ADVERTISEMENT

പാലക്കാട് ∙ ഇതുപോലൊരു തിരഞ്ഞെടുപ്പ് അടുത്ത കാലത്തൊന്നും ഉണ്ടായിട്ടില്ല. തിരഞ്ഞെടുപ്പ് എന്നാണെന്ന സൂചന പോലുമില്ല, എപ്പോഴാണു പ്രഖ്യാപനമെന്നും അറിയില്ല. എങ്കിലും, സ്ഥാനാർഥികൾ വോട്ടു ചോദിച്ചു സജീവമാണ്. വോട്ടെടുപ്പ് നടക്കുന്ന ദിനം വരെ ഈ ആവേശം നിലനിർത്തിപ്പോകണമെന്നതാണു വെല്ലുവിളി. പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർഥി വി.കെ.ശ്രീകണ്ഠൻ എംപി ഔദ്യോഗികമായി തിരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങിയിട്ടില്ല. ചുവരെഴുത്തും ഫ്ലെക്സുമൊക്കെ ഉണ്ടെങ്കിലും തിങ്കളാഴ്ച തിരഞ്ഞെടുപ്പു കൺവൻഷനു ശേഷമാകും മണ്ഡലപര്യടനം ഉൾപ്പെടെ തീരുമാനിക്കുക. ദിവസവും ഏഴും എട്ടും ഉദ്ഘാടന പരിപാടികളുണ്ട് എംപിക്ക്. കൂടുതൽ സ്കൂൾ വാർഷികം. അവിടെയൊന്നും രാഷ്ട്രീയം പറയാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ടെന്ന് എംപി പറയുന്നു.

എൽഡിഎഫ് സ്ഥാനാർഥി എ.വിജയരാഘവന്റെ തിര‍ഞ്ഞെടുപ്പ് പ്രവർത്തനം എണ്ണയിട്ട യന്ത്രം പോലെ മുന്നോട്ടു പോകുന്നു. ലോക്സഭാ മണ്ഡലംതല തിരഞ്ഞെടുപ്പു കൺവൻഷനു ശേഷം 3001 അംഗ സ്വാഗതസംഘം രൂപീകരിച്ചു. സിപിഐ ജില്ലാ സെക്രട്ടറി കെ.പി.സുരേഷ് രാജ് ചെയർമാനും മുൻ എംപി എൻ.എൻ.കൃഷ്ണദാസ് സെക്രട്ടറിയുമായ തിരഞ്ഞെടുപ്പു കമ്മിറ്റിയാണു രൂപീകരിച്ചത്. പ്രാദേശികമായി നടക്കുന്ന റോഡ് ഷോകളിൽ നല്ല ആവേശമുണ്ട്.

ബിജെപി സ്ഥാനാർഥി സി.കൃഷ്ണകുമാർ വേറിട്ട രീതിയിലാണ് ഇത്തവണ പ്രചാരണം. ശ്രദ്ധേയമായ വിഡിയോകളും പോസ്റ്ററുകളും സജീവമാണ്. ജില്ലയിലെ വിവിധ മേഖലകളുടെ വികസനപ്രശ്നങ്ങൾ അവതരിപ്പിച്ചുകൊണ്ട് കൃഷ്ണകുമാറിന്റെ ‘സൈക്കിൾയാത്ര ’ ആഴ്ചകൾക്കു മുൻപേ ആരംഭിച്ചു. ഇതുവരെയുള്ള ഡിജിറ്റൽ പ്രചാരണത്തിൽ ബിജെപി ഒരുപടി മുന്നിലാണ്.

ആലത്തൂർ ലോക്സഭ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി രമ്യ ഹരിദാസ് ചിറ്റൂരിലെ മുൻ എംഎൽഎ കെ.അച്യുതന്റെ വീട്ടിലെത്തി പ്രചാരണ പരിപാടികൾക്കു തുടക്കം കുറിച്ചപ്പോൾ.
ആലത്തൂർ ലോക്സഭ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി രമ്യ ഹരിദാസ് ചിറ്റൂരിലെ മുൻ എംഎൽഎ കെ.അച്യുതന്റെ വീട്ടിലെത്തി പ്രചാരണ പരിപാടികൾക്കു തുടക്കം കുറിച്ചപ്പോൾ.

ആലത്തൂരിലെ യുഡിഎഫ് സ്ഥാനാർഥി രമ്യ ഹരിദാസിന്റെ പ്രചാരണ പരിപാടികൾക്കു ചിറ്റൂരിൽ ആവേശകരമായ തുടക്കമായി. കന്നിയങ്കത്തിൽ രമ്യ പ്രചാരണ പരിപാടികൾക്കു തുടക്കം കുറിച്ച മുതിർന്ന കോൺഗ്രസ് നേതാവ് കെ.അച്യുതന്റെ അനുഗ്രഹം തേടിയാണ് രണ്ടാം തവണയും ജനവിധി തേടാനൊരുങ്ങുന്നത്. ഇത്തവണയും വൻ വിജയം നേടുമെന്നു വികാരാധീനനായി കെ.അച്യുതൻ പറഞ്ഞു. ശേഷം പ്രവർത്തകരുമൊത്ത് ചിറ്റൂർകാവിലും ശിവക്ഷേത്രത്തിലും ദർശനം നടത്തി. 

കെ.രാധാകൃഷ്ണനും ജില്ലയിലെ പ്രചാരണം ചിറ്റൂരിൽ നിന്നാണ് ആരംഭിച്ചത്. മന്ത്രി എന്ന നിലയിലുള്ള ഉദ്ഘാടന പരിപാടികളിലും അദ്ദേഹം സജീവമാണ്. നിയമസഭാ മണ്ഡലം തിരിച്ചുള്ള പ്രചാരണപരിപാടികൾ ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. നേരിൽ ചെന്നുള്ള വോട്ടു ചോദിക്കലിനു മുന്നോടിയായി റോഡ് ഷോകളാണ് ഇപ്പോൾ സജീവം. ആലത്തൂരിൽ എൻഡിഎ സ്ഥാനാർഥിയെ ഇതുവരെ തീരുമാനിച്ചിട്ടില്ല. കഴിഞ്ഞ തവണ ബിഡിജെഎസ് മത്സരിച്ച മണ്ഡലം ഇത്തവണ ബിജെപി ഏറ്റെടുക്കാനാണു സാധ്യത.

യുഡിഎഫ് കൺവൻഷൻ നാളെ
പാലക്കാട്‌ ∙ ലോക്സഭാ നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാർഥി വി.കെ.ശ്രീകണ്ഠന്റെ തിരഞ്ഞെടുപ്പ് പ്രവർത്തക കൺവൻഷൻ നാളെ വൈകിട്ട് 4നു പാലക്കാട്‌ സ്റ്റേഡിയം ബസ് സ്റ്റാൻഡിനു സമീപം നടത്തും. പ്രതിപക്ഷ ഉപനേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. യൂത്ത് കോൺഗ്രസ്‌ സംസ്ഥാന പ്രസിഡന്റ്‌ രാഹുൽ മാങ്കൂട്ടത്തിൽ മുഖ്യപ്രഭാഷണം നടത്തും. ഷാഫി പറമ്പിൽ എംഎൽഎ, എൻ.ഷംസുദ്ദീൻ എംഎൽഎ, ഡിസിസി പ്രസിഡന്റ്‌ എ.തങ്കപ്പൻ തുടങ്ങിയവർ പങ്കെടുക്കുമെന്നു ജില്ലാ ചെയർമാൻ മരയ്ക്കാർ മാരായമംഗലം, കൺവീനർ പി.ബാലഗോപാൽ എന്നിവർ അറിയിച്ചു.

palakkad-ponnani-lok-sabha-sonstituency-election-campaignaing

തൃത്താലയിൽ പ്രചാരണച്ചൂട്
തൃത്താല ∙ പൊന്നാനി ലോക്സഭാ മണ്ഡലത്തിൽ ഉൾപ്പെട്ട തൃത്താലയിൽ മൂന്നു മുന്നണികളും പ്രചാരണം തുടങ്ങി. സ്ഥാനാർഥികൾക്കു വേണ്ടി ചുവരെഴുത്തുകളും സജീവമാണ്. പ്രധാന ടൗണുകളിൽ സ്ഥാനാർഥികളുടെ ചിത്രങ്ങളുയർന്നു. യുഡിഎഫ് സ്ഥാനാർഥി എം.പി.അബ്ദു സമദ് സമദാനി തൃത്താലയിൽ ഒന്നാം ഘട്ട പ്രചാരണം പൂർത്തിയാക്കി. കഴിഞ്ഞ ദിവസങ്ങളിൽ മണ്ഡലത്തിലെ പ്രധാന വോട്ടർമാരെ നേരിൽ കണ്ട് വോട്ടഭ്യർഥിച്ചു. റോഡ് ഷോ, കൺവൻഷൻ എന്നിവയിലും അദ്ദേഹം പങ്കെടുത്തു.

എൽഡിഎഫ് സ്ഥാനാർഥി കെ.എസ്.ഹംസ തൃത്താലയിൽ പര്യടനം തുടങ്ങി. മണ്ഡലത്തിലെ പ്രധാന കുടുംബങ്ങളിൽ സന്ദർശനം നടത്തി. ഇന്ന് ഉച്ചവരെ തൃത്താല മണ്ഡലത്തിലെ വിവിധയിടങ്ങളിൽ നടത്തും.    

കഴിഞ്ഞ ദിവസം തൃത്താലയിലെത്തിയ പൊന്നാനി ലോക്സഭാ മണ്ഡലം എൻഡിഎ സ്ഥാനാർഥി നിവേദിത സുബ്രഹ്മണ്യനു ബിജെപി കമ്മിറ്റി ഓഫിസുകളിൽ സ്വീകരണം നൽകി. മണ്ഡലത്തിലെ പ്രമുഖരെ സന്ദർശിച്ചു. 14ന് മണ്ഡലത്തിൽ വിവിധ സ്ഥലങ്ങളിൽ പ്രചാരണം നടത്തും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com