പോസ്റ്ററുകൾ പതിപ്പിക്കാൻ പാടില്ലെന്നിരിക്കെ, ഡിയുഎസ്‌യു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞ 13 മുതൽ 25 വരെ 16,000 ബോർഡുകളും 2 ലക്ഷം പോസ്റ്ററുകളും ലഘുലേഖകളും 28,500 ബാനറുകളും കോർപറേഷൻ നീക്കം ചെയ്തെന്ന് എംസിഡിയും കോടതിയെ അറിയിച്ചിരുന്നു. 

ഇത്തവണ 4 മലയാളികൾ
ഡിയുഎസ്‌യു തിരഞ്ഞെടുപ്പിൽ ഇത്തവണ 4 മലയാളികളാണ് മത്സരിക്കുന്നത്. ഫ്രറ്റേണിറ്റി മൂവ്‌മെന്റിന്റെ പ്രസിഡന്റ് സ്ഥാനാർഥിയായി വയനാട് വൈത്തിരി സ്വദേശി ബദീ ഉസ്സമാൻ, എഐഎസ്എഫിനായി സെക്രട്ടറി സ്ഥാനത്തേക്ക് ആലപ്പുഴക്കാരൻ ആദിത്യൻ, എഐഎസ്എ- എസ്എഫ്ഐ സഖ്യത്തിനായി  ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് കണ്ണൂർ സ്വദേശിനി കെ.അനാമിക, എഐഎസ്എഫിനായി തൃശൂർ സ്വദേശി അഞ്ജന സുകുമാരൻ എന്നിവരാണ് മത്സരിക്കുന്നത്. ഡിയുവിലെ കോളജുതല തിരഞ്ഞെടുപ്പിലും ‌മലയാളികൾ മത്സരിക്കുന്നുണ്ട്.

പ്രസിഡന്റ് സ്ഥാനത്തേക്ക് മാത്രം മലയാളി ഉൾപ്പെടെ 8 സ്ഥാനാർഥികൾ മത്സരിക്കുന്നുണ്ട്. ഫീസ് വർധന, ഹോസ്റ്റലുകളുടെ സ്വകാര്യവൽക്കരണം, നാലുവർഷ ബിരുദം, സൗജന്യ മെട്രോ പാസ് തുടങ്ങിയ വിഷയങ്ങളിലാണ് സ്ഥാനാർഥികൾ പ്രധാനമായും ഉയർത്തിക്കാണിക്കുന്നത്. കോവിഡ് കാലത്തിനു ശേഷം കഴിഞ്ഞ വർഷം നടത്തിയ തിരഞ്ഞെടുപ്പിൽ എബിവിപി സ്ഥാനാർഥികളായിരുന്നു പ്രസിഡന്റ്, സെക്രട്ടറി, ജോയിന്റ് സെക്രട്ടറി സ്ഥാനങ്ങളിലേക്കു ജയിച്ചത്. എൻഎസ്‌യുഐ സ്ഥാനാർഥിയാണ് വൈസ് പ്രസിഡന്റ് സീറ്റ് നേടിയത്. 

English Summary:

The Delhi High Court has postponed the counting of votes for the Delhi University Students' Union (DUSU) election due to widespread vandalism during campaigning.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com