ADVERTISEMENT

ഷൊർണൂർ∙ ഒരാളെ നായ കടിച്ചാൽ ഷൊർണൂരിൽ മരുന്നില്ല. എന്നാൽ, കൂട്ടത്തിൽ നാലു പേർ കൂടി ചേർന്ന് കടിയേറ്റവരുടെ എണ്ണം അഞ്ചായാൽ പേവിഷ പ്രതിരോധ കുത്തിവയ്പ് റെഡി! ഷൊർണൂർ ഗവ.ആശുപത്രിയിലാണ് ഇൗ സ്ഥിതി. കടി ഉച്ചയ്ക്ക് മുൻപ് ഏൽക്കുകയും വേണം. ഉച്ച കഴിഞ്ഞാൽ പിന്നെ പേവിഷ ചികിത്സയില്ല.നായ കടിയേൽക്കുന്നവരെ വിചിത്ര വാദങ്ങളുയർത്തി തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു പറഞ്ഞയയ്ക്കുന്നതിനെതിരെ ബിജെപിയുടെ നേതൃത്വത്തിൽ ഷൊർണൂർ ഗവ.ആശുപത്രിയിൽ പ്രതിഷേധം നടത്തി.

ഒരു വാക്സീൻ വയൽ 5 കുത്തിവയ്പുകൾക്ക് ഉള്ളതാണെന്ന ന്യായീകരണമാണ് ആശുപത്രിയിൽ നിന്നു ലഭിച്ചതെന്നു നേതാക്കൾ പറഞ്ഞു. ബാക്കിയാകുന്നത് ഉപയോഗ ശൂന്യമാകുമെന്നാണു വിശദീകരണം. പേവിഷ വാക്സീന് നിബന്ധന വയ്ക്കരുതെന്നും ഏതു സമയത്തും ചികിത്സ നൽകണമെന്നും ആവശ്യപ്പെട്ടായിരുന്നു സമരം. പ്രവർത്തകർ ഡോക്ടറെ ഉപരോധിച്ചു. യുവമോർച്ച സംസ്ഥാന ഉപാധ്യക്ഷനും ബിജെപി നഗരസഭ കക്ഷി നേതാവുമായ  ഇ.പി.നന്ദകുമാർ, മണ്ഡലം സെക്രട്ടറിയും നഗരസഭാ കൗൺസിലറുമായ കെ.പ്രസാദ്, കെ.നാരായണൻ, ആർ.രഞ്ജിത്,  കെ.ശ്രീജിത്, ലേഖ  രമേഷ്,  കെ.ആർ.അശ്വതി തുടങ്ങിയവർ പങ്കെടുത്തു.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com