ADVERTISEMENT

പാലക്കാട് ∙ ‘ഡിസംബർ 25ന് അനീഷേട്ടൻ പോയിട്ടു മൂന്നു വർഷമാകും. ഇപ്പോഴും ഒറ്റയ്ക്കു പുറത്തിറങ്ങാൻ എനിക്കു പേടിയാണ്, എന്റെ ഭർത്താവിനെ ഇല്ലാതാക്കിയ പോലെ എന്നെയും ചിലപ്പോൾ..’ വാക്കുകൾ പൂർത്തിയാക്കാൻ ഹരിതയ്ക്കു കഴിയുന്നില്ല. കേരളത്തെ നടുക്കിയ തേങ്കുറുശ്ശി ദുരഭിമാനക്കൊലയിൽ ജീവൻ നഷ്ടമായ അനീഷിന്റെ ഭാര്യ ഹരിത ഇപ്പോൾ നിയമ പോരാട്ടത്തിലാണ്; ഇനി ദുരഭിമാനക്കൊലകൾ നാട്ടിലുണ്ടാകരുതെന്ന പ്രാർഥനയിലും.

haritha-aneesh-family-1

തേങ്കുറുശ്ശി ഇലമന്ദം കുമ്മാണിയിലെ ഹരിതയെ പ്രണയിച്ചു വിവാഹം കഴിച്ച അനീഷിനെ 2020 ഡിസംബർ 25ന് വൈകിട്ട് മാനാംകുളമ്പിനു സമീപത്തുവച്ചാണ് വെട്ടിയും കുത്തിയും കൊലപ്പെടുത്തിയത്. ഹരിതയുടെ പിതാവ് തേങ്കുറുശ്ശി കുമ്മാണി പ്രഭുകുമാർ (43), അമ്മാവൻ കെ.സുരേഷ്കുമാർ (45) എന്നിവരെ പ്രതികളാക്കി ക്രൈം ബ്രാഞ്ച് ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കേ‍ാടതിയിൽ കുറ്റപത്രം നൽകി. സാമ്പത്തികമായി ഉയർന്ന കുടുംബത്തിൽപെട്ട ഹരിതയെ സാമ്പത്തികമായി താഴ്ന്ന, ഇതര ജാതിയിൽപെട്ട അനീഷ് വിവാഹം ചെയ്തതിന്റെ വൈരാഗ്യമാണു കൊലപാതകത്തിലേക്കു നയിച്ചതെന്നു കുറ്റപത്രത്തിൽ വ്യക്തമാക്കിയിരുന്നു. കേസിന്റെ വിചാരണ അവസാനഘട്ടത്തിലാണ്. സ്വന്തം അച്ഛനും അമ്മാവനുമെതിരെ കോടതിയിൽ ധൈര്യത്തോടെ ഹരിത മൊഴി നൽകി. മൂന്നു വർഷമായി ഹരിത അനീഷിന്റെ വീട്ടിലാണു താമസിക്കുന്നത്. സ്വന്തം മകളെപ്പോലെയാണ് ഇവർ തന്നെ പരിഗണിക്കുന്നതെന്നു ഹരിത പറഞ്ഞു.

അനീഷ് കൊല്ലപ്പെടുമ്പോൾ ഹരിത ബിബിഎ വിദ്യാർഥിയായിരുന്നു. കൊലപാതകവുമായി ബന്ധപ്പെട്ട മാനസിക സമ്മർദത്തിലായതോടെ ചില പരീക്ഷകൾ നന്നായി എഴുതാൻ കഴിഞ്ഞില്ല. പരീക്ഷ എഴുതിയ ജയിച്ചു ബിബിഎ പൂർത്തിയാക്കി എംബിഎ ചെയ്യണമെന്നാണ് ആഗ്രഹം. സർക്കാർ ജോലിയും വലിയ സ്വപ്നമാണ്. നാടിനെ നടുക്കിയ ദുരഭിമാനക്കൊലയുടെ ഇരയെന്ന നിലയിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നു 10 ലക്ഷം രൂപ അനുവദിച്ചു. ഈ പണം ഉപയോഗിച്ചു മൂന്നു സെന്റ് ഭൂമി ഹരിതയുടെ പേരിൽ വാങ്ങിയിട്ടുണ്ട്. ഹരിതയെ വീട്ടിൽ ഒറ്റയ്ക്കു നിർത്താൻ കഴിയില്ലെന്നതിനാൽ അനീഷിന്റെ അച്ഛൻ ആറുമുഖനും അമ്മ രാധയ്ക്കും ഇപ്പോൾ പണിക്കു പോകാൻ കഴിയില്ല. അനീഷിന്റെ സഹോദരങ്ങളുടെ വരുമാനത്തിലാണു വീടു കഴിയുന്നത്. സർക്കാർ നൽകിയ ഭൂമിയിൽ അടച്ചുറപ്പുള്ളൊരു വീട് ഹരിതയുടെ സ്വപ്നമാണ്. സർക്കാരോ സുമനസ്സുകളോ ഇതിനു തയാറാകുമെന്ന പ്രതീക്ഷയിലാണിവർ.

English Summary:

Anish's wife Haritha is currently in a legal battle

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com