ADVERTISEMENT

കുഴൽമന്ദം ∙ തേങ്കുറുശ്ശി ഇലമന്ദത്തെ ദുരഭിമാനക്കൊലപാതകക്കേസിൽ അന്വേഷണ ഏജൻസിയായ ജില്ലാ ക്രൈംബ്രാഞ്ച് മൊഴിയെടുത്തു. കൊല്ലപ്പെട്ട അനീഷിന്റെ സഹോദരൻ, സംഭവം നടന്ന ഇലമന്ദം സ്കൂളിനു സമീപത്തുള്ള പലചരക്കുകടയുടമ, പരിസരവാസികൾ എന്നിവരിൽ നിന്നാണ് ഇന്നലെ മൊഴിയെടുത്തത്. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സുന്ദരന്റെ നേതൃത്വത്തിൽ വൈകിട്ട് 3.45ന് അനീഷിന്റെ വീട്ടിലെത്തിയ സംഘം സംഭവസമയത്ത് അനീഷിനോടൊപ്പമുണ്ടായിരുന്ന സഹോദരൻ അരുൺകുമാറിൽ നിന്നാണ് ആദ്യം മൊഴിയെടുത്തത്.

രണ്ടു മണിക്കൂറോളം ഇവിടെ ചെലവഴിച്ച സംഘം അനീഷിന്റെ കുടുംബത്തിൽ അരുൺകുമാറിന്റെ മൊഴി മാത്രമാണ് ആദ്യ ദിവസം രേഖപ്പെടുത്തിയത്. അനീഷിന്റെ ഭാര്യ ഹരിത, മാതാപിതാക്കൾ, മറ്റു സഹോദരങ്ങൾ എന്നിവരിൽനിന്ന് അടുത്ത ദിവസം മൊഴിയെടുക്കും. മൂന്നു മാസം മുമ്പാണ് അനീഷും ഹരിതയും വിവാഹിതരായത്. ഹരിതയുടെ അമ്മാവൻ ഇലമന്ദം കുമ്മാണി സുരേഷ് (45), ഹരിതയുടെ പിതാവ് പ്രഭുകുമാർ (43) എന്നിവർ ചേർന്ന് ഡിസംബർ 25ന്​ ഇലമന്ദം സ്കൂളിനു സമീപം റോഡിൽ അനീഷിനെ കുത്തിക്കൊലപ്പെടുത്തിയെന്നാണു കേസ്.

ആലത്തൂർ ഡിവൈഎസ്പി കെ.എം. ദേവസ്യയുടെ നേതൃത്വത്തിൽ കുഴൽമന്ദം പൊലീസാണ് കേസ് അന്വേഷിച്ചിരുന്നത്. അനീഷ് കൊല്ലപ്പെടുന്നതിനു മുൻപ് കുടുംബം നൽകിയ പരാതി പരിഗണിക്കുന്നതിൽ ലോക്കൽ പോലീസിനു വീഴ്ച സംഭവിച്ചതായി കാണിച്ച് ബന്ധുക്കൾ രംഗത്തെത്തിയതോടെ കേസ് ജില്ലാ ക്രൈംബ്രാഞ്ചിനു കൈമാറുകയായിരുന്നു. കൊലപാതകവുമായി ബന്ധപ്പെട്ട് കുഴൽമന്ദം പോലീസ് കണ്ടെടുത്ത ആയുധങ്ങൾ, വസ്ത്രങ്ങൾ, മറ്റു തൊണ്ടിവസ്തുക്കൾ എന്നിവ വരുംദിവസങ്ങളിൽ ഫൊറൻസിക് പരിശോധനയ്ക്ക് അയച്ചേക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com